മൂന്ന് പതിറ്റാണ്ടുകാലം കേരളത്തിന്റെ രാഷ്ട്രീയ, സാംസ്കാരിക മേഖലയിൽ നിറഞ്ഞുനിന്ന ജീനീയസായിരുന്നു കെ. ബാലകൃഷ്ണൻ.
രാജവാഴ്ചക്കെതിരെ കോഴഞ്ചേരിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ ദിവാൻ ജയിലിൽ അടച്ച തന്റെ പിതാവായ സി. കേശവനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവിതാംകൂറിൽ അങ്ങോളമിങ്ങോളം കോൺഗ്രസ് നടത്തിയ വമ്പിച്ച പ്രതിഷേധയോഗങ്ങളിൽ പാട്ടുപാടിക്കൊണ്ട് പ്രത്യക്ഷപ്പെട്ട 14 വയസുകാരനായ കെ. ബാലകൃഷ്ണൻ കുറഞ്ഞ കാലത്തിനുള്ളിൽ തന്റെ വാഗ്‌ധോരണികൊണ്ട് ആയിരങ്ങളെ അടക്കിവാഴുന്ന വാഗ്‌മിയായി. തിരുവിതാംകൂറിലെ സ്റ്റുഡൻസ് കോൺഗ്രസ് എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ മുൻനിരയിലേക്കുള്ള ബാലകൃഷ്ണന്റെ വളർച്ച അതിവേഗത്തിലായിരുന്നു.
1948 ൽ തിരുവിതാംകൂർ യൂണിവേഴ്സിറ്റി യൂണിയന്റെ ആദ്യചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വൈസ് ചാൻസലറായിരുന്ന ദിവാൻ സർ സി. പിക്കുമുന്നിൽ ഹാജരായി സത്യപ്രതിജ്ഞ ചെയ്യാൻ വിസമ്മതിച്ചത് അക്കാലത്ത് പ്രമാദമായ സംഭവമായിരുന്നു. 'കാശ്മീരിൽവച്ച് ഇന്ത്യൻ ജനതയുടെ പ്രിയങ്കരനായിരുന്ന നേതാവ് ജവഹർലാൽ നെഹ്‌റു പൊലീസ് മർദ്ദനത്തിന് ഇരയായ വാർത്ത കാട്ടുതീപോലെ പടർന്ന് തിരുവനന്തപുരത്തും എത്തി. അതിൽ ക്ഷുഭിതരായി പഠിപ്പുമുടക്കിയ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികളോട് കാശ്മീരിൽ ജവഹർലാലിന്റെ ശരീരത്തിൽനിന്നും തെറിച്ചുവീണ ചോരത്തുള്ളികൾക്ക് പകരം ഇന്ത്യയിലെ രാജസിംഹാസനങ്ങളായിരിക്കും ജനങ്ങൾ തട്ടിത്തെറിപ്പിക്കുക" എന്ന തന്റെ പ്രസംഗംകൊണ്ട് വിദ്യാർത്ഥികളെ ദിവാനെതിരായ സമരത്തിലേക്ക് നയിച്ചു. വിദ്യാർത്ഥിയായി ആദ്യദിവസം യൂണിവേഴ്സിറ്റി കോളേജ് കാമ്പസിൽ കടന്നുചെല്ലുമ്പോൾ കണ്ട ഇൗ ഉദ്വേഗജനകമായ സംഭവത്തെക്കുറിച്ച് മലയാളത്തിന്റെ പ്രിയകവി ഒ.എൻ.വി വീരാരാധനയോടെ എഴുതിയിട്ടുണ്ട്. ഇൗ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് കെ. ബാലകൃഷ്ണൻ ജയിലിലായി.
തന്റെ പിതാവ് സി. കേശവൻ, കുമ്പളത്ത് ശങ്കുപിള്ള, പി.ടി. പുന്നൂസ്, എൻ. ശ്രീകണ്ഠൻ നായർ, എം.എൻ. ഗോവിന്ദൻനായർ തുടങ്ങിയ ജനനേതാക്കൾ ആനന്ദാശ്രുക്കളോടെയാണ് സെൻട്രൽ ജയിലിൽ എത്തിയ ബാലൻ എന്ന തടവുകാരനെ സ്വീകരിച്ചത്. അന്നുമുതൽ യുവജനതയുടെ ആരാധ്യനേതാവായി കഴിഞ്ഞ ബാലൻ പിന്നീട് തിരുവിതാംകൂറിന്റെയും കേരളത്തിന്റെയും ഇടതുപക്ഷ രാഷ്ട്രീയത്തിൽ ഒരു ജ്വാലപോലെ എങ്ങും തിളങ്ങിനിന്നു.
