കൊവിഡ് നിയന്ത്രണങ്ങൾ കർക്കശമായി പാലിക്കുന്നതിൽ വന്ന വീഴ്ചയുടെ ഫലമാണ് തലസ്ഥാന നഗരം ട്രിപ്പിൾ ലോക്ക് ഡൗണിന്റെ രൂപത്തിൽ അനുഭവിക്കുന്നത്. മഹാമാരി സമൂഹവ്യാപനത്തിന്റെ അതിഭീകരമായ ഘട്ടത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധർ കുറച്ചുദിവസങ്ങളായി മുന്നറിയിപ്പു നൽകിവരികയായിരുന്നു. അത്തരമൊരു ഗുരുതര സ്ഥിതിയിൽ സംസ്ഥാനം ഇതുവരെ പ്രവേശിച്ചിട്ടില്ലെന്നതാണ് സർക്കാർ നിലപാട്. എന്നാൽ ഒരാഴ്ചയ്ക്കിടെ സമ്പർക്കം വഴി കൊവിഡ് പിടിപെട്ടവരുടെ സംഖ്യ അനുക്രമം ഉയരുന്നത് കൂടുതൽ കടുത്ത നടപടികളിലേക്കു നീങ്ങാൻ പ്രേരിപ്പിച്ചിട്ടുണ്ട്. തലസ്ഥാനത്തു ഒരാഴ്ചക്കാലത്തേക്കു പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗൺ അതിന്റെ ഭാഗമാണ്. നഗരത്തെയും നഗരജീവിതത്തെയും പാടേ നിശ്ചലമാക്കിയ സമ്പൂർണ ലോക്ക് ഡൗൺ രോഗവ്യാപനം പിടിച്ചുനിറുത്തുന്നതിൽ എത്രമാത്രം സഹായിച്ചിട്ടുണ്ടെന്ന് അറിയാൻ കാത്തിരിക്കേണ്ടിവരും. വ്യക്തിഗതമായ ബുദ്ധിമുട്ടുകൾ ഏറെയാണെങ്കിലും സംസ്ഥാനം നേരിടുന്ന കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ അതൊക്കെ ക്ഷമാപൂർവം സഹിക്കാൻ നഗരവാസികൾ തയ്യാറായേ മതിയാവൂ. കഴിഞ്ഞ മാർച്ച് 25-ന് കേന്ദ്രം രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ ഉയർന്ന വിമർശനങ്ങളിലൊന്ന് അതു നേരിടാൻ വേണ്ട തയ്യാറെടുപ്പുകൾക്ക് ഒട്ടും സാവകാശം നൽകിയില്ലെന്നതാണ്. തിരുവനന്തപുരം നഗരത്തിൽ ഞായറാഴ്ച രാത്രി പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിനെപ്പറ്റി നഗരവാസികളിൽ ഭൂരിപക്ഷം പേരും അറിയുന്നത് തിങ്കളാഴ്ച രാവിലെയാണ്. സമ്പൂർണ ലോക്ക് ഡൗണിനെ നേരിടാനുള്ള അവശ്യ തയ്യാറെടുപ്പിനുപോലും ആളുകൾക്ക് സമയം കിട്ടിയില്ല. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവാദമുണ്ടെങ്കിലും ജനങ്ങൾ വീടുവിട്ടു പുറത്തിറങ്ങരുതെന്നു കല്പനയുള്ളപ്പോൾ കടകൾ തുറന്നുവച്ചതുകൊണ്ട് എന്തു പ്രയോജനം.
ആവശ്യപ്പെട്ടാൽ സാധനങ്ങൾ പൊലീസ് വീടുകളിലെത്തിച്ചു നൽകുമെന്നാണു വാഗ്ദാനം. പ്രായോഗികമായി അതിന്റെ പരിമിതികൾ ആർക്കും ബോദ്ധ്യമാകും. ഒരു ദിവസത്തെ നോട്ടീസെങ്കിലും നൽകി ഈ കടുത്ത നടപടിയിലേക്കു നീങ്ങിയിരുന്നെങ്കിൽ സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാമായിരുന്നു. .
വിദേശരാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും പ്രവാസികളുടെ വരവ് കൂടുന്നതിനനുസരിച്ച് കൊവിഡ് രോഗികളുടെ സംഖ്യയും ഉയരുമെന്ന് പ്രതീക്ഷിച്ചതു തന്നെയാണ്. അതു നേരിടാനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. എന്നാൽ സമ്പർക്കരോഗികളുടെ സംഖ്യയിൽ കാണുന്ന വലിയ വർദ്ധനയാണ് ഇപ്പോൾ ഉത്കണ്ഠ സൃഷ്ടിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. ഏറ്റവും ഭയപ്പെടേണ്ട സാഹചര്യവും ഇതാണ്. ആരിൽ നിന്നാണു രോഗം പകർന്നുകിട്ടിയതെന്നു തീർച്ചപ്പെടുത്താനാകാത്ത സ്ഥിതി വന്നാൽ സമൂഹവ്യാപനമെന്ന ഘട്ടത്തിന് സാദ്ധ്യത കൂടുതലാണ്. തലസ്ഥാന നഗരിയിൽ ഞായറാഴ്ച മാത്രം സമ്പർക്കത്തിലൂടെ രോഗപ്പകർച്ച ഉണ്ടായത് ഇരുപത്തിരണ്ടു പേർക്കാണ്. ഇവരിൽ പലർക്കുമറിയില്ല എവിടെ നിന്നാണ് തങ്ങൾക്കു രോഗം പിടിപെട്ടതെന്ന്. ഇവരിൽ നിന്ന് പുതുതായി എത്രപേർക്ക് രോഗം പകർന്നിട്ടുണ്ടെന്നറിയാൻ ഇനിയും ദിവസങ്ങളെടുക്കും. ഒരു വയസുള്ള പിഞ്ചുകുട്ടി മുതൽ വയോവൃദ്ധർ വരെ സമ്പർക്ക രോഗികളുടെ പട്ടികയിലുണ്ട്. തീരദേശത്തുള്ള പൂന്തുറയിലെ ഒരു രോഗിയിൽ നിന്നു രോഗപ്പകർച്ച ലഭിച്ച പത്തിലേറെപ്പേരെ കണ്ടെത്തിക്കഴിഞ്ഞു. .
നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവുകൾ കരുതലോടെയല്ല ജനങ്ങൾ പ്രയോജനപ്പെടുത്തുന്നതെന്ന് നാട്ടിൽ എവിടെ നോക്കിയാലും അറിയാം. മഹാമാരിക്കു മുമ്പുള്ള നിലയിലേക്ക് സംസ്ഥാനം നീങ്ങിയത് അതിവേഗത്തിലാണ്. ആരോഗ്യവിദഗ്ദ്ധരുടെയും സർക്കാരിന്റെയും ജാഗ്രതാ മുന്നറിയിപ്പുകൾ ചെവിക്കൊള്ളാതിരിക്കുന്നതിന്റെ ദുരന്തഫലങ്ങളാണ് തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും മലപ്പുറത്തും പാലക്കാടുമൊക്കെ ഇന്നു കാണുന്നത്. സമൂഹവ്യാപന ഭീഷണി മൂർച്ചയേറിയ ഇരുതല വാളായി തലയ്ക്കു മുകളിലുള്ളപ്പോഴാണ് ഭയലേശമില്ലാതെ ആളുകൾ പണ്ടേപ്പോലെ പാഞ്ഞുനടക്കുന്നത്. പൊലീസിനെ പേടിച്ച് മുൻകരുതൽ നടപടികൾ സ്വീകരിച്ചതു കൊണ്ടായില്ല. രോഗവ്യാപനം ഏറ്റവും കുറഞ്ഞ തോതിലുണ്ടായിരുന്ന ആദ്യ നാളുകളിൽ കൈകഴുകലും മാസ്‌ക് ഉപയോഗവും സാമൂഹ്യ അകലം പാലിക്കലുമൊക്കെ കർശനമായി പിന്തുടരുന്നവർ പോലും നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ കൊവിഡ് ശീലങ്ങളൊക്കെ മറന്ന പോലെയാണ്. രോഗാണു പ്രവേശത്തെ തടയാൻ വേണ്ടിയാണ് മൂക്കും വായും മൂടിവയ്ക്കുന്ന മുഖാവരണം ധരിക്കണമെന്നു നിബന്ധനയുള്ളത്. അതുപോലും നേരെ ചൊവ്വേ പാലിക്കാൻ പലരും തയ്യാറാകുന്നില്ല. മരുന്നിനെക്കാൾ ഫലപ്രദമാണ് മുഖാവരണം എന്നാണ് വിദഗ്ദ്ധന്മാർ പറയുന്നത്. മുഖാവരണത്തിനു പകരം കണ്ഠാഭരണമായി മാറുകയാണത്.
