തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗൺ ആദ്യദിനം തന്നെ ജനങ്ങൾക്ക് സമ്മാനിച്ചത് കനത്ത ദുരിതം. ജനങ്ങൾക്ക് അവശ്യസാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടപ്പായില്ല. സാധനങ്ങൾ വീട്ടിലെത്തിക്കാനാകില്ലെന്നും സത്യവാങ്മൂലവുമായി ജനങ്ങൾക്ക് ഏറ്റവും അടുത്ത കടയിൽ പോയി സാധങ്ങൾ വാങ്ങണമെന്നും പൊലീസ് ഇന്നലെ ഉച്ചയോടെ വ്യക്തമാക്കി. അവശ്യ സാധനങ്ങൾ വാങ്ങാൻ ജനങ്ങൾക്ക് രാവിലെ 7 മുതൽ 11 വരെ സമയം നൽകുമെന്ന് ജില്ലാകളക്ടറും അറിയിച്ചു. എന്നാൽ കളക്ടറുടെ ഈ അറിയിപ്പ് വന്നപ്പോഴേക്കും നിശ്ചയിച്ച സമയപരിധി പിന്നിട്ടിരുന്നു. ഇതോടെ ആശയക്കുഴപ്പമായി. പെട്ടെന്ന് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ തന്നെ മുന്നൊരുക്കങ്ങൾ നടത്താൻ ജനങ്ങൾക്ക് സമയം ലഭിച്ചിരുന്നില്ല. നേരത്തെ സാധനങ്ങൾ വാങ്ങിവച്ചിരുന്നവർക്ക് ബുദ്ധിമുട്ടുണ്ടായില്ല. ലോഡ്‌ജുകളിലും മറ്റും താമസിക്കുന്നവരാണ് ഏറെ വലഞ്ഞത്. കടകൾ തുറക്കാതായതോടെ സാധനങ്ങൾ വാങ്ങാൻ നിവൃത്തിയില്ലാത്ത അവസ്ഥ. സഹികെട്ടതോടെ ജനം പൊലീസ് സ്റ്റേഷനുകളിലേക്കും കളക്ടറേറ്റിലേക്കും ഫോൺ വിളിയായി. ഇടതടവില്ലാതെ ഫോൺ വിളികൾ എത്തിയതോടെ അധികൃതർ ഫോണെടുക്കാതെയായി. ഇതോടെ മാദ്ധ്യമ സ്ഥാപനങ്ങളിലേക്കായി പരാതിപ്രളയം. അവശ്യസാധനങ്ങൾ വീടുകളിലെത്തിക്കാൻ പൊലീസിനെ നിയോഗിക്കാനായിരുന്നു തീരുമാനം. എന്നാൽ ലോക്ക് ഡൗൺ ലംഘിച്ച് നിരത്തിലിറങ്ങിയ വാഹനങ്ങൾ പരിശോധിക്കുന്നതിലും തിരിച്ചയയ്ക്കുന്നതിലുമായിരുന്നു പൊലീസ് കൂടുതൽ ശ്രദ്ധിച്ചത്. ചിലയിടത്ത് തുറന്ന കടകൾ പൊലീസെത്തി അടപ്പിച്ചെന്ന് പരാതി വന്നതോടെയാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാൻ അധികൃതർ തീരുമാനിച്ചത്.
പൊലീസ് വലയത്തിൽ നഗരം
ഇന്നലെ നഗരം കനത്ത പൊലീസിന്റെ കനത്ത സുരക്ഷാവലയത്തിലായിരുന്നു. ജില്ലയ്ക്കുള്ളിൽ നിന്ന് നഗരത്തിലേക്ക് പ്രവേശിക്കാനെത്തിയ വാഹനങ്ങൾ അതിർത്തിയിൽ പൊലീസ് തടഞ്ഞു. കർശന പരിശോധനയ്‌ക്ക് ശേഷം മാത്രമാണ് വാഹനങ്ങൾ കടത്തിവിട്ടത്. മതിയായ കാരണങ്ങളില്ലാതെ വാഹനവുമായി പുറത്തിറങ്ങിയവരെ പൊലീസ് മടക്കി അയച്ചു. അതിർത്തി പ്രവേശന കവാടങ്ങളും പ്രധാന റോഡുകളും ബാരിക്കേഡും കയറും ഉപയോഗിച്ച് കെട്ടിയടച്ചു. മറ്റു സ്ഥലങ്ങളിൽ വനിതാ പൊലീസുകാരെയടക്കം നിയോഗിച്ചു. നഗരത്തിൽ ഇന്നലെ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളൊന്നും സർവീസ് നടത്തിയില്ല. ആട്ടോ, ടാക്‌സികളും നിരത്തിലിറങ്ങിയില്ല. ജില്ലയ്‌ക്ക് പുറത്തുനിന്നുള്ള ബസ് സർവീസുകൾ നഗരാതിർത്തികൾക്ക് മൂന്ന് കിലോമീറ്റർ അകലെ സർവീസ് അവസാനിപ്പിച്ചു. വിദേശരാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി എയർപോർട്ട്, റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക സർവീസുകൾ നടത്തി.