പുന്നപ്ര-വയലാർ സമരത്തെ നേരിട്ട സർ സി.പിയുടെ പട്ടാളം വയലാറും പുന്നപ്രയും ഉൾപ്പെട്ട ആലപ്പുഴ പ്രദേശത്തെ ശ്മശാനഭൂമി പോലെയാക്കി. ആ ഭയാനകസാഹചര്യത്തിൽ അവിടെ ശേഷിച്ച ജനങ്ങൾക്ക് ധൈര്യം പകർന്നുകൊണ്ട് ആദ്യമായി അവിടം സന്ദർശിച്ച ജനനേതാവ് അശോക് മേത്തയായിരുന്നു. അദ്ദേഹത്തിനൊപ്പം കെ. ബാലകൃഷ്ണനും. അവർ രണ്ടാളും വികാരഭരിതമായ പ്രസംഗങ്ങൾ നടത്തി. തന്റെ അനിതരസാധാരണമായ പാണ്ഡിത്യം കൊണ്ടും വാഗ്മിത്വംകൊണ്ടും കേരള നിയമസഭയെയും അമ്പലപ്പുഴയിൽ നിന്നുള്ള ലോക് സഭാംഗം എന്ന നിലയിൽ ഇന്ത്യൻ പാർലമെന്റിനെയും ബാലകൃഷ്ണൻ സജീവമാക്കി.
രാഷ്ട്രീയക്കാരനായ കെ. ബാലകൃഷ്ണനെക്കാളുപരി ഏറെ ശ്രദ്ധിക്കപ്പെട്ടതും മലയാളത്തിന്റെ അഭിമാനഭാജനമായതും മറ്റൊരു കെ. ബാലകൃഷ്ണൻ ആയിരുന്നു. കേരളകൗമുദി സ്ഥാപകനായ സി.വി. കുഞ്ഞുരാമന്റെ ചെറുമകനും പത്രാധിപർ കെ. സുകുമാരന്റെ അനന്തരവനുമായ കെ. ബാലകൃഷ്ണൻ തനതായി ആരംഭിച്ച കൗമുദി വാരിക എന്ന പ്രസിദ്ധീകരണം അന്നത്തെ വായിക്കുന്ന തലമുറയുടെ ഹരമായിരുന്നു. സ്വന്തം കൈയൊപ്പിട്ട പ്രൗഢങ്ങളും ചിന്തോദ്ദീപകങ്ങളുമായ മുഖപ്രസംഗങ്ങൾ, അനീതികൾക്കെതിരെ തൊടുത്തുവിടുന്ന ലക്ഷ്യവേധികളായ വാക്ശരങ്ങൾ സാഹിത്യ സാംസ്കാരിക- കലാരംഗങ്ങളുടെ പരിച്ഛേങ്ങൾ, ഞാനെന്നഭാവം മുഴച്ചുനിൽക്കുന്ന നർമോക്തികൾ നിറഞ്ഞ ചോദ്യാേത്തരങ്ങൾ എന്നിവകൊണ്ട് സമ്പന്നമാക്കപ്പെട്ട ഒന്നായിരുന്നു കൗമുദി വാരിക.
പിൽക്കാലത്ത് മലയാളത്തിന്റെ മഹാകവികളായും പുരസ്കാര ജേതാക്കളായും നിരൂപകേസരികളായും നോവലിസ്റ്റുകളായും അറിയപ്പെട്ടവരിൽ അധികപേരും ആദ്യാക്ഷരങ്ങൾ എഴുതി പഠിച്ചത് കൗമുദി വാരികയിലൂടെയാണ്. മലയാളത്തിനുമപ്പുറം അറിയപ്പെട്ടിരുന്ന കെ. ബാലകൃഷ്ണന് അന്നത്തെ സമുന്നത ഇന്ത്യൻ എഴുത്തുകാരനായ മുൽഖ് രാജ് ആനന്ദ്, കിഷൻ ചന്ദർ, കെ.എ. അബാസ്, വി.പി. സാഠെ, പ്രശസ്ത നർത്തകിയായ മൃണാളിനി സാരാഭായി തുടങ്ങിയവരെ തന്റെ വാരികയിലെ സ്ഥിരം കോളമിസ്റ്റുകളാക്കാൻ കഴിഞ്ഞിരുന്നു. കൗമുദിയിൽ എഴുതുന്നതിൽ ഏറെയും ആരാധ്യരായ എഴുത്തുകാരായിരുന്നെങ്കിലും ആ പ്രസിദ്ധീകരണത്തിന്റെ മുഖ്യ ആകർഷണം കെ. ബാലകൃഷ്ണന്റെ ചിന്തോദ്ദീപകമായ മുഖപ്രസംഗങ്ങളും ചോദ്യോത്തരങ്ങളുമായിരുന്നു.