തിരുവനന്തപുരം: കൊവിഡ് സമൂഹവ്യാപനത്തിന്റെ സൂചന ബോദ്ധ്യമായതോടെയാണ് തലസ്ഥാനത്ത്

ഇന്നലെ മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഞായറാഴ്ച സമ്പർക്കത്തിലൂടെ രോഗം പകർന്ന 22 പേരും നഗരസഭാ പ്രദേശത്തുള്ളവരാണ്. ഇതിൽ 10 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ രോഗം ബാധിച്ചവരുടെ എണ്ണം ഇതോടെ 36 ആയി. കേരളത്തിൽ രോഗികളുടെ എണ്ണം വർദ്ധിപ്പിക്കുമ്പോഴും ജില്ലയിൽ രോഗബാധിതരുടെ എണ്ണം താരതമ്യേന കുറഞ്ഞതും മുൻകരുതൽ നടപടികൾ പാളുന്നതിന് കാരണമായി. കടകളിലും സ്ഥാപനങ്ങളിലും ലോക്ക് ഡൗണിന്റെ ആദ്യ ദിവസങ്ങളിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ പിന്നീട് ഇല്ലാതായി. ഇളവ് വന്നതോടെ തിരക്കും രോഗവ്യാപനത്തിനുള്ള സാദ്ധ്യതയും വർദ്ധിക്കുകയായിരുന്നു. മറുനാടുകളിൽ നിന്നും വരുന്നവർക്കുള്ള ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ സർക്കാർ അവസാനിപ്പിക്കുകയും എല്ലാവരെയും വീടുകളിൽ റൂം ക്വാറന്റൈനിലേക്ക് വിടുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ ക്വാറന്റൈനിൽ കഴിയുന്നവരിൽ ചിലർ നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങി സഞ്ചരിക്കുന്നുണ്ട്. ഇവർക്ക് പിന്നീട് രോഗം സ്ഥിരീകരിച്ചാൽ സമ്പ‌ർക്കം മൂലവും ഉറവിടം ഇല്ലാത്തതുമായ രോഗികളുടെ എണ്ണം കൂടുന്നതിനുള്ള സാദ്ധ്യതയുണ്ട്. റൂം ക്വാറന്റൈൻ കൃത്യമായി പാലിക്കാത്തതാണ് രോഗികളുടെ ഭാര്യയ്‌ക്കും മക്കൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും രോഗം വരുന്നതിന് കാരണം. വീടുകളിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നതൊക്കെ പ്രഖ്യാപനങ്ങളിൽ മാത്രമൊതുങ്ങിയതും തിരിച്ചടിയായി. കൃത്യമായി നടത്തിയിരുന്ന പൊലീസ് നിരീക്ഷണം പ്രവാസികൾ മടങ്ങിയെത്തിയപ്പോൾ പാളുകയായിരുന്നു. അയൽവാസിയുടെ ഫോൺ നമ്പർ വാങ്ങി പോകുന്നത് മാത്രമാണ് ഇപ്പോൾ ചെയ്യുന്നതെന്നാണ് പരാതി.

പ്രശ്‌നങ്ങൾ

---------------------------------

1. അലക്ഷ്യമായി മാസ്ക് ധരിക്കുന്നു

2. കൂട്ടംകൂടി നടക്കുന്നു

3. ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു

4. ക്വാറന്റൈൻ ലംഘിക്കുന്നു

 പരിഹാരം

1. തിരക്ക് ഒഴിവാക്കുക,​ മാർക്കറ്റുകളും ഷോപ്പുകളും

പ്രവർത്തിക്കുന്നതിൽ കൂടുതൽ നിയന്ത്രണം

2. പ്രവാസികൾക്ക് ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ പ്രോത്സാഹിപ്പിക്കുക

3. ക്വാറന്റൈനിൽ കഴിയുന്നവർ സ്വയം ഉത്തരവാദിത്വബോധം കാണിക്കുക

4.പ്രതിരോധത്തിൽ വിട്ടുവീഴ്ച വരുത്താതിരിക്കുക

''പരമാവധി കൊവി‌ഡ് ടെസ്റ്റുകൾ നടക്കണം. ആരോഗ്യ പ്രവർത്തകരെയെല്ലാം കർശനമായും ടെസ്റ്റിന് വിധേയരാക്കണം. അങ്ങനെ ചെയ്‌താൽ അവരിൽ നിന്നു മറ്റൊരാളിലേക്ക് രോഗം വരില്ല ''

- ‌‌ഡോ. സുൾഫി എം.നൂഹു,​ വൈസ് പ്രസിഡന്റ്

ഐ.എം.എ കേരളഘടകം