lockdown

 നിയന്ത്രണങ്ങൾ നഗരസഭാ പരിധിയിൽ.

 പൊതുഗതാഗതം ഇല്ല.

 സർക്കാർ ഓഫീസുകൾ തുറക്കില്ല.

 സ്വകാര്യ സ്ഥാപനങ്ങൾ തുറക്കരുത്.

 അവശ്യസാധനങ്ങൾ പൊലീസ് വീട്ടിലെത്തിക്കും.

 മെഡിക്കൽ സ്റ്റോറിൽ പോകാൻ സത്യവാങ്മൂലം.

 വീടിനു പുറത്തിറങ്ങരുത്.

 അപ്രതീക്ഷിത പ്രഖ്യാപനം ഇന്നലെ രാത്രിയോടെ.

 അവശ്യവസ്തുക്കൾ കരുതാൻ പോലും സാവകാശം ലഭിച്ചില്ല

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ തലസ്ഥാന നഗരത്തിൽ ഒരാഴ്ചത്തേക്ക് അതികർശന നിയന്ത്രണങ്ങളോടെ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇന്നു രാവിലെ ആറു മുതൽ ഏഴു ദിവസത്തേക്ക് നഗരപരിധിയിലേക്ക് അവശ്യസർവീസുകൾക്കു മാത്രമാണ് പ്രവേശനം. പൊതുഗതാഗതം ഉണ്ടാകില്ല. സെക്രട്ടേറിയറ്റും സർക്കാർ ഓഫീസുകളും പ്രവർത്തിക്കില്ല. ആശുപത്രികൾ തുറക്കും. മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കുമെങ്കിലും ആളുകൾ സത്യവാങ്മൂലം നൽകിയെങ്കിലേ പോകാൻ അനുവദിക്കൂ.

അവശ്യവസ്‌തുക്കൾ വില്‌ക്കുന്ന കടകൾ തുറക്കാൻ അനുമതിയുണ്ടെങ്കിലും ജനങ്ങൾക്ക് നേരിട്ടു പോയി സാധനങ്ങൾ വാങ്ങാൻ അനുമതിയില്ല. അവശ്യവസ്തുക്കൾ വീടുകളിലെത്തിക്കാൻ പൊലീസ് സേവനം ലഭിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ച സമ്പൂർണ അടച്ചിടൽ തലസ്ഥാന നഗരത്തെ ഇന്നലെ വൈകിട്ടു തന്നെ നിശ്ചലമാക്കി. കടകൾ നിർബന്ധപൂർവം അടപ്പിക്കുകയും പെട്രോൾ പമ്പുകൾ കൂടി അടയ്‌ക്കുകയും ചെയ്തതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. പാൽ ഉൾപ്പെടെ അവശ്യസാധനങ്ങൾ കരുതാൻ പോലും സാവകാശം അനുവദിക്കാതെയായിയിരുന്നു അപ്രതീക്ഷിത ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപനം.

നഗരസഭാ പരിധിയിലെ മുഴുവൻ പ്രദേശങ്ങൾക്കും നിയന്ത്രണം ബാധകമാണ്. മണക്കാട്, പൂന്തുറ മേഖലയിൽ രോഗം വ്യാപിക്കുകയും ഉറവിടം തിരിച്ചറിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്നലെ രാത്രി എട്ടരയോടെ മുഖ്യന്ത്രിയുടെ നേതൃത്വത്തിൽ സ്ഥിതിഗതി വിലയിരുത്തി അടിയന്തര ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 27 പേരിൽ 22 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ രണ്ടു വയസുകാരനും ഉൾപ്പെടുന്നു. അതേസമയം,​ തിരുവനന്തപുരത്ത് സമൂഹവ്യാപനം ഉള്ളതായി സർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഉറവിടമറിയാത്ത രോഗബാധിതരിൽ രണ്ട് മീൻകച്ചടവടക്കാർ, രണ്ട് മത്സ്യത്തൊഴിലാളികൾ,​ ചുമട്ടുതൊഴിലാളി, സ്വകാര്യ ആശുപത്രി ഫാർമസിസ്റ്റ്, നഴ്സ്, നഴ്സറി സ്കൂൾ,​ അദ്ധ്യാപിക, മിൽമ ബൂത്ത് നടത്തുന്നയാൾ,​ ചായക്കടക്കാരൻ എന്നിവർ ഉൾപ്പെടുന്നു.

ഇവരിൽ നിന്ന് പലർക്കും രോഗം പകർന്നിരിക്കാനിടയുണ്ട്. കുമരിച്ചന്തയിലെ മത്സ്യ വില്പനക്കാരനായ പൂന്തൂറ സ്വദേശിയിൽ നിന്ന് പത്തു പേർക്കാണ് രോഗം ബാധിച്ചത്. ഇയാൾ ഉൾപ്പെടെ ജില്ലയിൽ ചികിത്സയിലുല്ളവർ 130 ആയി.

നിയന്ത്രണങ്ങൾ

# നഗരത്തിലേക്കുള്ള വഴികൾ പൂർണമായും അടച്ചു.

# ആശുപത്രി ആവശ്യങ്ങൾക്ക് ഒരുവഴി മാത്രം

# വീടുകളിൽ നിന്ന് ആരും പുറത്തിറങ്ങരുത്.

# സ്വകാര്യവാഹനങ്ങൾക്ക് കടുത്ത നിയന്ത്രണം

# കോടതികളിൽ കേസുകൾ പരിഗണിക്കില്ല

# പൊലീസ് ആസ്ഥാനം പ്രവർത്തിക്കും.

അവശ്യസാധനങ്ങൾക്ക്

# ബേക്കറി, ഹോട്ടൽ,പലവ്യഞ്ജനകടകൾ എന്നിവ തുറക്കാം. പക്ഷേ, ജനങ്ങൾ പോകരുത്. സാധനങ്ങൾ വേണ്ടവർ പൊലീസിനെ അറിയിച്ചാൽ വീട്ടിലെത്തിക്കും. പൊലീസ് സേവനത്തിന് പ്രത്യേക നമ്പർ പ്രസിദ്ധീകരിക്കും.

ഇളവ്

# ആരോഗ്യപ്രവർത്തകർ, മെഡിക്കൽ സ്ഥാപനങ്ങൾ, പത്രം, പാൽ വിതരണം,​ മാദ്ധ്യമങ്ങൾ തുടങ്ങിയ അവശ്യസർവീസുകൾക്ക് ഇളവ്

മുഖ്യമന്ത്രിയുടെ

ഒാഫീസ് വീട്ടിൽ

മുഖ്യമന്ത്രിയുടെ ഒാഫീസ് ഒരാഴ്ചക്കാലം ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിൽ.