നെടുമങ്ങാട് :കോർപ്പറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ അതിർത്തി പങ്കിടുന്ന കരകുളം ഗ്രാമപഞ്ചായത്ത് രോഗവ്യാപന സാദ്ധ്യത തടയാൻ പൊതുമാർക്കറ്റുകളും വഴിയോര കച്ചവടങ്ങളും തട്ടുകടകളും ഒരാഴ്ച അടച്ചിടും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് അനിലയുടെ അദ്ധ്യക്ഷതയിൽ പൊലീസ്,ഹെൽത്ത്,റവന്യു ഉദ്യോഗസ്ഥരും വ്യാപാരി വ്യവസായി സംഘടനകളും പൊതുപ്രവർത്തകരും യോഗം ചേർന്നാണ് തീരുമാനമെടുത്തത്.വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും വൈകിട്ട് 6ന് മുമ്പ് അടയ്ക്കണം.കടയിൽ വരുന്നവരുടെ മേൽവിലാസം ഫോൺ നമ്പർ സഹിതം എഴുതി സൂക്ഷിക്കണം.ഒരേസമയം അഞ്ച് പേരിൽ കൂടുതൽ കടകളിൽ പാടില്ല.ആട്ടോ ഡ്രൈവർമാർ കൂട്ടംകൂടി നിൽക്കരുതെന്നും സാനിറ്റൈസർ നിർബന്ധമായും ഉപയോഗിക്കണെമന്നും 60 വയസിനു മുകളിലുള്ളവരും കുട്ടികളും വീടിനു പുറത്തിറങ്ങുന്നത് തടയണമെന്നും യോഗം തീരുമാനിച്ചു.ജില്ലാ പഞ്ചായത്തംഗം ഉഷാകുമാരി,വൈസ് പ്രസിഡന്റ് ആർ.പ്രമോദ്കുമാർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻമാരായ ചിത്ര,പുഷ്പകുമാരി,പി.എൻ മധു എന്നിവർ നേതൃത്വം നൽകി.