തലസ്ഥാന നഗരിയിൽ ഞായറാഴ്ച കണ്ടെത്തിയ 22 രോഗികളിൽ പതിനാലു പേർക്ക് യാത്രാപശ്ചാത്തലമൊന്നുമില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. അതിനർത്ഥം സമ്പർക്ക രോഗികൾ ഇനിയും കൂടാമെന്നു തന്നെയാണ്. രോഗികൾ കൂടുതലായ മറ്റു ജില്ലകളിലും കാണാം ഈ പ്രതിഭാസം. തിരുവനന്തപുരത്തിനു പിന്നാലെ കൊച്ചിയും കോഴിക്കോടുമൊക്കെ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾക്ക് കീഴിലായാൽ അത്ഭുതപ്പെടേണ്ടതില്ല. സംസ്ഥാനത്തൊട്ടാകെ ഞായറാഴ്ച 225 പേർക്കാണു രോഗബാധ റിപ്പോർട്ട് ചെയ്തത്. ഇവരിൽ 38 പേർക്കാണ് സമ്പർക്കം വഴി രോഗം പിടിപെട്ടത്. പ്രവാസികൾക്കൊപ്പം സമ്പർക്കം വഴി രോഗം പടരുന്നതാണ് കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നത്. ആദ്യ നാളുകളിലെ കരുതലും സുരക്ഷാ നടപടികളും പതിന്മടങ്ങ് ശക്തമാക്കുക മാത്രമാണ് ഇതിനുള്ള പ്രതിവിധിയെന്ന് ഓരോരുത്തരും മനസിലാക്കേണ്ട സന്ദർഭമാണിത്. സ്ഥിതി കൈവിട്ടു പോയാൽ പ്രത്യാഘാതം ഭീകരമായിരിക്കുമെന്നു പ്രത്യേകിച്ചു പറയേണ്ടതില്ല.
തലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ഒരാഴ്ചത്തെ സമ്പൂർണ ലോക്ക് ഡൗൺ കൊണ്ട് രോഗവ്യാപനത്തിന്റെ രൂക്ഷത ഒറ്റയടിക്കു കുറഞ്ഞെന്നുവരില്ല. അത്തരമൊരു അവസ്ഥയിൽ നിയന്ത്രണങ്ങൾ തുടരേണ്ടിവന്നേക്കാം. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ അവശ്യസാധനങ്ങൾ സംഭരിക്കാനും അത്യാവശ്യ കാര്യങ്ങൾ നിറവേറ്റാനും ഇടവേള നൽകാൻ നടപടി ഉണ്ടാകണം.
ഇടിവെട്ടുപോലെ തലസ്ഥാന വാസികളുടെ തലയിൽ വന്നുപതിച്ച ട്രിപ്പിൾ ലോക്ക് ഡൗൺ സൃഷ്ടിച്ച കെടുതികൾ ബോദ്ധ്യപ്പെട്ടതു കൊണ്ടാകാം ചില ഇളവുകൾ വരുത്താൻ ഉടനടി നടപടി ഉണ്ടായത്. അവശ്യ വസ്തുക്കൾ അടുത്തുള്ള കടകളിൽ പോയി വാങ്ങാൻ രാവിലെ ഏതാനും മണിക്കൂറുകൾ നൽകിയത് നന്നായി. നഗരം ഒന്നാകെ പൂട്ടിക്കെട്ടുമ്പോൾ ജനത്തിന് അന്നം മുടങ്ങുമെന്ന കാര്യം ഓർക്കേണ്ടതായിരുന്നു. എല്ലാം പൊലീസുകാർ വീട്ടിൽ കൊണ്ടുവന്ന് നൽകുമെന്ന വങ്കൻ ഉത്തരവ് കൈയോടെ പിൻവലിച്ചതും നന്നായി.