cm

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഐ.ടി വകുപ്പിലെ സുപ്രധാന തസ്തികയിൽ നിയമിതയായത് ഏത് സാഹചര്യത്തിലാണെന്ന് കൃത്യമായി അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ‌

'ഞാനറിഞ്ഞുകൊണ്ടുള്ള ഒരു നടപടിയുമല്ല ഉണ്ടായിരിക്കുന്നത്. അതിലെ സാഹചര്യം ഏതാണെന്ന് മനസ്സിലാക്കാൻ നോക്കാം '- ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ഐ.ടി സെക്രട്ടറി ശിവശങ്കരനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല.

സ്വർണ്ണക്കടത്ത് കേസിൽ പ്രതിയെ രക്ഷിക്കാൻ ആദ്യത്തെ ഫോൺകാൾ പോയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ആരോപണം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, എന്ത് അസംബന്ധവും വിളിച്ചുപറയാൻ കരുത്തുള്ള നാക്കുണ്ടെന്ന് കരുതി എന്തും വിളിച്ചുപറയാമെന്ന് കരുതരുതെന്ന് മുഖ്യമന്ത്രി മറുപടി നൽകി. മുഖ്യമന്ത്രിയുടെ ഓഫീസെന്താണെന്ന് ജനത്തിന് ബോദ്ധ്യമുണ്ട്. ഒരു തെറ്റ് ചെയ്തയാളെയും സംരക്ഷിക്കുന്ന ലാവണമല്ല അതെന്ന് നാല് വർഷത്തിനിടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനെ കളങ്കപ്പെടുത്താൻ സുരേന്ദ്രന്റെ നാക്ക് കൊണ്ട് സാധിക്കില്ല.

ദുരാരോപണങ്ങളുന്നയിച്ച്

കുറ്റക്കാരെ പരിരക്ഷിക്കരുത്

തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്ന ഏറ്റവും വലിയ സ്വർണ്ണക്കടത്ത് ഫലപ്രദമായി കണ്ടെത്താൻ നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരെയാകെ മുഖ്യമന്ത്രി അഭിനന്ദിച്ചു .പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ അധികൃതർക്ക് ലഭിച്ചെന്ന് മനസ്സിലാക്കുന്നു. ശരിയായ രീതിയിലാണ് അന്വേഷണം . പ്രതികളെ കണ്ടെത്തി നിയമത്തിന്റെ കരങ്ങളിൽ കൃത്യമായി ഏല്പിക്കാൻ അന്വേഷണസംഘത്തിന് കഴിയുമെന്ന് വിശ്വസിക്കുന്നു.

ഏതെങ്കിലും കാര്യമുണ്ടായാലുടൻ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും അതിൽപ്പെടുത്താനാകുമോയെന്ന് ചിലർ അന്വേഷിച്ച് നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ബി.ജെ.പി പ്രസിഡന്റിന്റെ ആരോപണം. അദ്ദേഹം മനസ്സിലാക്കേണ്ടത് കേസ് ഫലപ്രദമായി അന്വേഷിക്കുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്നാണ്. അതുമായി ബന്ധപ്പെട്ട് ആരെങ്കിലും രക്ഷപ്പെടുന്ന നില ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. അത്തരമാളുകളെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുകയാണ് പ്രധാനം. തെറ്റ് ചെയ്യുന്നവർക്ക് മറ്റ് ചില ദുരാരോപണങ്ങളുന്നയിച്ച് പരിരക്ഷ നൽകുന്ന സമീപനം ബി.ജെ.പി പ്രസിഡന്റിനെപ്പോലുള്ളവർ സ്വീകരിക്കരുത്. ആവശ്യമായ ജാഗ്രതയോടെ കേസന്വേഷണം മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാരിന്റെ മുഴുവൻ പിന്തുണയും അന്വേഷണ ഏജൻസിക്കുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.