ചിറയിൻകീഴ്: അഞ്ചുതെങ്ങ് മുതലപ്പൊഴി ഫിഷിംഗ് ഹാർബറിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവന്ന എൻജിൻ ഘടിപ്പിച്ച വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞു. ഇന്നലെ രാവിലെയാണ് സംഭവം. വള്ളത്തിലുണ്ടായിരുന്ന സ്റ്റെല്ലസ്, മനു, അജി, ബിജു എന്നീ മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. അഞ്ചുതെങ്ങ് പുതുവൽ പുരയിടത്തിൽ ബിജു പത്രോസിന്റെ വള്ളമാണ് മറിഞ്ഞത്. ഞായറാഴ്ച വൈകിട്ടാണ് മത്സ്യബന്ധനത്തിനായി ഇവർ കടലിലേയ്ക്ക് പോയത്. വള്ളവും വലയും എൻജിനും ഉൾപ്പെടെ പൂർണ്ണമായും നഷ്ടപ്പെട്ടു. ഏഴ് ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. പരിക്കേറ്റ മത്സ്യത്തൊഴിലാളികൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അടുത്ത കാലത്താണ് മത്സ്യബന്ധനത്തിനായി അഞ്ചുതെങ്ങ് മുതലപ്പൊഴി ഫിഷിംഗ് ഹാർബർ ഔദ്യോഗികമായി സർക്കാർ തുറന്നുകൊടുത്തത്. അപകടങ്ങൾ മത്സ്യതൊഴിലാളികൾക്കിടയിൽ ആശങ്ക ഉളവാക്കുന്നു.