rp-lalaji-

സംരംഭകൻ,​ എഴുത്തുകാരൻ,​ ഐ.ടി വിദഗ്ദ്ധൻ,​ കലാസ്‌നേഹി - കഴിഞ്ഞ ദിവസം അന്തരിച്ച ആർ.പി.ലാലാജിയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്. 1985ൽ കൊല്ലത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്പ്യൂട്ടർ ടെക്നോളജി (എൻ.ഐ.സി.ടി)​ എന്ന കംപ്യൂട്ടർ വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിച്ചായിരുന്നു ഐ.ടി രംഗത്തേക്കുള്ള ലാലാജിയുടെ കടന്നുവരവ്. ഐ.ടി രംഗത്തെ അനുദിനമുള്ള മാറ്റങ്ങളെ ആവേശത്തോടെ പ്രാവർത്തികമാക്കിയ അദ്ദേഹം ടെക്നോപാർക്കിൽ സ്ഥാപിച്ച സീ വ്യൂ സപ്പോർട്ട് സിസ്‌റ്റംസ് മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ രംഗത്ത് വിപ്ളവകരമായ മാറ്റത്തിനാണ് വഴിതെളിച്ചത്. ഇന്നും അതേ പേരിൽ ആ കമ്പനി അവിടെയുണ്ട്. ടെക്നോപാർക്കിലെ പമ്പ എന്ന കെട്ടിടത്തിൽ നിന്ന് നോക്കിയാൽ കടൽ കാണാവുന്നതിനാലാണ് ലാലാജി ആ പേര് നൽകിയത്. ഒരു അമേരിക്കൻ കമ്പനിയുമായി ചേർന്നായിരുന്നു പ്രവർത്തനം. ലാലാജിയുടെ ആദ്യ കമ്പനി ഇന്ന് ഡിവൈസ് ഡ്രിവെൻ (പ്രൈവറ്റ്)​ ലിമിറ്റഡ് എന്നറിയപ്പെടുന്ന സോഫ്‌റ്റെക്സ് ആണ്. പ്രോഡക്ട് എൻജിനിയിറിംഗിലാണ് ഇത് കേന്ദ്രീകരിച്ചിരിക്കുന്നത്.

സംരംഭകനായിരിക്കുമ്പോൾ തന്നെ വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിച്ചിരുന്ന ആളായിരുന്നു ലാലാജി. ഒരിക്കൽ മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർക്കൊപ്പം അമേരിക്ക സന്ദർശിച്ചപ്പോൾ,​ സ്വന്തം ജെറ്റിലാണ് അദ്ദേഹം ഞങ്ങളെ കാണാനെത്തിയത്. കലയിൽ പൊതുവേ തല്‌പരനായിരുന്ന അദ്ദേഹം നിരവധി കലാകാരന്മാരെ സഹായിച്ചിരുന്നു. ചിരിക്കുന്ന മുഖത്തോടെ ആരെയും സഹായിക്കാൻ സന്നദ്ധനാകുമായിരുന്ന ലാലാജിയെ പരിചയപ്പെടുന്നവർ പിന്നെ മറക്കില്ല.

ഇന്ത്യയിലെ സോഫ്‌റ്റ്‌വെയർ കമ്പനികൾക്ക് പിന്തുണ ഉറപ്പാക്കുന്നതിന് ലാലാജിയും എം.ആർ.നാരായണനും ഈ ലേഖകനും ഒരിക്കൽ ഇന്തോ- സ്വീഡൻ ചർച്ചകളുടെ ഭാഗമായി സ്വീഡനിലേക്ക് പോയിരുന്നു. നിർഭാഗ്യവശാൽ ഇന്ത്യ ആണവ പരീക്ഷണം നടത്തിയതിനെ തുടർന്ന് സ്വീഡൻ ആ പദ്ധതിയിൽ നിന്ന് പിന്മാറുകയായിരുന്നു. മറ്റ് രാജ്യങ്ങളിലെ ഐ.ടി കമ്പനികൾക്ക് അടിസ്ഥാന സൗകര്യവികസനം ഒരുക്കുന്നതിനെ കുറിച്ച് സർക്കാർ ഇപ്പോൾ ആലോചിച്ച് തുടങ്ങിയിട്ടേയുള്ളൂ. എന്നാൽ അത് ആദ്യം നടപ്പിലാക്കിയത് ലാലാജിയാണ്. ടെക്നോപാർക്കിലേക്ക് കടന്നുചെല്ലുമ്പോൾ ആദ്യം കാണുന്ന കെട്ടിടം അദ്ദേഹം പണിതതാണ്. അച്ഛൻ പദ്മനാഭന്റെ സ്‌മരണാർത്ഥം അതിന് അദ്ദേഹം പദ്മനാഭം എന്നുപേരു നൽകി. കലയെ സ്‌നേഹിക്കുന്നതു കൊണ്ടുതന്നെ മനോഹരമായ ശിൽപവും കെട്ടിടത്തിന് പുറത്ത് ചെയ്തുവച്ചിട്ടുണ്ട്. പിന്നീട് ആ കെട്ടിടത്തിൽ ഏഷ്യൻ സ്‌കൂൾ ഒഫ് ബിസിനസ് ആരംഭിച്ചു. ടെക്നോപാർക്കിൽ സ്ഥലം വാങ്ങിയ ആദ്യ വ്യക്തിയും ലാലാജിയാണ്.

മെഡ‌ിക്കൽ ട്രാൻസ്‌ക്രിപ്ഷൻ ബിസിനസ് ഇടിഞ്ഞതോടെ ലാലാജി ആരോഗ്യ മേഖലയിലേക്ക് കടന്നു. തുടർന്ന് റവന്യൂ മെഡ് എന്ന പേരിൽ ഒരു കമ്പനിയും ആരംഭിച്ചു. കേരള സർക്കാരിന്റെ ഐ.ടി ഉപദേശ കൗൺസിലിൽ അംഗമായിരുന്നു. ഐ.ടി രംഗത്തെ ഏറ്റവും പുതിയ ട്രെൻഡുകൾ പരിചയപ്പെടുത്തുന്നതിനായി ലാലാജിയെ ഉൾപ്പെടുത്തി സൂര്യ ടി.വി ഐ.ടി.കോം എന്ന പേരിൽ ഒരു പ്രോഗ്രാമും സംപ്രേഷണം ചെയ്തിരുന്നു. ഒരു ഫോട്ടോഗ്രാഫറുമായിരുന്നു ലാലാജി. കർണാടക സംഗീതത്തെ അതിരറ്റ് സ്നേഹിച്ചിരുന്ന ലാലാജി കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിച്ചിരുന്നു. ട്രിവാൻഡ്രം ഇന്റർനാഷണൽ സ്‌കൂൾ സ്ഥാപിച്ചപ്പോൾ തന്റെ ചെറുമക്കളെ അവിടെ പഠിപ്പിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. അത് അദ്ദേഹം പ്രാവർത്തികമാക്കുകയും ചെയ്തു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പക്ഷാഘാതത്തെ തുടർന്നാണ് അദ്ദേഹം അസുഖബാധിതനായത്. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ ഐ.ടി രംഗത്തിന് അപരിഹാര്യമായ വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. യുവ കലാകാരന്മാർക്ക് നഷ്ടമായത് ഒരു നെടുംതൂണും സ്‌പോൺസറെയുമാണ്.