d

കൂത്താട്ടുകുളം : തൊടുപുഴ മുതൽ കൂത്താട്ടുകുളംവരെ കാറിലെത്തി അക്രമവും മോഷണവും നടത്തി ഭീതിപരത്തിയ മൂന്നുയുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. രാമപുരം ഏഴാച്ചേരി കുന്നേൽ വിഷ്ണു (26), തൃശൂർ വരടിയാട്ടിൽ അനുരാഗ് (20), പിറവം ഓണക്കൂർ ചിറ്റേത്തറ ശിവൻ (31) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച വൈകിട്ട് ആറോടെ കിഴകൊമ്പ് വളപ്പിൽ കനാൽ പരിസരത്തുവച്ച് സ്‌കൂട്ടർ യാത്രക്കാരന്റെ മാലപൊട്ടിച്ച് കടന്നുകളയുന്നതിനിടെയാണ് ഇവർ നാട്ടുകാരുടെ പിടിയിലാകുന്നത്. മോഷണശ്രമത്തിനിടെ കിഴകൊമ്പ് മൈലാടിയിൽ എം.ടി. വിനീത്, വേണു എന്നിവർക്ക് പരിക്കേറ്റു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
വഴിത്തലയിൽ പുല്ലുവെട്ടാൻ പിതാവിനൊപ്പം പോയ കൗമാരക്കാരന്റെ മാല സംഘം കവർന്നിരുന്നു. പാലക്കുഴയിൽ അന്യസംസ്ഥാന തൊഴിലാളികളെയും യാത്രയ്ക്കിടെ അക്രമിച്ചു. ഇവർക്കും പരിക്കുണ്ട്. കൂത്താട്ടുകുളം അമ്പലക്കുളത്തിൽ അലക്കിക്കൊണ്ടിരുന്ന സ്ത്രീയുടെ മൊബൈൽഫോൺ കവർന്നതായും പരാതിയുണ്ട്. പ്രതികൾ വഴിനീളെ ചെറുതും വലുതുമായി നിരവധി മോഷണങ്ങളും അക്രമവും നടത്തുന്നവരാണെന്ന് പൊലീസ് പറഞ്ഞു.
വിഷ്ണു പതിനേഴ് കേസുകളിൽ പ്രതിയാണ്. ഏഴുമാസം മുമ്പാണ് ഇയാൾ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയത്. അക്രമം നടത്തിയ സ്ഥലങ്ങളിൽ കൂത്താട്ടുകുളം പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതികൾ പൊട്ടിച്ചെടുത്ത മാലയുടെ ലോക്കറ്റ് കനാലിന് സമീപത്തെ റോഡിൽനിന്ന് കണ്ടെടുത്തു.