pakachunilkkunna-pushpara

കല്ലമ്പലം: ജീവൻ നിലനിറുത്താൻ വേണ്ടി ഒരു നേരത്തെ ഭക്ഷണത്തിനായി യാചിക്കുന്ന കുടുംബം നാടിനും നാട്ടുകാർക്കും നൊമ്പരമാകുന്നു. സ്വന്തമായി വീടില്ലെങ്കിലും വാടക വീട്ടിൽ കൂലിപ്പണി ചെയ്ത് സന്തുഷ്ടമായി ജീവിച്ചുപോന്ന കുടുംബമാണ് ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ സുമനസുകളോട് യാചിക്കുന്നത്. ചെമ്മരുതി പഞ്ചായത്തിലെ ചെമ്പകമൂട് മുത്താന കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന പുഷ്പരാജ് (35), ഭാര്യ ബിന്ദു (32), മകൻ മുരുകൻ (10) എന്നിവരടങ്ങുന്ന മൂന്നംഗ കുടുംബമാണ് വിധിയിൽ പകച്ച്‌ ജീവിതത്തിനും മരണത്തിനുമിടയിൽ വയറു നിറച്ചൊന്നു ഭക്ഷണം കഴിച്ചുറങ്ങാൻ സോഷ്യൽ മീഡിയകളിലൂടെ യാചിക്കുന്നത്. 2020 ഫെബ്രുവരി 9 നാണ് ഈ കുടുംബത്തിന്റെ സ്വപ്നങ്ങളെ തകർത്തുകൊണ്ട് ദുരന്തമെത്തിയത്. ചാത്തന്നൂർ മേഖലയിലെ ഭൂതനാഥ ക്ഷേത്രത്തിലെ തിരുനാൾ മഹോത്സവത്തിന് ക്ഷേത്ര ദർശനം നടത്തി തിരികെ വരവേ പുഷ്പരാജനും കുടുംബവും സഞ്ചരിച്ചിരുന്ന ബൈക്കിൽ അമിതവേഗതയിൽ പാഞ്ഞുവന്ന കാർ പിന്നിൽ നിന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ മൂവരെയും തിരിഞ്ഞൊന്നു നോക്കാതെ കാർ വിട്ടുപോയി. റോഡിൽ രക്തത്തിൽ കുളിച്ചുകിടന്ന ഇവരെ നാട്ടുകാർ മൂന്ന് ആംബുലൻസിലായി തിരുവനന്തപുരം കിംസിലും സാമ്പത്തിക ബാദ്ധ്യത മൂലം തുടർന്ന് മെഡിക്കൽകോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സകൾ പലതും നൽകിയെങ്കിലും തലയ്ക്കും നടുവിനും പരിക്കേറ്റ ബിന്ദുവിനും, കാലിന്റെ തുടയെല്ല് പൊട്ടി തലയ്ക്ക് ക്ഷതമേറ്റ പാളയം കുന്ന് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ഏക മകൻ മുരുകനും മാസങ്ങൾ കഴിഞ്ഞിട്ടും എഴുന്നേൽക്കാനായില്ല. ഇടത് കാൽമുട്ടിനും ഇടത് കൈയുടെ ഷോൾഡറിനും ഇടത് കണ്ണിനും പരിക്കേറ്റ പുഷ്പരാജന്‍ രണ്ടു മാസത്തിനു ശേഷം എഴുന്നേറ്റു നടക്കാനായത് തളർന്നുകിടക്കുന്ന ഭാര്യയ്ക്കും മകനും ഒരാശ്വാസമായി. എന്നാലും ജോലിക്ക് പോകാനുള്ള ആരോഗ്യ സ്ഥിതി വീണ്ടെടുക്കാൻ പുഷ്പരാജനായില്ല. കടക്കെണിയിൽ അകപ്പെട്ട ഈ നിർദ്ധന കുടുംബത്തിനെ അധികൃതർ കൈവിട്ടതോടെ ഭക്ഷണത്തിനും തുടർ ചികിത്സയ്ക്കും സുമനസുകളുടെ സഹായം തേടുകയാണ്. ചാവർകോട് എസ്.ബി.ഐയിൽ ബിന്ദുവിന്റെ പേരിൽ അക്കൗണ്ട്‌ തുറന്നിട്ടുണ്ട്. അക്കൗണ്ട്‌ നമ്പർ: 39342718548, ഐ.എഫ്.എസ്.സി കോഡ്‌: SBIN0032675, ഫോൺ: 9526564291.