കല്ലമ്പലം: കുട്ടിക്കാലം മുതലേ അറിയപ്പെടുന്ന ചിത്രകാരനാകണമെന്ന മോഹവുമായി ജീവിച്ച നാവായിക്കുളം സ്വദേശി ബിനുകുമാറിനെ ജീവിത സാഹചര്യങ്ങൾ കൊണ്ടെത്തിച്ചത് ഡ്രൈവർ ജോലിയിലാണ്. പക്ഷേ ലോക്ക് ഡൗൺ കാരണം ജോലിയില്ലാതായ സമയത്ത് ചിത്രരചനയെന്ന ജന്മവാസന പൊടിതട്ടിയെടുത്തപ്പോൾ ആ കൈകളിലൂടെ വിരിഞ്ഞത് ജീവൻ തുടിക്കുന്ന നിരവധി ചിത്രങ്ങൾ. പ്രമുഖരുടേതടക്കം നിരവധി ചിത്രങ്ങളാണ് ബിനുകുമാർ വരച്ചത്. ആരുടെ ചിത്രവും അനായാസം ഈ കൈകൾക്ക് വഴങ്ങും. കല്ലമ്പലം രാജകുമാരി ഗ്രൂപ്പ്സിൽ ഡ്രൈവറായ നാവായിക്കുളം വെട്ടിയറ കുന്നുവിള വീട്ടിൽ വിജയകുമാറിന്റെയും സരസ്വതിയുടെയും മകൻ ബിനുകുമാർ (31) മുൻപ് ജോലിക്കിടയിൽ കിട്ടുന്ന ഇടവേളകളിൽ തന്റെ പോക്കറ്റിൽ കരുതിയിരിക്കുന്ന പേപ്പറും പെൻസിലുമെടുത്ത് ചിത്രങ്ങൾ വരയ്ക്കുമായിരുന്നു. ചിലത് ഫേസ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്തതോടെ അടൂർ പ്രകാശ് എം.പി, അഡ്വ. വി. ജോയി.എം.എൽ.എ, വർക്കല കഹാർ, വാവ സുരേഷ് തുടങ്ങിയവർ തങ്ങളുടെ ചിത്രങ്ങൾ ബിനുകുമാറിൽ നിന്നും ഏറ്റുവാങ്ങുകയും അഭിനന്ദിക്കുകയുമുണ്ടായി. താൻ വരച്ച പിണറായി വിജയന്റെ ചിത്രം ഫേസ്ബുക്കിലൂടെ കണ്ട പലരും ഡ്രോയിംഗിനുവേണ്ട സാധനങ്ങൾ ബിനുകുമാറിനു വാങ്ങി നൽകി. ഇതിനോടകം നിരവധിപേർ ബിനുകുമാറിനെ സമീപിച്ച് സ്വന്തം ഫോട്ടോ വരപ്പിച്ച് ഫ്രെയിം ചെയ്ത് കൊണ്ടുപോകുകയും ചെയ്തു. സൗജന്യമായാണ് പലചിത്രങ്ങളും വരയ്ക്കുന്നത്. നിർദ്ധന കുടുംബത്തിൽ ജനിച്ച ബിനുകുമാറിന്റെ കലാവാസന പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക ചെലവ് വഹിക്കാനും ആരും തയ്യാറാകാതായതോടെയാണ് കുടുംബം പോറ്റാൻ ഡ്രൈവർ ജോലിയിലേർപ്പെട്ടത്. ഭാര്യ അശ്വതിയും അഞ്ചു വയസായ മകൻ അഭിനന്ദും രാത്രിയിൽ ചിത്രരചന പൂർത്തിയാകുന്നതുവരെ കൗതുകത്തോടെ നോക്കിയിരിക്കും. ഭാര്യയുടെയും മാതാപിതാക്കളുടെയും പൂർണ പിന്തുണയാണ് ചിത്രം വരയ്ക്കാനുള്ള പ്രചോദനമെന്ന് ബിനുകുമാർ പറഞ്ഞു.