കൊല്ലം: പുന്തലത്താഴത്തെ വീട്ടിൽ അനധികൃത വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 42 ചാക്ക് റേഷനരി കിളികൊല്ലൂർ പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ കിളികൊല്ലൂർ പുന്തലത്താഴം കട്ടവിള റാഷിദ് മൻസിലിൽ റഹീമിനെ (54) കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. വീടിനുള്ളിലും സമീപത്തെ ഷെഡിലുമായിട്ടായിരുന്നു വെള്ള, റോസ് ഇനത്തിൽപ്പെട്ട അരി സൂക്ഷിച്ചിരുന്നത്. ഇലക്‌ട്രോണിക് ത്രാസും ഇവിടെ നിന്ന് പിടിച്ചെടുത്തു. സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ആർ. ജയകുമാർ,കിളികൊല്ലൂർ എസ്.ഐ ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധ. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തിയാണ് പിടിച്ചെടുത്തത് റേഷനരിയാണെന്ന് സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് റഹീമിന് റേഷൻ ധാന്യങ്ങൾ ലഭിച്ചതെന്ന് കണ്ടെത്താനായില്ല. കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം കൊല്ലം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റേഷൻ ധാന്യങ്ങൾ പിടിച്ചെടുത്തെങ്കിലും എവിടെ നിന്നാണ് റേഷൻ കടത്തിയതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. കോടതിയിൽ ഹാജരാക്കിയ റഹീമിനെ റിമാൻഡ് ചെയ്തു.