123

തിരുവനന്തപുരം: നാഷണൽ പെർമിറ്റ് ലോറിയിൽ കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലും 100 കിലോ കഞ്ചാവും എക്‌സൈസ് സംഘം പിടികൂടി. സംഭവത്തിൽ എറണാകുളം കുന്നത്തുനാട് സ്വദേശി എൽദോ എബ്രഹാം (28), കൊല്ലം കുണ്ടറ സ്വദേശി സെബിൻ (29) എന്നിവരെ അറസ്റ്റു ചെയ്തു.

എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നുള്ള പരിശോധനയിൽ ഇന്നലെ പോത്തൻകോട്ടു വച്ചാണ് ലോറി പിടികൂടിയത്. ആന്ധ്രപ്രദേശിൽ നിന്നാണ് ലഹരി മരുന്ന് കേരളത്തിലെത്തിച്ചത്. വാളയാർ വഴിയാണ് കേരളത്തിലേക്ക് കടന്നതെന്നാണ് പ്രതികൾ എക്സൈസ് സംഘത്തോട് പറഞ്ഞത്.

അടുത്തകാലത്ത് സംസ്ഥാനത്തു നടന്ന ഏറ്റവും വലിയ ലഹരി മരുന്നു വേട്ടയാണിത്. കൊവിഡ് പശ്ചാത്തലത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് പഴവും പച്ചക്കറിയും മറ്റു ഭക്ഷ്യവസ്തുകളും കൊണ്ടുവരാൻ ഉപയോഗിക്കുന്ന നാഷണൽ പെർമിറ്റ് വാഹനങ്ങളിൽ പരിശോധന കർശനമല്ലായിരുന്നു. ഇത്‌ മറയാക്കിയാണ് ലഹരി കടത്താൻ ശ്രമിച്ചത്. മൂവാറ്റുപുഴ സ്വദേശി തോമസിന്റെ പേരിലാണ് പിടിച്ചെടുത്ത ലോറി. തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്‌മെന്റിലെ സർക്കിൾ ഇൻസ്പെക്ടർ ടി. അനിൽകുമാറിന്റെ നേത‍ൃത്വത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ,​ എക്സൈസ് ഇൻസ്പെക്ടർ ടി. ആർ. മുകേഷ് കുമാർ,​ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻ നായർ, പ്രിവന്റീവ് ഓഫീസറായ ഹരികുമാർ,​ സിവിൽ എക്സൈസ് ഓഫീസർമാരായ ജെസ്സിം,​ സുബിൻ ഷംനാദ്,​ രാജേഷ്,​ ജിതീഷ്,​ ശ്രീലാൽ, രതീഷ് മോഹൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ആന്ധ്രയിൽ നിന്നും കർണാടകയിൽ നിന്നും കാസർകോട് വഴി ആംബുലൻസിൽ ലഹരി കടത്തിയ സംഭവത്തിനു പിന്നാലെയാണ് വലിയ രീതിയിലുള്ള ഈ ലഹരിക്കടത്ത്. കൊവിഡ് കാലത്തും വൻതോതിലുള്ള ലഹരിക്കടത്ത് നടക്കുന്ന സാഹചര്യത്തിൽ തലസ്ഥാന അതിർത്തിയിലും മറ്രു സ്ഥലങ്ങളിലും എക്സൈസ് ‌പരിശോധന ശക്തമാക്കി.