കൊച്ചി: പനമ്പ് നെയ്ത്ത് തൊഴിലാളികൾക്ക് ഇനി പ്രതീക്ഷയുടെ കാലമാണ്. കൂടുതൽ ഉല്പാദത്തിനൊപ്പം തൊഴിൽ ദിനവും ഭേദപ്പെട്ട കൂലിയും ഉറപ്പാക്കുന്ന സാമൂഹ്യ യന്ത്രവത്കൃത പനമ്പ് നെയ്ത്ത് കേന്ദ്രം തുറന്നതാണ് കൊവിഡ് കാലത്തും പ്രതീക്ഷ നൽകുന്നത്. സംസ്ഥാന ബാംബൂ കോർപറേഷൻ ചേരാനല്ലൂർ ഓച്ചാൻതുരുത്തിൽ ആരംഭിക്കുന്ന സാമൂഹ്യ യന്ത്രവത്കൃത പനമ്പ് നെയ്ത്ത് കേന്ദ്രം മന്ത്രി ഇ.പി.ജയരാജൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. അടുത്ത കേന്ദ്രം ചുള്ളിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. 15 കേന്ദ്രങ്ങൾ ഇതിനോടകം പ്രവർത്തനം ആരംഭിച്ചു. 50 ഓളം പേർക്ക് നേരിട്ടും നൂറോളം തൊഴിലാളികൾക്ക് അനുബന്ധമായും തൊഴിൽ ലഭിക്കും.

7.8 കോടിയുടേതാണ് പദ്ധതി. യന്ത്രത്തിന്റെ സഹായത്തോടെ അളിയെടുത്ത് നൽകുന്നതിലൂടെ തൊഴിലാളിക്ക് ഉല്പാദനം വർധിപ്പിക്കാനും കൂടുതൽ കൂലി ലഭ്യമാക്കാനും കഴിയും. ഓഫീസ് പ്രവർത്തനങ്ങൾ കമ്പ്യൂട്ടർവത്കരിച്ചു കഴിഞ്ഞു. കൂലി ബാങ്ക് അക്കൗണ്ട് വഴി നൽകും. ദിവസം മൂന്നോ നാലോ പനമ്പ് നെയ്തിരുന്നിടത്ത് അതിന്റെ ഇരട്ടി പനമ്പുകൾ യന്ത്രവത്കൃത സംവിധാനത്തിലൂടെ പൂർത്തിയാക്കാൻ കഴിയും. 350 രൂപ കൂലി കിട്ടിയിരുന്നതിൽ നിന്നും അതിന്റെ ഇരട്ടി കൂലി ലഭിക്കും.

ബാംബൂ കോർപ്പറേഷൻ ചെയർമാൻ കെ.ജെ. ജേക്കബ് വീഡിയോ കോൺഫറൻസിൽ ഫലകം അനാച്ഛാദനം ചെയ്തു. പനമ്പ് നെയ്ത്ത് കേന്ദ്രം നിർമ്മിച്ച വി.വി. സന്തോഷ് കുമാറിനെ ചെയർമാൻ ചടങ്ങിൽ ആദരിച്ചു. വാർഡ് അംഗം സാനി ജോർജ് അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ എ.എം. അബ്ദുൾ റഷീദ്, ബാംബൂ കോർപ്പറേഷൻ ഡയറക്ടർമാരായ ടി.പി. ദേവസിക്കുട്ടി, സി.വി.ശശി, സി.കെ. സലിം കുമാർ, മാനേജർ ആർ.കെ. അർജുനൻ തുടങ്ങിയവർ പങ്കെടുത്തു.

"സംസ്ഥാന സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ബാംബൂ കോർപറേഷൻ വികസനത്തിന്റെ പാതയിലാണ്. കൊവിഡ് പശ്ചാത്തലത്തിൽ തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിൽ നിന്നുള്ള സഹായവും നൽകി. കോർപറേഷൻ സ്വയം പര്യാപ്തത നേടുന്നതിന് വിവിധങ്ങളായ പദ്ധതികൾ ആസൂത്രണം ചെയ്തു വരികയാണ്‌

ഇ.പി.ജയരാജൻ

വ്യവസായ മന്ത്രി