disaster-management

തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയിൽ യു.ഡി ക്ലാർക്കിനെ ചീഫ് മാനേജരായി നിയമിക്കാനുള്ള വഴിവിട്ട നീക്കം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ തടഞ്ഞു.

. പത്ത് വർഷത്തോളമായി അതോറിട്ടിയിൽ ഡെപ്യൂട്ടേഷനിലുള്ള റവന്യൂ വകുപ്പിലെ യു.ഡി ക്ലാർക്ക് സിജി.എം.തങ്കച്ചനെ സ്ഥാനക്കയറ്റം നൽകി ചീഫ് മാനേജരാക്കാനുള്ള നീക്കത്തെപ്പറ്റി കേരളകൗമുദി കഴിഞ്ഞ 27ന് റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ സി.പി.ഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ റവന്യൂ മന്ത്രിക്ക് പരാതിയും നൽകി

. അപേക്ഷ ക്ഷണിച്ച് യോഗ്യരായവരെ കണ്ടെത്തുന്നതിന് പകരം, ഒരു ലക്ഷത്തിലേറെ രൂപ പ്രതിമാസ ശമ്പളം നൽകി ഈ ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന് അതോറിട്ടി മെമ്പർ സെക്രട്ടറി വകുപ്പ് സെക്രട്ടറിക്കും , തടസമില്ലെങ്കിൽ എൻ.ഒ.സി നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറി ലാൻഡ് റവന്യു കമ്മിഷണർക്കും കത്തു നൽകിയിരുന്നു. വാർത്ത വന്നതോടെ ,എൻ.ഒ.സി നൽകാനാവില്ലെന്ന റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മിഷണർ നൽകിയതായാണ് വിവരം. . ഇതിനിടെ, വെബ്സൈറ്റിൽ ചീഫ് മാനേജരായി ഇദ്ദേഹത്തിന്റെ പേര് ചേർത്തെന്ന ആക്ഷേപമുയർന്നു.

ഡെപ്യൂട്ടേഷൻ

നിയമാനുസൃത കാലാവധി കഴിഞ്ഞും മറ്റു വകുപ്പുകളിൽ ഡെപ്യൂട്ടേഷനിൽ തുടരുന്ന റവന്യൂ ജീവനക്കാരെ തിരികെ വിളിക്കാൻ മന്ത്രി നിർദ്ദേശം നൽകി. നിയമപ്രകാരമുള്ള കാലയളവിൽ മാത്രമേ റവന്യൂ വകുപ്പിൽ നിന്ന് ഇനി ഡെപ്യൂട്ടേഷൻ അനുവദിക്കൂ..