പൂവാർ: പൊഴിയൂർ മുതൽ അടിമലത്തുറവരെയുള്ള പ്രദേശങ്ങൾ കൈയടക്കി തെരുവ് നായ്ക്കൾ. മാലിന്യം കുന്നുകൂടുന്നതാണ് നായ്ക്കളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. വീടുകളിൽ നിന്നും സ്ഥാപങ്ങളിൽ നിന്നും ഉപേക്ഷിക്കുന്ന മാലിന്യവും, പല സ്ഥലങ്ങളിൽ നിന്നായി കൊണ്ടുതള്ളുന്ന അറവ് മാലിന്യങ്ങളും ഇക്കൂട്ടത്തിൽ പെടും. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലാത്തതിനാലാണ് ഇത്രയളവിൽ മാലിന്യം കുന്നുകൂടുന്നതെന്ന് സാമൂഹ്യ പ്രവർത്തകൻ അടിമലത്തുറ ഡി. ക്രിസ്തുദാസ് പറഞ്ഞു. മൺസൂൺ കാലമായതിനാൽ തന്നെ കടലിലെ ശക്തമായ തിരയിളക്കത്തിൽ കടലിൽ ഉപേക്ഷിക്കപ്പെട്ട മാലിന്യങ്ങളും കരയ്ക്കടിയുന്നുണ്ട്. ഇതിൽ ഭക്ഷണമാക്കാൻ പറ്റിയ എന്തെങ്കിലും ഉണ്ടോയെന്ന് തെരഞ്ഞും നായ്ക്കൂട്ടങ്ങൾ ഇങ്ങോട്ട് എത്താറുണ്ട്. തീരത്ത് അലഞ്ഞ് തിരിയുന്ന നായ്ക്കൾ പൂവാർ തീരത്തെ നിലംപൊത്താറായ ആയോധന കലാകേന്ദ്രത്തിലാണ് വിശ്രമം. തെരുവ് നായ്ക്കൾ പ്രദേശവാസികളെ ആക്രമിക്കുന്നത് ഇവിടെ പതിവ് സംഭവമായി മാറിക്കഴിഞ്ഞു. ഇതിൽപ്പെടുന്നത് കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ആക്രമണത്തിന് ഇരയാകുന്നവരെ സമയബന്ധിതമായി രക്ഷിക്കാനുള്ള സൗകര്യവും ഇവിടെയില്ല. നായ്ക്കളുടെ കടിയേറ്റാൽ പ്രദേശവാസികളെ ആദ്യം എത്തിക്കുന്നത് പൊഴിയൂർ, പൂവാർ,പുല്ലുവിള, വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലാണ്. അതിനു ശേഷം തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ എത്തിയാണ് പ്രതിരോധ വാക്സിൻ എടുക്കുന്നത്. തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുമ്പോൾ ആരോഗ്യ വകുപ്പും ഗ്രാമ പഞ്ചായത്തുകളും മുൻകരുതലുകൾ സ്വീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
പകർച്ചവ്യാധി ഭീതിയിൽ തീരദേശം
മഴയിൽ ഒലിച്ചെത്തുന്ന മഴവെള്ളം താഴ്ന്ന പ്രദേശങ്ങളിൽ കെട്ടിക്കിടക്കാറുണ്ട്. ഇടയ്ക്കിടെ അവ പമ്പ് ചെയ്ത് മാറ്റുന്ന പ്രവൃത്തി പൂവാർ, വിഴിഞ്ഞം ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഇത്തരത്തിൽ ആഴ്ചകളോളം കെട്ടിക്കിടക്കുന്ന മലിനജലം പ്രദേശവാസികളിൽ പകർച്ചവ്യാധി ഭീതിയും ഉണ്ടാക്കുന്നുണ്ട്. കൂടാതെ മലിനജലത്തിൽ നിന്നും കൊതുകുകൾ മുട്ടയിട്ട് പെരുകുന്നുണ്ട്. അടുത്തിടെ അടിമലത്തുറയിൽ തീരം ചർച്ചാവേദിയുടെ നേതൃത്വത്തിലുള്ള വാട്സാപ്പ് ഗ്രൂപ്പ് 'വാർ ഓൺ വേസ്റ്റ് ' പ്രഖ്യാപിച്ചു കൊണ്ട് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കരുംകുളത്തും പൂവാറിലും ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.