തിരുവനന്തപുരം: തലസ്ഥാനത്തെ ട്രിപ്പിൾ ലോക്ക് ഡൗൺ കാരണം സെക്രട്ടേറിയറ്റ് അടച്ചിട്ടതോടെ, മുഖ്യമന്ത്രിയും തലസ്ഥാനത്തുള്ള മന്ത്രിമാരും ജോലി ഔദ്യോഗിക വസതിയിലാക്കി. സെക്രട്ടേറിയറ്റിലെ അവരുടെ ഓഫീസുകൾ അടഞ്ഞു കിടക്കുന്നു. നാളത്തെ പതിവ് മന്ത്രിസഭായോഗം ചേർന്നേക്കില്ല.
ഗവർണറുടെ ഒൗദ്യോഗിക വസതിയായ രാജ് ഭവനിലെ ഒാഫീസും പ്രവർത്തിക്കുന്നില്ല. ചീഫ്സെക്രട്ടറി ഡോ.വിശ്വാസ് മേത്തയുടെയും ആഭ്യന്തര, ആരോഗ്യ, നോർക്ക സെക്രട്ടറിമാരുടെയും ഓഫീസുകൾ മാത്രമാണ് നാമമാത്ര ജീവനക്കാരുമായി പ്രവർത്തിക്കുന്നത്. കേന്ദ്രത്തിൽ നിന്നുള്ള സന്ദേശങ്ങൾ ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതിനാലാണിത്. കൊവിഡ് വാർ റൂമും കാന്റീനും നാമമാത്രമായി പ്രവർത്തിപ്പിക്കും. പ്രിൻസിപ്പൽ സെക്രട്ടറിമാരടക്കമുള്ളവരുമായി ടെലഫോണിലും വീഡിയോ കോൺഫറൻസിലൂടെയുമാണ് ചീഫ്സെക്രട്ടറിയുടെ ആശയ വിനിമയം.