കൊച്ചി: കൊവിഡ് സെന്ററാക്കി മാറ്റിയ എറണാകുളം മെഡിക്കൽ കോളേജിൽ മറ്റു രോഗങ്ങൾക്കും ചികിത്സ പുനരാരംഭിക്കണമെന്ന് ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) ആവശ്യപ്പെട്ടു. മൂന്നു മാസത്തിലേറെയായി അടച്ചിട്ട ആശുപത്രിയുടെ മറ്റു വിഭാഗങ്ങൾ തുറക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഡോക്ടർമാരും രംഗത്തെത്തിയത്. കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് മാത്രമായി മെഡിക്കൽ കോളേജ് ചുരുങ്ങിയത് മൂലം വിദ്യാർത്ഥികളുടെ പഠനവും മറ്റു രോഗികളുടെ ചികിത്സയും പ്രതിസന്ധിയിലാണ്. അയൽ ജില്ലകളിൽ നിന്നുള്ളവർ ആശ്രയിക്കുന്നത് മെഡിക്കൽ കോളേജിനെയാണ്. കോളേജിന്റെ മനുഷ്യവിഭവശേഷിയും സൗകര്യങ്ങളും ഉപകരണങ്ങളും ഉപയോഗിക്കാൻ കഴിയുന്നില്ല. എം.ബി.ബി.എസ് ബിരുദാന്തതര വിദ്യാർത്ഥികളുടെ പഠനത്തിനും വിദഗ്ദ്ധ ചികിത്സയ്ക്കും ആശ്രയിച്ചിരുന്ന സ്ഥാപനമാണ്.
സേവനം കൊവിഡ് ഗുരുതര രോഗികളുടെെ പരിചരണത്തിന് മാത്രമായി നിജപ്പെടുത്തി ഘട്ടം ഘട്ടമായി മറ്റു പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് കേരള പ്രസിഡന്റ് ഡോ. വിധുകുമാർ കെ, സെക്രട്ടറി ഡോ. ഉൻമേഷ് എ.കെ എന്നിവർ ആവശ്യപ്പെട്ടു.മെഡിക്കൽ കോളേജിൽ എല്ലാവർക്കും ചികിത്സ ലഭ്യമാക്കണമെന്ന് പി.ടി. തോമസ് എം.എൽ.എയും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റും നേരത്തെ ആവശ്യപ്പെട്ടിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലേക്കാണ് മെഡിക്കൽ കോളേജിലെ മറ്റു രോഗികളെ ഇപ്പോൾ പറഞ്ഞുവിടുന്നത്.
എല്ലാവർക്കും ചികിത്സ ഉറപ്പാക്കണം
മെഡിക്കൽ കോളേജിൽ എല്ലാ രോഗികൾക്കും ചികിത്സ ഉറപ്പാക്കണമെന്ന് ബി.ജെ.പി സംസ്ഥാന മദ്ധ്യമേഖല സെക്രട്ടറി സി.ജി രാജഗോപാൽ ആവശ്യപ്പെട്ടു. കഴിഞ്ഞ നാലു മാസമായി കൊവിഡ് ബാധിതർക്ക് മാത്രമേ ചികിത്സ നൽകുന്നുള്ളു. ഓപ്പറേഷനുകൾ, സ്കാനിംഗ് ടെസ്റ്റുകൾ, ഹൃദ്രോഗികൾക്ക് ആൻജിയോപ്ളാസ്റ്റി ഓപ്പറേഷനുകൾ എന്നിവ നടത്തുന്നില്ല. കാൻസർ സെന്ററും അവിടെ നിന്നു മാറ്റി. കീമോതെറാപ്പി വാർഡിൽ കൊവിഡ് രോഗികളെയാണ് കിടത്തിയിരിക്കുന്നത്. കാൻസർ സെന്റർ അവിടെ തിരിച്ച് കൊണ്ട് വരണമെന്നും കൊവിഡ് ആശുപത്രി മാത്രമായാൽ മെഡിക്കൽ കോളേജും കാൻസർ സെന്ററും ഇല്ലാതാകും എന്ന ആശങ്കയിലാണ് ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു.