dhoni-special

ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ മൂന്ന് പ്രധാന ടൂർണമെന്റുകളിലും കിരീടം നേടിയ ഏക ഇന്ത്യൻ ക്യാപ്ടനാണ് ധോണി. 2007 ട്വന്റി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ചാമ്പ്യൻസ് ട്രോഫി എന്നിവയിലായിരുന്നു ഐ.സി.സി. കിരീടങ്ങൾ.

കൂടാതെ നിരവധി ടൂർണമെന്റുകളിലും ഉഭയകക്ഷി പരമ്പരകളിലും ധോണി ഇന്ത്യയെ കിരീട വിജയത്തിലേക്ക് നയിച്ചു. 2008 ൽ ബോർഡർ ഗവാസ്കർ ട്രോഫിയിലായിരുന്നു ക്യാപ്ടനെന്ന നിലയിലെ ധോണിയുടെ ടെസ്റ്റ് അരങ്ങേറ്റം. അവസാന ടെസ്റ്റിലാണ് കുംബ്ളെയിൽനിന്ന് ധോണി നായകത്വം ഏറ്റെടുത്തതെങ്കിലും പരമ്പര 2-0 ത്തിന് ഇന്ത്യ വിജയിച്ചിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സിനെ മൂന്ന് ഐ.പി.എൽ കിരീടങ്ങളിലേക്കും രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലേക്കും നയിച്ചു. ധോണി ഇന്ത്യയ്ക്ക് നേടിത്തന്ന പ്രധാന കിരീടങ്ങൾ ഇവയാണ്.

2007

ഐ.സി.സി ട്വന്റി 20 ലോകകപ്പ്

ചരിത്രത്തിലാദ്യമായി നടന്ന ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയെ നയിക്കാനായി തിരഞ്ഞെടുക്കപ്പെട്ടത് ധോണിയാണ്. ധോണി പോലും ഇൗ സ്ഥാനം പ്രതീക്ഷിച്ചിരുന്നില്ല. സ്കോട്ട്ലാൻഡിനെതിരെയായിരുന്നു ക്യാപ്ടനായി ധോണിയുടെ അരങ്ങേറ്റം. എന്നാൽ ഇൗ മത്സരം മഴയെടുത്തു. അടുത്ത മത്സരത്തിൽ സ്കോറുകൾ തുല്യനിലയിൽ വന്നതോടെ പാകിസ്ഥാനെ അന്ന് വരെ പരീക്ഷിച്ചിട്ടില്ലാത്ത ബൗൾ ഒൗട്ടിലൂടെ തോൽപ്പിച്ച് സൂപ്പർ എട്ടിൽ.

സൂപ്പർ എട്ടിൽ ഗൗതം ഗംഭീറിന്റെയും ഹർഭജൻ സിംഗിന്റെയും മികവിൽ കിവീസിനെതിരെ 10 റൺസ് വിജയം. യുവ്‌രാജ് സിംഗ് സിക്സുകൊണ്ട് ആറാട്ട് നടത്തിയ മത്സരത്തിൽ ഇംഗ്ളണ്ടിനെ 18 റൺസിന് തോൽപ്പിച്ചു. രോഹിത് ശർമ്മയും (50), ആർ.പി.സിംഗും (13/4) മിന്നിത്തിളങ്ങിയപ്പോൾ ദക്ഷിണാഫ്രിക്കയെ 37 റൺസിന് കീഴടക്കി സെമിയിലേക്ക്.

സെമിയിൽ ഒാസീസിനെതിരെ യുവ്‌രാജ് സിംഗ് 30 പന്തിൽ 70 റൺസടിച്ച് ഇന്ത്യയെ 188/5 ലെത്തിച്ചു. ആസ്ട്രേലിയ 173/7 എന്ന സ്കോറിലൊതുങ്ങിയപ്പോൾ ശ്രീശാന്ത് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യൻ ജയം 15 റൺസിന്.

