kseb

തിരുവനന്തപുരം: ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ ലഭിച്ച വൈദ്യുതി ബില്ലുകൾ നിലവിൽ അടച്ചു കഴിഞ്ഞ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും അർഹമായ സബ്സിഡി തുക കുറച്ചുള്ള ബിൽ ഇന്നലെ മുതൽ കെ.എസ്.ഇ.ബി നൽകിത്തുടങ്ങി. ലോക്ക് ഡൗൺ കാലത്ത് കെ.എസ്.ഇ.ബി അമിത ബിൽ ഈടാക്കുന്നതായുള്ള ആക്ഷേപത്തെ തുടർന്ന് മുഖ്യമന്ത്രി ഇടപെട്ടാണ് സബ്സിഡി നൽകാൻ തീരുമാനിച്ചത്. ശരാശരി പ്രതിമാസ ഉപയോഗം 50 യൂണിറ്റിനു മുകളിലുള്ള ഉപഭോക്താക്കൾക്ക് ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ ലഭിച്ച ബില്ലുകളിൽ ശരാശരി ഉപയോഗം കണക്കാക്കിയുള്ള ബിൽ തുകയെക്കാൾ അധികമായി വന്ന തുകയുടെ നിശ്ചിത ശതമാനമാണു സബ്സിഡി. ലോക് ഡൗൺ കാലയളവിനു മുൻപുള്ള ഡോർ ലോക്ക് അഡ്ജ്സ്റ്റ്‌മെന്റോ, ഏതെങ്കിലും കുടിശികയോ ഉണ്ടെങ്കിൽ അവ ഒഴിവാക്കിയായിരിക്കും തുകയിലെ വ്യത്യാസം കണ്ടെത്തുക. സബ്സിഡി ബില്ലിലും രസീതിലും രേഖപ്പെടുത്തും. ഈ കാലയളവിലെ ബില്ലടയ്ക്കാൻ പരമാവധി 5 പ്രതിമാസ തവണകളും അനുവദിക്കും. മാത്രമല്ല, ഈ ബില്ലിന് ഡിസംബർ 31 വരെ പലിശയും ഈടാക്കില്ല. സബ്സിഡി ലഭിക്കുന്ന തരത്തിൽ ബില്ലിംഗ് സോഫ്ട്‌വെയർ പരിഷ്കരിക്കുന്നതുവരെ, ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ ലഭിച്ച ബില്ലുകളുടെ തുക അടയ്ക്കുന്നവർക്ക് ബിൽ തുകയുടെ 70% അടയ്ക്കാൻ ഓപ്ഷൻ അനുവദിക്കും. സബ്സിഡി കണക്കാക്കിയതിനു ശേഷം ബാക്കി തുക യാതൊരു പിഴയും കൂടാതെ തൊട്ടടുത്ത ബില്ലിനൊപ്പം അടയ്ക്കാൻ അനുവദിക്കും.