
കൂത്തുപറമ്പ്: തൊടിക്കളത്തെ സി.പി.എം പ്രവർത്തകൻ പി. രാഗേഷ് വെട്ടേറ്റു മരിച്ച സംഭവത്തിൽ രണ്ടു പേരെ കണ്ണവം പൊലീസ് അറസ്റ്റുചെയ്തു. തൊടീക്കളം യു.ടി.സി. കോളനിക്കു സമീപത്തെ പറമ്പത്ത് വീട്ടിൽ ടി. രവീന്ദ്രൻ (35), അളിയൻ പി. ബാബു (32), എന്നിവരെയാണ് കണ്ണവം സി.ഐ. അറസ്റ്റുചെയ്തത്.കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത ഇരുവരെയും പൊലീസ് ചോദ്യം ചെയ്തപ്പോൾ കുറ്റം സമതിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്. കൊല്ലപ്പെട്ട രാഗേഷിന്റെ സുഹൃത്തുക്കളാണ് അറസ്റ്റിലായ രണ്ടുപേരും. അന്വേഷണോദ്യോഗസ്ഥനായ കണ്ണവം സി.ഐ. കെ.സുധീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.സംഭവത്തിൽ രാഷട്രീയമില്ലെന്നും വ്യക്തിപരമായ സംഭവങ്ങളാണ് കൊലപാതകത്തിനു പിന്നിലെന്നും കണ്ണവം സി.ഐ. കെ. സുധീർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നു പൊലീസ് അന്വേഷിച്ചു വരികയാണ്.തൊടീക്കളം കുടുംബാരോഗ്യകേന്ദ്രത്തിനു സമീപത്തെ യു.ടി.സി. കോളനിക്കടുത്ത് വച്ച് ഞായറാഴ്ച്ച പുലർച്ചെ 6.30 ഓടെ പ്രതികൾ രാഗേഷിനെ വെട്ടിപ്പരുപ്പേൽപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടു പോകുംവഴിയാണ് മരണം സംഭവിച്ചത്.