photo

നെടുമങ്ങാട്: സംസ്ഥാന ഗ്രന്ഥശാല സംഘത്തിന്റെ അംഗീകാരമുള്ള മന്നൂർക്കോണം പീപ്പിൾസ് ലൈബ്രറി നവീകരണത്തിന് ജനകീയ പങ്കാളിത്തത്തോടെ തുടക്കമായി. ലൈബ്രറി കെട്ടിടത്തെ തകർച്ചയിൽ നിന്ന് വീണ്ടെടുക്കുക, പുതിയ തലമുറയുടെ സർഗാത്മക ചിന്ത പരിപോഷിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി ലൈബ്രറിയിലെ യുവജന കൂട്ടായ്മയാണ് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. കെട്ടിടത്തിന് മുകളിലേക്ക് അപകടാവസ്ഥയിൽ ചാഞ്ഞ് നിൽക്കുന്ന മരം മുറിച്ചു മാറ്റാതെയും ബലക്ഷയം വരത്തക്കവിധം മലിനജലം ഒഴുക്കി വിട്ടും ലൈബ്രറി പ്രവർത്തനം തടസപ്പെടുത്താൻ ശ്രമം നടക്കുന്നതായാണ് അംഗങ്ങളുടെ പരാതി. മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് ആനാട് ഗ്രാമപഞ്ചായത്തിൽ നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയെടുത്തില്ല. ഇതേതുടർന്ന് അംഗങ്ങൾ മുൻകൈ എടുത്ത് രൂപീകരിച്ച ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലിനജലം ഒഴുകിപ്പോകാനുള്ള ഓട കോൺക്രീറ്റ് ചെയ്തു. അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റിയാലേ തുടർപ്രവർത്തനങ്ങൾ നടത്താനാവുകയുള്ളു. മുൻ പഞ്ചായത്തംഗമാണ് ലൈബ്രറി തകർക്കാൻ ശ്രമിക്കുന്നതെന്നാണ് പരാതി. പത്ത് ദിവസത്തെ വിവിധ സർഗാത്മക പരിപാടികളിലൂടെ പൊതുജനങ്ങളിൽ നിന്നും മന്ദിര പുനരുദ്ധാരണത്തിന് ആവശ്യമായ ഫണ്ട് സമാഹരിക്കാൻ യുവജന കൂട്ടായ്മ തീരുമാനിച്ചു. പുനരുദ്ധാരണ സംഭാവന നൽകുന്നതിനു അക്കൗണ്ടും തുറന്നു. നമ്പർ : എസ്.ബി.ഐ നെടുമങ്ങാട് ബ്രാഞ്ച് -39424804060.ഫോൺ : 9567564797 ,9446126599.