primary

കിളിമാനൂർ: പണിതിട്ടും പണിതിട്ടും പണി തീരാത്ത പ്രാഥമികാരോഗ്യ കേന്ദ്രം. നഗരൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണിയാണ് കഴിഞ്ഞ കുറെ നാളുകളായി നടക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ വാടക കെട്ടിടത്തിൽ വീർപ്പുമുട്ടുകയായിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സ്വന്തമായി ഒരു കെട്ടിടം അനുവദിച്ചതോടെ നാട്ടുകാർ സന്തോഷിച്ചു. എന്നാൽ പണി തുടങ്ങി കാലം കുറെയായിട്ടും പണി തീരുന്ന മട്ടില്ല. നഗരൂറിന് സമീപം പഴയൊരു വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജീവനക്കാർക്ക് പോലും നിന്ന് തിരിയാൻ ഇടമില്ല. പഴയൊരു വീടായിരുന്ന കെട്ടിടത്തിന്റെ നാല് മുറികളിൽ ഒന്നിൽ മെഡിക്കൽ ഓഫീസറും മറ്റു മുറികൾ ഫാർമസി, ഓഫീസ്, സ്റ്റോർ റൂം തുടങ്ങിയവയായി പ്രവർത്തിക്കുന്നു.

ഇതിൽ സ്റ്റോർ റൂം മഴയിൽ ചോർന്നൊലിക്കുന്നു. രോഗികൾക്കായി പുറത്തൊരു വരാന്തയുണ്ടെങ്കിലും വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അവിടെ നിൽക്കാനാവൂ. ജീവനക്കാർ ഇരിപ്പിടം പോലുമില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയാണുള്ളത്. നഗരൂർ പഞ്ചായത്തിലെ ഏക ജീവിതശൈലി രോഗ നിർണയ കേന്ദ്രമായ ഇവിടെ രോഗ നിർണയ ദിവസങ്ങളിൽ മുന്നൂറോളം രോഗികളാണ് എത്തുന്നത്. അൻപത് പേരെ പോലും ഉൾക്കൊള്ളാൻ പറ്റാത്ത കെട്ടിടത്തിൽ ഇത് പലപ്പോഴും ഉന്തിലും തള്ളിലും കലാശിക്കുന്നു.

സ്ഥലപരിമിതി കാരണം അത്യന്തം ശ്രദ്ധ വേണ്ട നാല്പത്തി അഞ്ച് ദിവസം മാത്രമുള്ള കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പെടുക്കുന്നത് മറ്റു പകർച്ചവ്യാധികൾ വരെയുള്ള രോഗികൾക്കൊപ്പമാണ്. ജീവിത ശൈലി രോഗങ്ങളുമായി എത്തുന്നവരും പാലിയേറ്റീവ് രോഗികളും ആശുപത്രിയിൽ എത്തിയാൽ ഒന്നിരിക്കാൻ പോലും പറ്റാതെ തളർന്നു വീഴുന്നതും പതിവ് കാഴ്ചയാണ്. പനിക്കാലമായതോടെ രോഗികളുടെ എണ്ണം വർദ്ധിക്കുകയും സ്ഥലപരിമിതി കൊണ്ട് കൂടുതൽ വീർപ്പുമുട്ടുകയുമാണ് ജീവനക്കാർ. എത്രയും വേഗം പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കണമെന്നാണ് ആവശ്യം.