ബാലരാമപുരം: ഗൃഹനാഥനെ വീട്ടിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാക്കാമൂല കുളങ്ങരക്കോണത്ത് ശ്രീകണ്ഠൻ(53) ആണ് മരിച്ചത്. ഇന്നലെ രാവിലെയോടെയാണ് മരിച്ച നിലയിൽ കണ്ടത്. ഒപ്പം ജോലി ചെയ്യുന്ന രാജുദാസ് ശ്രീകണ്ഠനെ കാണാൻ വീട്ടിലെത്തിയപ്പോൾ ഇദ്ദേഹത്തിന് ചെറിയ തോതിൽ ഷോക്കേറ്റു. കല്ലിയൂർ കെ.എസ്.ഇ.ബി സെക്ഷനെ ഇദ്ദേഹം വിവരമറിയിച്ചു. ലൈൻ ഓഫാക്കിയതിനുശേഷമാണ് പൊലീസും നാട്ടുകാരും വീട്ടിലേക്ക് പ്രവേശിച്ചത്. മോഷ്ടാക്കൾ കടക്കാതിരിക്കാൻ ചെറിയ കമ്പി ഉപയോഗിച്ച് വീടിന്റെ ചില ഭാഗങ്ങളിൽ കണക്ഷൻ നൽകിയിരുന്നതായി കെ.എസ്.ഇ.ബി അധികൃതർ കണ്ടെത്തിയിട്ടുണ്ട്.ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം. അബദ്ധത്തിൽ ഷോക്കേറ്റതാകാമെന്നാണ് പൊലീസ് നിഗമനം. ഭാര്യ: സരസ്വതി. മക്കൾ: അർച്ചന,വിഷ്ണു.