ഫൈനലിൽ എതിരാളി പാകിസ്ഥാൻ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഗംഭീറിന്റെ (54 പന്തിൽ 75) മികവിൽ 157/5 എന്ന സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ പാകിസ്ഥാൻ 152/3ൽ ആൾ ഒൗട്ടായി. ജയിക്കാൻ പാകിസ്ഥാന് 13 റൺസ് വേണ്ടിയിരുന്ന അവസാന ഒാവറിൽ ധോണി പന്തേൽപ്പിച്ചത് ജോഗീന്ദറിനെ. ആദ്യപന്ത് വൈഡ്. രണ്ടാം പന്തിൽ സിക്സ് എന്നാൽ മൂന്നാംപന്തിൽ മിസ്ബയുടെ കണക്ക് കൂട്ടലുകൾ തെറ്റി. സ്കൂപ്പ് ഷോട്ടിന് ശ്രമിച്ച മിസ്ബയുടെ ബാറ്റിൽ തട്ടി പന്ത് ഷോർട്ട് ഫൈൻ ലെഗിൽ ഉയർന്നുപൊങ്ങിയപ്പോൾ ശ്രീശാന്തിനെ അവിടേക്ക് മാറ്റിനിറുത്തിയിരുന്ന ധോണിയുടെ കണക്കുകൾ വിജയിക്കുകയായിരുന്നു.

ടൂർണമെന്റിലെ 7 മത്സരങ്ങളിൽ നിന്ന്ധോണി നേടിയത് 154 റൺസ്. ഉയർന്ന സ്കോർ 45. 13 ഫോർ 3 സിക്സ് ഒരു ക്യാച്ച് മാത്രമാണ് ഇൗ ടൂർണമെന്റിൽ വിക്കറ്റ് കീപ്പറായി ധോണി നേടിയതെന്ന കൗതുകവുമുണ്ട്.

2011 ലോകകപ്പ്

അഞ്ചുതവണ ലോകകപ്പിൽ കളിച്ചിട്ടും ഒരിക്കൽപോലും കിരീടമണിയാൻ കഴിയാത്ത സച്ചിന്റെ സ്വപ്നത്തിന് സാഫല്യമേകിയ ആറാംവട്ടമായിരുന്നു. 2011 ലെ ലോകകപ്പ് . അതിനകം ക്യാപ്ടനെന്ന നിലയിൽ പേരും പ്രശംസിയും നേടിയിരുന്ന ധോണിയുടെ തൊപ്പിയിലെ പൊൻതൂവലായിരുന്നു വാങ്കഡെ സ്റ്റേഡിയത്തിൽ ഉയർത്തിയ കിരീടം.

സച്ചിനെകൂടാതെ വിരേന്ദർ സെവാഗ്, ഗൗതം ഗംഭീർ, യുവ്‌രാജ് സിംഗ്, വിരാട് കൊഹ്‌ലി, സുരേഷ് റെയ്ന, സഹീർ ഖാൻ, ശ്രീശാന്ത്, ഹർഭജൻ സിംഗ് തുടങ്ങിയ മികച്ച താരനിരയുമായാണ് ധോണി നയിച്ച ഇന്ത്യ ഇറങ്ങിയത്.

ആദ്യമത്സരത്തിൽ വീരുവിന്റെ സെഞ്ച്വറിയുടെ അകമ്പടിയോടെ ബംഗ്ളാദേശിനെ 87 റൺസിന് തോൽപ്പിച്ചു. തുടർന്ന് ഇംഗ്ളണ്ടുമായി ചെന്നൈയിൽ ടൈ. അയർലാൻഡിനെയും നെതർലാൻഡിനെയും തോൽപ്പിച്ച് ആത്മവിശ്വാസം വീണ്ടെടുത്ത ഇന്ത്യ പക്ഷേ അടുത്ത കളിയിൽ ദക്ഷിണാഫ്രിക്കയോട് തോറ്റു. ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ആസ്ട്രേലിയയ്ക്ക് എതിരെ വിജയം 80 റൺസിന്.

ക്വാർട്ടർ ഫൈനലിൽ എതിരാളികൾ ആസ്ട്രേലിയ ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത അവർ 260/6 എന്ന സ്കോർ ഉയർത്തിയപ്പോൾ ഇന്ത്യ 14 പന്ത് ബാക്കിനിൽക്കെ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു.

മൊഹാലിയിൽ മൻമോഹൻ സിംഗും നവാസ് ഷെരീഫും കളി കാണാനെത്തിയ സെമിഫൈനലിൽ പാകിസ്ഥാനെ പറപ്പിച്ച് ഇന്ത്യ ഫൈനലിലേക്ക് കടന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സച്ചിൻ (85), വീരു '(38), റെയ്ന (36), ധോണി (25) എന്നിവരുടെ മികവിൽ 260/9 എന്ന സ്കോറിലെത്തി. മറുപടിക്കിറങ്ങിയ പാകിസ്ഥാൻ അവസാന ഒാവറിൽ ഒരു പന്ത് ശേഷിക്കവേ 231 റൺസിന് ആൾഒൗട്ടായി. സഹീറും നെഹ്‌റയും മുനാഫും ഹർഭജനും യുവ്‌രാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സച്ചിനായിരുന്നു മാൻ ഒഫ് ദ മാച്ച്.

