തിരുവനന്തപുരം: പിതാവിന് അബുദാബിയിലെ സുൽത്താന്റെ കൊട്ടാരത്തിൽ ജോലിയായതോടെ സ്വപ്ന സുരേഷിന് ഉയർന്നുപറക്കുന്ന സ്വപ്നങ്ങളിലും ഉന്നത ബന്ധങ്ങളിലുമായി താത്പര്യം. ജോലിചെയ്തിടങ്ങളിലെല്ലാം ഉന്നതരുമായി അടുത്ത ബന്ധം പുലർത്തിയ സ്വപ്നയുടെ ജീവിതം ആഢംബരവും ആഘോഷങ്ങളും നിറഞ്ഞതായിരുന്നു. ചെന്നിടത്തെല്ലാം ഭരണകേന്ദ്രങ്ങളിലുൾപ്പെടെ വൻകിട ബന്ധങ്ങളുണ്ടാക്കി. മൂന്ന് സ്ഥാപനങ്ങളിൽ ജോലി ചെയ്തു. അവിടെയെല്ലാം കേസിൽ പെട്ട് പുറത്തുപോയി. അപ്പോഴെല്ലാം പ്രമുഖർ താങ്ങാനുണ്ടായിരുന്നു. ഇൗ ബന്ധങ്ങളാണ് 'നയതന്ത്ര'സ്വർണക്കടത്തിന്റെ ഉൗരാക്കുടുക്കിൽ കൊണ്ടുചെന്നെത്തിച്ചത്.
നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശിയായ സ്വപ്നയുടെ പിതാവ് സുരേഷ് അബുദാബിയിലെ സുൽത്താൻ കുടുംബത്തിലെ പ്രമുഖന്റെ പേഴ്സണൽ സെക്രട്ടറിമാരിലൊരാളായിരുന്നു. അന്നുമുതൽ യു.എ. ഇ യിലെ ഉന്നതരുമായി അടുത്ത ബന്ധം സ്ഥാപിച്ചു. എം.ബി.എ ബിരുദധാരിയായ സ്വപ്ന ഏറെക്കാലം അബുദാബിയിലായിരുന്നു. യു.എ.ഇ യിലെ മലയാളി പ്രമുഖരുമായും അടുത്ത ബന്ധമുണ്ടാക്കി. അവിടെനിന്ന് തിരിച്ചെത്തി 2013ൽ തിരുവനന്തപുരത്തെ എയർ ഇന്ത്യ സാറ്റ്സിൽ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന്റെ കീഴിൽ എച്ച്. ആർ. വിഭാഗത്തിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് മാനേജരായി. 2015 ൽ അവിടെ ഒരു വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ അകപ്പെട്ട് പുറത്തുപോകേണ്ടിവന്നു. ഒരു സീനിയർ ഉദ്യോഗസ്ഥനെതിരെ 17 ഓളം യുവതികളുടെ വ്യാജ ലൈംഗികാരോപണ പരാതി കെട്ടിച്ചമച്ച ഈ കേസിൽ ഇപ്പോഴും ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്. ഇത് നിലവിലിരിക്കെയാണ് 2015 ൽ അബുദാബി ബന്ധം ഉപയോഗിച്ച് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിൽ എക്സിക്യൂട്ടീവ് സെക്രട്ടറിയായി ചേർന്നത്. ഇവിടെ ജോലിചെയ്യവെയാണ് സർക്കാരിലെ ഉന്നതരുമായി അടുത്തബന്ധമുണ്ടാക്കിയത്.
