തിരുവനന്തപുരം : വെന്റിലേറ്ററിന്റെ അഭാവത്തിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ ശ്വസനത്തെ സഹായിക്കാൻ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച എയർബ്രിഡ്ജ് വിപ്രോ ചിത്ര - എമർജൻസി ബ്രീതിംഗ് അസിസ്റ്റ് സിസ്റ്റം ഇന്ന് വിപണിയിലെത്തും.
വീഡിയോ കോൺഫറൻസ് വഴി ശ്രീചിത്ര പ്രസിഡന്റ് ഡോ. വി.കെ. സാരസ്വത് എയർബ്രിഡ്ജിന്റെ ലോഞ്ചിംഗ് നിർവഹിക്കും. ശ്രീചിത്ര ഡയറക്ടർ ഡോ. ആശാ കിഷോർ, ഡോ. രാജീവ് തായൽ, വിപ്രോ ഇൻഫ്രാസ്ട്രക്ചർ എൻജിനീയറിംഗ് സി.ഇ.ഒ പ്രതീക് കുമാർ, വിപ്രോ ത്രീഡി വൈസ് പ്രസിഡന്റ് അജയ് പരീഖ് എന്നിവർ പങ്കെടുക്കും. പരമാവധി അൻപതിനായിരം രൂപയായിരിക്കും എയർബ്രിഡ്ജിന്റെ വിപണിവില. ശ്രീചിത്രയുടെ ബയോടെക്‌നോളജി വിഭാഗത്തിലെ ഡിവിഷൻ ഒഫ് ആർട്ടിഫിഷ്യൽ ഓർഗൻസിലെ എൻജിനീയർമാരായ ശരത്, വിനോദ്, നാഗേഷ്, അനസ്‌തേഷ്യ വിഭാഗം ഡോക്ടർമാരായ പ്രൊഫ. തോമസ് കോശി, പ്രൊഫ. മണികണ്ഠൻ എന്നിവരടങ്ങിയ സംഘമാണ് എയർബ്രിഡ്ജ് വികസിപ്പിച്ചത്. തുടർന്ന് വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിനായി വിപ്രോ ത്രീഡിക്ക് കൈമാറുകയായിരുന്നു.
എയർബ്രിഡ്ജ് ബ്രീതിംഗ് അസിസ്റ്റ് സിസ്റ്റം
ഉപകരണത്തിലെ ബാഗ് വാൽവ് മാസ്‌ക് (ബി.വി.എം) സംവിധാനം നിശ്ചിത ഇടവേളകളിൽ സ്വയം പ്രവർത്തിച്ച് വായു അകത്തേക്ക് വലിക്കുകയും പുറത്തുവിടുകയും ചെയ്യുന്നതിലൂടെ അളവ് നിയന്ത്രിച്ച് രോഗിയുടെ ശരീരത്തിൽ ഓക്‌സിജൻ എത്തിക്കാനും പോസിറ്റീവ് പ്രഷർ നൽകാനും കഴിയും. ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് അനായാസം മാറ്റാൻ കഴിയുന്ന ഉപകരണം ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. എയർബ്രിഡ്ജ് പ്രവർത്തിപ്പിക്കാൻ പ്രത്യേക പരിശീലനം വേണ്ട. ആംബുലൻസുകൾ, വാർഡുകൾ, മാളുകൾ, വിമാനത്താവളങ്ങൾ, ഐ.സി.യു എന്നിവിടങ്ങളിൽ കൃത്രിമശ്വാസം നൽകുന്നതിന് ഇത് ഉപയോഗിക്കാം.