വാങ്കഡെയിലെ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ലങ്ക 274/6 എന്ന സ്കോർ ഉയർത്തിയപ്പോൾ മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് സെവാഗിനെയും (0) സച്ചിനെയും 31 റൺസെടുക്കുന്നതിനിടെ നഷ്ടമായി തുടർന്ന് ഗംഭീർ (97), കൊഹ്‌ലി (35), ധോണി (91 നോട്ടൗട്ട്), യുവ്‌രാജ്(21 നോട്ടൗട്ട്) എന്നിവർ ചേർന്ന് 48.2-ാം ഒാവറിൽ വിജയത്തിലെത്തിച്ചു. ധോണി ഫൈനലിലെ മാൻ ഒഫ് ദ മാച്ചായപ്പോൾ യുവ്‌രാജ് പ്ളെയർ ഒഫ് ദ ടൂർണമെന്റായി.

9 മത്സരങ്ങളിൽനിന്ന് 244 റൺസാണ് ധോണി ഇൗ ലോകകപ്പിൽ നേടിയത്. ഒരേയൊരു അർദ്ധ സെഞ്ച്വറി (ഫൈനലിലെ 91 നോട്ടൗട്ട്) 19 ഫോറുകൾ, മൂന്ന് സിക്സുകൾ, ഏഴ് ക്യാച്ചുകളും മൂന്ന് സ്റ്റംപിംഗുമടക്കം 10 പേരെ പുറത്താക്കുന്നതിൽ പങ്കാളിയായി.

2013 ഐ.സി.സി ചാമ്പ്യൻസ് ട്രോഫി

ഗ്രൂപ്പ് ബിയിൽ ദക്ഷിണാഫ്രിക്കയെ 26 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. തുടർന്ന് വിൻഡീസിനെയും പാകിസ്ഥാനെയും എട്ട് വിക്കറ്റിന് തോൽപ്പിച്ച് സെമിയിലെത്തി. സെമിയിൽ ശ്രീലങ്കയെ തോൽപ്പിച്ചതും എട്ട് വിക്കറ്റിന്.

ഫൈനലിൽ ആതിഥേയരായ ഇംഗ്ളണ്ടും കനത്ത മഴയുമായിരുന്നു എതിരാളികൾ. 20 ഒാവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 129/7 എന്ന സ്കോർ ഉയർത്തി ഇംഗ്ളണ്ട് 124/8 എന്ന സ്കോറിൽ ഒതുങ്ങി.

തുടർച്ചയായ രണ്ട് സെഞ്ച്വറികളും ഒരു അർദ്ധ സെഞ്ച്വറിയുമായി അഞ്ച് മത്സരങ്ങളിൽ 363റൺസ് അടിച്ചുകൂട്ടിയ ശിഖർ ധവാൻ പ്ളേയർ ഒഫ് ദ ടൂർണമെന്റായി.

ബാറ്റ്സ്മാനെന്ന നിലയിൽ ധോണിക്ക് ചാമ്പ്യൻസ് ട്രോഫിയിൽ കാര്യമായി ഒന്നും ചെയ്യാനില്ല. എന്നാൽ അഞ്ച് ക്യാച്ചും നാല് സ്റ്റംപിംഗുമടക്കം ഒൻപത് പേരെ പുറത്താക്കുന്നതിൽ പങ്കാളിയായി.

ധോണിയുടെ മറ്റ് പ്രധാന

കിരീട വിജയങ്ങൾ

2007-08

ആസ്ട്രേലിയയിൽ നടന്ന കോമൺ വെൽത്ത് ബാങ്ക് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റ്

2010

ഏഷ്യാകപ്പ്

2008

ന്യൂസിലാൻഡ് പര്യടനത്തിൽ ടെസ്റ്റ് പരമ്പര വിജയം

2010ൽ

വിൻഡീസിനെതിരെ ടെസ്റ്റ് പരമ്പര വിജയം

2013

ആസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ വിജയം

2016

ഏഷ്യാകപ്പ്

2010, 2011, 2018

സീസണുകളിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി ഐപി.എൽ കിരീടം

2010, 2014

വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് കിരീടം