ksrtc

തിരുവനന്തപുരം: നഗരസഭാ പരിധിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ കെ.എസ്.ആ‌ർ.ടി.സി ബസ് സർവീസുകളിൽ പുതിയ ക്രമീകരണം ഏർപ്പെടുത്തി. നഗര പരിധിക്കുള്ളിൽ പൊതുഗതാഗതം നിറുത്തിവയ്‌ക്കുന്നതിനാൽ പാപ്പനംകോട്, സിറ്റി, തിരു. സെൻട്രൽ, പേരൂർക്കട, വികാസ് ഭവൻ, വിഴിഞ്ഞം യൂണിറ്റുകളിൽ നിന്ന് സർവീസ് ഉണ്ടായിരിക്കുന്നതല്ല. എം.സി റോഡിൽ ഓർഡിനറി സർവീസുകൾ മരുതൂർ ജംഗ്ഷൻ വരെ സർവീസ് നടത്തും. മലയിൻകീഴ് പേയാട് റൂട്ടിൽ കുണ്ടമൺകടവ് വരെ സർവീസ് നടത്തും. മലയിൻകീഴ് പാപ്പനംകോട് റൂട്ടിൽ പാമാംകോട് വരെ യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ആവശ്യമെങ്കിൽ കാട്ടാക്കട യൂണിറ്റിൽ നിന്ന് സർവീസ് നടത്തും. തിരുവനന്തപുരം - കളിയിക്കാവിള റൂട്ടിൽ പ്രാവച്ചമ്പലം ജംഗ്ഷനിലെത്തി വലിയറത്തല റൂട്ടിലൂടെ തിരികെ പോകുന്ന വിധത്തിൽ സർവീസുകൾ ക്രമീകരിക്കും. പേരൂർക്കട നെടുമങ്ങാട് റൂട്ടിൽ ആറാം കല്ല് ജംഗ്ഷൻ വരെ സർവീസ് ക്രമീകരിക്കുന്നതാണ്. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ ഡ്യൂട്ടികൾക്ക് ആവശ്യമായ ജീവനക്കാരെ മുൻകൂട്ടി അറിയിച്ച് എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നിലവിൽ എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ ഡ്യൂട്ടികളുടെ ചുമതലയുള്ള യൂണിറ്റധികാരികൾ അവ കൃത്യമായി നിർവഹിക്കും. വിദേശരാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക സർവീസുകൾ നടത്തും. നഗരത്തിനുള്ളിലെ യൂണിറ്റുകളിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ആരോഗ്യ പ്രവർത്തകർക്കായി ജില്ലാ കളക്ടറേറ്റിൽ നിന്നും ആവശ്യപ്പെട്ടാൽ നിബന്ധനകൾക്ക് വിധേയമായി സർവീസുകൾ ക്രമീകരിക്കും.

ചീഫ് ഓഫീസടക്കം നഗര പരിധിയിലെ ഓഫിസുകളും പാപ്പനംകോട് സെൻട്രൽ വർക്ക്ഷോപ്പും ട്രിപ്പിൾ ലോക്ക് ഡൗൺ കാലത്തു പ്രവർത്തിക്കില്ല. എന്നാൽ സെക്യൂരിറ്റി, കൺട്രോൾറൂം, അവശ്യ സർവീസുകൾക്കായുള്ള ഡിപ്പോകളിലെ ടിക്കറ്റ് ആൻഡ് കാഷ് കൗണ്ടറുകൾ എന്നിവയ്ക്ക് ഈ നിയന്ത്രണം ബാധകമായിരിക്കില്ല.