cbi

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ യു.എ.ഇ കോൺസുലേറ്റിന്റെ പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽ 30 കിലോയിലേറെ സ്വ‌ർണം കടത്തിയത് സി.ബി.ഐ അന്വേഷിക്കും. വിദേശത്തടക്കം അന്വേഷണം നടത്തേണ്ടതിനാലും ഇന്ത്യയുമായി നല്ല നയതന്ത്രബന്ധം പുലർത്തുന്ന രാജ്യത്തെ കരുവാക്കിയുള്ള കള്ളക്കടത്തായതിനാലും അന്വേഷണം സി.ബി.ഐ സ്വമേധയാ ഏറ്റെടുത്തേക്കും. ബാഗേജ് വിട്ടുകൊടുക്കാൻ ഉന്നതതല സ്വാധീനമുണ്ടായെന്ന് കസ്റ്റംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കസ്റ്റംസ്, എയർകാർഗോ എന്നിവയിലെ ചില ഉദ്യോഗസ്ഥരും സംശയത്തിന്റെ നിഴലിലാണ്. സി.ബി.ഐ കൊച്ചി യൂണിറ്റോ ചെന്നൈയിലെ ദക്ഷിണ ജോയിന്റ് ഡയറക്ടറുടെ മേൽനോട്ടത്തിലുള്ള സംഘമോ ആവും അന്വേഷിക്കുക.

വിമാനത്താവളത്തിലെ എയർകസ്റ്റംസ് സൂപ്രണ്ടായിരുന്ന രാധാകൃഷ്ണന്റെ ഒത്താശയിൽ 230 കോടി രൂപ വിലയുള്ള 680 കിലോഗ്രാം സ്വർണം കടത്തിയ കേസ് സി.ബി.ഐ അന്വേഷിക്കുകയാണ്. രാധാകൃഷ്‌ണനെ ഒന്നാം പ്രതിയാക്കി സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ചിട്ടുണ്ട്. കസ്​റ്റംസ് ഇന്റലിജൻസിലെ അഞ്ച് ഉദ്യോഗസ്ഥരും അന്വേഷണം നേരിടുന്നു. ഇതിനുപിന്നാലെയാണ് കോൺസുലേറ്റിന്റെ പേരിൽ വ്യാജരേഖ ചമച്ച് ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ചത്. കോൺസുലേറ്റിലെ ഉദ്യോഗസ്ഥനെത്തി ഫോം-7 പൂരിപ്പിച്ചുനൽകാതെ ഡിപ്ലോമാറ്റിക് ബാഗേജ് കൈമാറരുതെന്നാണ് ചട്ടം. എന്നാൽ കോൺസുലേറ്റിൽ നിന്ന് പുറത്താക്കിയ ആൾക്ക് എങ്ങനെ പലവട്ടം ബാഗേജ് ഏറ്റുവാങ്ങാനായെന്നും സി.ബി.ഐ അന്വേഷിക്കും. യു.എ.ഇ സർക്കാരിന്റെ അനുമതി നേടിയശേഷം കോൺസുലേറ്റിലുള്ളവരുടെ പങ്കിനെക്കുറിച്ചും സി.ബി.ഐക്ക് അന്വേഷിക്കാനാവും. മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐ.ടി വകുപ്പ് സെക്രട്ടറിയുമായ എം.ശിവശങ്കറിന് കോൺസുലേറ്റ് പുറത്താക്കിയ രണ്ടുപേരുമായുള്ള ബന്ധവും അന്വേഷിക്കും. കേന്ദ്രസർക്കാ‌ർ ഉദ്യോഗസ്ഥർ അഴിമതി, കള്ളക്കടത്ത് കേസുകളിൽ കുടുങ്ങിയാൽ സി.ബി.ഐക്ക് സ്വമേധയാ അന്വേഷിക്കാനാവും. ബാഗേജ് പരിശോധിക്കുന്നത് തടയാൻ ശ്രമിച്ചെന്നും ഉന്നതൻ ഭീഷണിപ്പെടുത്തിയെന്നും കസ്റ്റംസ് കേന്ദ്രസ‌ർക്കാരിന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതും സി.ബി.ഐ അന്വേഷിക്കും.

ഉത്തരം കണ്ടെത്തേണ്ടത്

ഇത്രയധികം സ്വ‌ർണം ആദ്യശ്രമത്തിൽ കടത്താനാവില്ല. സമാനരീതിയിൽ നിരവധിതവണ സ്വ‌‌ർണം കടത്തിയിട്ടുണ്ടാവും. ഡോർഹാൻഡിൽ, സ്റ്റീൽ റോഡ് എന്നിവയ്ക്കുള്ളിൽ അതേ ആകൃതിയിൽ സ്വർണം പിടിപ്പിച്ചതെവിടെയാണ്, ആർക്കുവേണ്ടിയാണെത്തിച്ചത്, പണംമുടക്കിയതാര്, പണം വിദേശത്ത് എത്തിച്ചതെങ്ങനെ, കോൺസുലേറ്റിൽ എത്തിക്കുംമുൻപ് സ്വർണം എവിടെവച്ചാണ് മാറ്റുന്നത്, മുൻപ് ലഭിച്ച ബാഗേജുകൾ കോൺസുലേറ്റിലെ ഏത് ഉദ്യോഗസ്ഥനാണ് ഏറ്റുവാങ്ങിയത്?​ ഇങ്ങനെ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. യു.എ.ഇയിലെ ഇന്ത്യൻ എംബസിയിലും ദുബായ് കോൺസുലേറ്റിലും സി.ബി.ഐ ഉദ്യോഗസ്ഥരുണ്ട്, ചെറിയ യൂണിറ്റുമുണ്ട്. അതിനാൽ അവിടത്തെ അന്വേഷണം എളുപ്പമാവും.

സി.ബി.ഐ വന്നാൽ

1. കസ്റ്റംസിന്റെ എഫ്.ഐ.ആർ റീ രജിസ്റ്റർ ചെയ്യും

2. സർക്കാരിനുണ്ടായ നഷ്ടം, അഴിമതി വിശദമായി അന്വേഷിക്കും

3. തെളിവുകൾ കണ്ടെടുക്കാൻ കൂടുതൽ സംവിധാനമുണ്ട്

4. വിദേശത്തടക്കം നിഷ്‌പ്രയാസം അന്വേഷണം നടത്താം

5. നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാം