തിരുവനന്തപുരം: തോട്ടം മേഖലയിൽ പഴം, പച്ചക്കറി കൃഷി പദ്ധതി ആവിഷ്കരിക്കാനുള്ള കൃഷി വകുപ്പിന്റെ റിപ്പോർട്ട് അതേപടി അംഗീകരിക്കുന്നതിൽ റവന്യൂ വകുപ്പിന് വിയോജിപ്പ്.
ഭൂപരിഷ്കരണ നിയമത്തിൽ ഇതിനാവശ്യമായ ഇളവ് വരുത്താനുള്ള ഏത് നീക്കത്തിനും മുമ്പ്, വരുംവരായ്കകൾ ആഴത്തിൽ പരിശോധിക്കണമെന്ന് സി.പി.ഐ നേതൃത്വത്തെ പാർട്ടി ദേശീയ കൗൺസിലംഗമായ മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചേക്കും. 17ന് സംസ്ഥാന എക്സിക്യൂട്ടീവ് ചേരുന്നതിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ, കൃഷി മന്ത്രിമാരോട് നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്.
ഭൂപരിഷ്കരണ നിയമമനുസരിച്ച് വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമി 15 ഏക്കറാണ്. തോട്ടങ്ങൾക്ക് ഇതിൽ ഇളവ് നൽകിയത് തൊഴിൽ ലഭ്യതയടക്കമുള്ള സാമൂഹികവശങ്ങളും പരിഗണിച്ചാണ്. അതിൽ മാറ്റം വരുത്തി, തോട്ടങ്ങളിൽ തരിശായിക്കിടക്കുന്ന ഭൂമിയിൽ പഴം, പച്ചക്കറി കൃഷിക്ക് അനുമതി തേടിയാണ് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഇടതുനേതൃത്വത്തെ സമീപിച്ചത്. സുഭിക്ഷ കേരളവുമായി കൂട്ടിയിണക്കിയുള്ള പദ്ധതിയോട് മുഖ്യമന്ത്രിയും താല്പര്യം പ്രകടിപ്പിച്ചിരുന്നു.
. എന്നാൽ, തോട്ട ഭൂമിക്കുള്ള നിയമ പരിരക്ഷ, മറ്റ് കൃഷികൾ പരീക്ഷിക്കപ്പെടുന്നതോടെ ഇല്ലാതാവുമെന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട്. ഭൂപരിഷ്കരണനിയമത്തിന് ജന്മം നൽകിയ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഏത് നീക്കവും സൂക്ഷ്മതയോടെയാവണം. ഏതെങ്കിലും തരത്തിലുള്ള പാളിച്ച പിൽക്കാലത്ത് ഭാരമാവും. ഇടത് സർക്കാരിന്റെ ഉദ്ദേശ്യശുദ്ധി പോലും അട്ടിമറിക്കപ്പെടാം.
റിസോർട്ട് മാഫിയയുടെ
കൈയിലെത്താം
ഇടവിള കൃഷിയിൽ തുടങ്ങി രൂപമാറ്റങ്ങൾ സംഭവിക്കുന്ന തോട്ടം ഭൂമി മൂന്നാറിലേത് പോലെ റിസോർട്ട് മാഫിയകളുടെ കൈകളിലെത്തിപ്പെടാം. തോട്ടത്തിന്റെ സ്വഭാവം നിലനിറുത്താൻ കളക്ടർമാരുടെ നേതൃത്വത്തിൽ നിരീക്ഷണ സമിതികൾ വേണം. സർക്കാർ ഭൂമി പാട്ടത്തിനെടുത്തവർ പാട്ടക്കരാർ ലംഘിക്കുകയും, കോടതിവ്യവഹാരങ്ങളിലേക്ക് നീളുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാവരുതെന്നും റവന്യൂ മന്ത്രി അറിയിച്ചതായാണ് വിവരം.
മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് തോട്ടം ഭൂമിയുടെ അഞ്ച് ശതമാനം മറ്റാവശ്യങ്ങൾക്കും, അതിന്റെ പത്ത് ശതമാനം ടൂറിസത്തിനും വിട്ടുനൽകാനുള്ള തീരുമാനത്തെ ഇടതുപക്ഷം എതിർത്തിരുന്നു. തോട്ടം ഭൂമി മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കുന്നതോടെ ഭൂപരിഷ്കരണനിയമത്തിലെ ഇളവിന്റെ പരിധിക്ക് പുറത്താകുമെന്നും, അത് മിച്ചഭൂമിയായി ഭൂരഹിതർക്ക് കൈമാറേണ്ടതാണെന്നുമായിരുന്നു അന്ന് ഇടതുപക്ഷ നിലപാട്.