കോവളം: കൊവിഡ്19 മായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ഒരാഴ്ച ട്രിപ്പിൽ ലോക്ക് ഡൗൺ നിലവിൽ വന്നതോടെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിന്റെ ഉദ്ഘാടനം നീളാൻ സാധ്യത. കേരളത്തിന്റെ തനത് ശില്പ, കരകൗശലമേഖലയെയും പാരമ്പര്യ കലാരൂപങ്ങളെയും പരിചയപ്പെടുത്തുന്ന ടൂറിസം ലക്ഷ്യമിട്ടുള്ള പദ്ധതി ഊരാളുങ്കൽ തൊഴിലാളി കരാർ സഹകരണ സംഘമാണ് യാഥാർത്ഥ്യമാക്കുന്നത്. 2008ൽ ഉദ്ഘാടനം നടന്ന പദ്ധതി പാതിവഴിയിലായതിനെ തുടർന്ന് 2011ൽ പുനരുജീവിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടപ്പായില്ല. സാമൂഹ്യവിരുദ്ധ ശല്യം വർദ്ധിച്ചതോടെയാടെയാണ് ടൂറിസം വകുപ്പ് 25 വർഷത്തേക്ക് വടകരയിലെ തൊഴിലാളി സൊസൈറ്റിക്ക് കൈമാറാൻ തീരുമാനിച്ചത്. ഒന്നാം ഘട്ടം പൂർത്തിയായപ്പോഴാണ് ലോക്ക് ടൗൺ നിലവിൽ വന്നത്. ഇതോടെ ടൂറിസം നിശ്ചലമായതും തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങിയതും പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. വില്ലേജിൽ നിന്നും മുകളിലെ പാറക്കൂട്ടങ്ങളിലേക്കു പോകാനായി റോഡ് നിർമിക്കുന്നുണ്ട്. താഴ്വരയ്ക്കു മുകളിൽ നിന്നും നോക്കിയാൽ കോവളം കടലും സമീപപ്രദേശങ്ങളും കാണാം. ഈ ഭാഗത്ത് സന്ദർശകർക്കു വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും ചെറു ഹട്ടുകളും ഒരുക്കും. ഇതിന്റെ നിർമ്മാണം പൂർത്തിയായി വരുന്നതായും അധികൃതർ പറഞ്ഞു. വെള്ളാർ ക്രാഫ്റ്റ് വില്ലേജ് ഇന്ത്യയിൽ ഒന്നാം കിട പട്ടികയിൽ ഇടം നേടുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്.
കല കാരുണ്യത്തിനും
ശില്പനിർമാണത്തിനുള്ള പരിശീലനം, തനത് പാരമ്പര്യ കലാരൂപങ്ങൾ അവതരിപ്പിക്കാനും അവയെക്കുറിച്ച് പഠിക്കാനുമുള്ള സൗകര്യം എന്നിവയും ഇവിടെയുണ്ടാകും. പ്രദേശത്തെ 40 ഓളം കുടുബശ്രീ പ്രവർത്തകർക്ക് ഇവിടെ ജോലി നൽകിയിട്ടുള്ളതായി സൊസൈറ്റി അധികൃതർ പറഞ്ഞു. സൊസൈറ്റി പ്രവർത്തനം തുടങ്ങി ആറ് മാസം പിന്നിട്ടാൽ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി വെള്ളാർ, കോവളം, വാഴമുട്ടം പ്രദേശങ്ങളിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനും പദ്ധതിയുണ്ട്.
ഒന്നാം ഘട്ടത്തിൽ
സെയിൽസ് എമ്പോറിയം
ആർട്ട് ഗാലറികൾ
28 ക്രാഫ്റ്റ് സ്റ്റുഡിയോകൾ
നെയ്ത്ത് ഗ്രാമം (ഹാന്റ് വില്ലേജ്) ,
300 പേർക്കുള്ള കോൺഫറൻസ് ഹാൾ,
കുട്ടികളുടെ കളിക്കളം,
റസ്റ്റോറന്റ്, ആർട്സ് പ്രോഗ്രാം വേദി
മെറ്റൽ ക്രാഫ്റ്റ് സോൺ
ഔഷധസസ്യ തോട്ടം.
റൂട്ട് മാപ്പ്
അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ കോവളം സമുദ്രാബീച്ചിന് ഒരു കിലോമീറ്റർ മാറി വെള്ളാറിൽ ടൂറിസം വകുപ്പിന്റെ എട്ടര ഏക്കർ ഭൂമിയിലാണ് പദ്ധതി