gold

തിരുവനന്തപുരം: നാല് സംഘങ്ങൾക്കു വേണ്ടിയാണ് തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണക്കടത്ത് നടത്തുന്നത്. മൂവാറ്റുപുഴ, കാസർകോട്, കോഴിക്കോട്, പെരുമ്പാവൂർ സംഘങ്ങളാണിവ. സ്വർണവ്യാപാരികൾക്കു വേണ്ടിയാണ് കടത്ത്. പെരുമ്പാവൂർ, മൂവാറ്റുപുഴ ഗ്യാംങ്ങുകൾക്ക് തീവ്രവാദ ബന്ധവുമുണ്ടെന്ന് റവന്യൂ ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്. സ്വർണക്കടത്തിലൂടെ കിട്ടുന്ന പണം തീവ്രവാദത്തിനായി ഉപയോഗിക്കുന്നതായാണ് വിവരം. നെടുമ്പാശേരി, കരിപ്പൂർ തുടങ്ങി മറ്റു വിമാനത്താവളങ്ങൾ വഴിയും ഈ നാല് സംഘങ്ങളും സ്വർണക്കടത്ത് നടത്തുന്നുണ്ട്.

കോഴിക്കോട് ഇരട്ടസ്ഫോടനക്കേസിലെ പ്രതിയായിരുന്ന അബ്ദുൾഹാലിം, പെരുമ്പാവൂർ സ്വദേശികളായ അജിംസ്, അനസ്, കണ്ണൂർ സ്വദേശി നസീർ എന്നിവരടക്കം എട്ടുപേരാണ് പെരുമ്പാവൂർ സംഘത്തിലെ പ്രധാനികൾ. നേരത്തേ സ്വർണക്കടത്ത് കേസിൽ പിടിയിലായ ഈ സംഘത്തിലെ 4പേർക്കു മാത്രം 100 കോടിയിലേറെ ആസ്തിയുണ്ടെന്ന് ഡി.ആർ.ഐ കണ്ടെത്തിയിരുന്നു. സ്വത്ത് കണ്ടുകെട്ടാൻ കേന്ദ്രസാമ്പത്തികകാര്യ രഹസ്യാന്വേഷണ വിഭാഗവും നടപടിയെടുത്തിരുന്നു. മുംബയ് വിമാനത്താവളംവഴി നടത്തിയ 200 കിലോഗ്രാം സ്വർണക്കടത്തിലും ഇവർക്കെതിരായാണ് അന്വേഷണം.