swapna

തിരുവനന്തപുരം: 2019 മാർച്ചിനു ശേഷം എട്ടുതവണയായി നൂറു കോടിയുടെ സ്വ‌ർണം നയതന്ത്ര പരിരക്ഷയുപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കടത്തിയിട്ടുണ്ടെന്ന് കസ്റ്റംസിന് വിവരം ലഭിച്ചു. മുൻപ് ചെറിയ ബാഗേജുകളിലാണ് സ്വർണം കടത്തിയിരുന്നത്. ഒന്നേകാൽ കോടി സ്വർണക്കടത്തുകാർക്ക് പ്രതിഫലമായി ലഭിച്ചെന്നാണ് വിവരം. ദുബായിൽ നിന്ന് തിരുവനന്തപുരത്തെ കോൺസലേറ്റിലേക്ക് മാറി വരുന്ന ഉദ്യോഗസ്ഥനായി വീട്ടുസാധനങ്ങൾ എന്ന വ്യാജേനയാണ് ഇത്തവണ 30 കിലോ സ്വ‌ർണം കടത്തിയത്. ജൂൺ മുപ്പതിനെത്തിയ എമിറേറ്റ്സ് കാർഗോ വിമാനത്തിലാണ് ബാഗേജ് എത്തിയത്. കസ്റ്റംസ് കമ്മിഷണർ സുമിത്കുമാറിന് ഇതേക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് ജോയിന്റ് കമ്മിഷണർ അനീഷ് രാജ് തിരുവനന്തപുരത്തെത്തിയാണ് ബാഗേജ് പരിശോധിച്ചത്.

ബാഗേജ് തങ്ങളുടേതല്ലെന്ന് യു.എ.ഇ എംബസി വ്യക്താമാക്കിയതോടെ, അവരുടെ വ്യാജരേഖയുണ്ടാക്കിയാണ് ഡിപ്ലോമാറ്റിക് ബാഗേജ് അയച്ചതെന്ന് വ്യക്തമായെന്ന് കസ്റ്റംസ് പറയുന്നു. സരിത്തിന്റെ പേരിലാണ് ബാഗേജുകൾ എത്തിയിരുന്നതെന്നാണ് സൂചന. ബാഗേജ് പരിശോധിക്കാൻ കസ്റ്റംസ് ഒരുങ്ങിയതോടെ, ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ച് നയതന്ത്ര ബാഗേജ് തുറക്കരുതെന്നാണ് നിയമം എന്ന് അറിയില്ലേ എന്നു വിരട്ടി. ഇക്കാര്യം കസ്റ്റംസ് ഉദ്യോഗസ്ഥർ, കമ്മിഷണർ സുമിത് കുമാറിനെ അറിയിച്ചു. നയതന്ത്ര ബാഗേജ് വിട്ടുനൽകാൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഇടപെട്ടതോടെ കസ്റ്റംസിന് സംശയം ഇരട്ടിച്ചു. ഇതോടെ, കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയോടെ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ബാഗേജ് തുറക്കുകയായിരുന്നു.

ബാഗേജ് ഏറ്റുവാങ്ങാനെത്തിയ കോൺസലേറ്റിലെ മുൻ താത്കാലിക ജീവനക്കാരൻ സരിതും, ഐ.ടി വകുപ്പ് ഉദ്യോഗസ്ഥ സ്വപ്‌നാ സുരേഷും സ്വർണക്കടത്തിലെ കാരിയർമാരാണെന്നാണ് കസ്റ്റംസ് പറയുന്നത്. സ്വർണം സ്വപ്നയ്ക്ക് കൈമാറുകയെന്നതാണ് സരിത്തിന് ലഭിച്ച നിർദ്ദേശം. കൊല്ലത്തെ പ്രമുഖ മത്സ്യകയറ്റുമതി കമ്പനിയുടമയ്ക്കാണ് സ്വപ്‌ന സ്വർണം കൈമാറേണ്ടതെന്നാണ് വിവരം. സ്വപ്‌നയെ അറസ്റ്റ് ചെയ്താലേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവൂ എന്നും ആർക്കുവേണ്ടിയാണ് സ്വർണം കൊണ്ടുവന്നതെന്നും കണ്ടെത്താനാവൂ എന്നാണ് കസ്റ്റംസ് പറയുന്നത്. സരിത്തിനെ ഇന്നലെ ഐ.ബി, റാ ഉദ്യോഗസ്ഥർ ചോദ്യംചെയ്തു. സ്വർണക്കടത്തിനു പിന്നിൽ വൻ റാക്കറ്റുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ഈ ഏജൻസികൾ കേന്ദ്രത്തിന് റിപ്പോർട്ട് നൽകി.

സ്വപ്‌നയ്ക്ക് ജോലി

നേതാവിന്റെ ശുപാർശയിൽ

മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ഉന്നത നേതാവിന്റെ ശുപാർശയിലാണ് സ്വപ്‌നയ്ക്ക് യു.എ.ഇ കോൺസലേറ്റിൽ ജോലി ലഭിച്ചതെന്നാണ് വിവരം. വിദേശത്ത് ഉന്നതപദവിയിൽ ജോലിചെയ്തിട്ടുണ്ട് ഇദ്ദേഹം. നേരത്തേ എയർഇന്ത്യയിൽ ജോലിചെയ്തിരുന്നപ്പോൾ വൈസ്ചെയർമാനെതിരെ വ്യാജപീഡനപരാതി ഉന്നയിച്ചതിനെത്തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുകയാണ്. ആൾമാറാട്ടത്തിലൂടെ മറ്റൊരു പരാതിക്കാരിയെ ഹാജരാക്കിയെന്ന കേസിൽ സ്വപ്നയെ ക്രൈംബ്രാഞ്ച് പ്രതിചേർക്കാനിരിക്കുകയാണ്. ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിട്ടും ഐ.ടി വകുപ്പിൽ ഉന്നതപദവിയിൽ സ്വപ്നയ്ക്ക് നിയമനം ലഭിച്ചതും ദുരൂഹമാണ്.