മുടവൻമുകളിലെ ഇവരുടെ ഫ്ളാറ്റിൽ അക്കാലത്ത് ട്രാവൽ ഏജൻസിക്കാർ, ബസിനസുകാർ തുടങ്ങിയവരുടെ തിരക്കായിരുന്നു. ഐ.ടി സെക്രട്ടറി ഇവിടെ നിത്യസന്ദർശകനായിരുന്നെന്നും ഒൗദ്യോഗിക കാറിൽ പതിവായി വരുമായിരുന്നെന്നും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ആഘോഷം അതിരുവിട്ടതോടെ ഫ്ളാറ്റിൽ കൂടുതൽ സെക്യൂരിറ്റിക്കാരെ നിയോഗിച്ചു. ഇതിന്റെ പേരിൽ സ്വപ്നയുടെ രണ്ടാം ഭർത്താവ് സെക്യൂരിറ്റിക്കാരുമായി സംഘർഷവുമുണ്ടായി. അയൽഫ്ളാറ്റുകാർ പ്രതിഷേധിച്ചതോടെയാണ് കുറവൻകോണം അമ്പലനഗറിലെ അനിയൻ ലൈനിലെ എസ്. എഫ്. എസ്. ഫ്ളാറ്റിലേക്ക് താമസം മാറിയത്. ഇവിടെയാണ് ഇന്നലെ കസ്റ്റംസ് റെയ്ഡ് നടത്തിയത്. യു.എ. ഇ കോൺസുലേറ്റിലെ അധികാരം ദുരുപയോഗം ചെയ്തതിനെ തുടർന്ന് 2018 ൽ ജോലി പോയി.
ഇതിനു പിന്നാലെയാണ് സ്വപ്ന ഐ.ടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെത്തുന്നത്. ഇവിടെനിന്നും ഇന്നലെ പുറത്താക്കി. ഐ.ടി മേഖലയിൽ മുൻപരിചയമില്ലാതിരുന്നിട്ടും ഒാപ്പറേഷൻസ് മാനേജർ എന്ന സുപ്രധാന തസ്തികയിൽ നിയമിക്കാൻ കാരണം ഉന്നതരുടെ ഇടപെടലാണെന്ന് ആരോപണമുണ്ട്. ഇവിടെയെത്തി മാസങ്ങൾക്കകം സ്‌പേസ് പാർക്ക് പ്രോജക്ട് മാനേജരായും മാർക്കറ്റിംഗ് ലെയ്സൺ ഒാഫീസറായും പ്രവർത്തിച്ചുതുടങ്ങി. ഐ.ടി രംഗത്തെ കോർപറേറ്റുകളുമായി കൂടിക്കാഴ്ച നടത്തുന്നതും സ്വപ്നയായിരുന്നെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.
മാസങ്ങൾക്കുമുൻപ് കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ സ്‌പേസ് പാർക്ക് സംഘടിപ്പിച്ച പരിപാടിയുടെ മുഖ്യസംഘാടകയും സ്വപ്നയായിരുന്നു. സംസ്ഥാനത്ത് അടുത്തിടെ ഏറെ രാഷ്ട്രീയ വിവാദമുയർത്തിയ ഒരുഇടപാട് സംബന്ധിച്ചുള്ള ഔദ്യോഗിക കൂടിക്കാഴ്ചയിലും ഉന്നതർക്കൊപ്പം പങ്കെടുത്തിരുന്നുവെന്നാണ് വിവരം. പാളയത്താണ് ഒാഫീസെങ്കിലും സെക്രട്ടേറിയറ്റിലായിരുന്നു പതിവായി കണ്ടിരുന്നത്. ഉന്നതരുമായി അടുത്തബന്ധമുണ്ടാക്കാനായിരുന്നു ആ സന്ദർശനങ്ങൾ.
രണ്ടു വിവാഹം കഴിച്ചിട്ടുള്ള സ്വപ്നയ്ക്ക് ആദ്യബന്ധത്തിൽ ഒരു മകളുണ്ട്.
പങ്കില്ലെന്ന് യു.എ.ഇ എംബസി
തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ എംബസിക്കോ നയതന്ത്ര ഉദ്യോഗസ്ഥർക്കോ ഒരു ബന്ധവുമില്ലെന്ന് ഇന്ത്യയിലെ യു.എ.ഇ എംബസി വ്യക്തമാക്കി. ഒരു സ്വകാര്യ വ്യക്തി തന്റെ നയതന്ത്ര സൗകര്യം ദുരുപയോഗം ചെയ്യുകയായിരുന്നു. ഇത് ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണെന്നും ശക്തമായി അപലപിക്കുന്നെന്നും എംബസി പ്രസ്താവനയിൽ പറഞ്ഞു.