തിരുവനന്തപുരം: നഗരസഭാ പ്രദേശത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ജില്ലയിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ നാലിലൊന്നായി വെട്ടിച്ചുരുക്കി. ചീഫ് ഓഫീസടക്കം നഗര പരിധിയിലെ ഓഫീസുകളും പാപ്പനംകോട് സെൻട്രൽ വർക്ഷോപ്പും താത്കാലികമായി പൂട്ടി. നഗരത്തിനു പുറത്ത് ജില്ലയിൽ ഇന്നലെ 172 ബസുകൾ മാത്രം സർവീസ് നടത്തി.സർവീസുകൾ പുനഃരാരംഭിച്ച ശേഷം ജില്ലയിൽ 625 വരെ ഓർഡിനറി സർവീസുകളാണ് ഉണ്ടായിരുന്നത്. മിക്കവാറും ബസുകളെല്ലാം നഗരം കേന്ദ്രീകരിച്ചുള്ളവയായതിനാലാണ് ഇത്രത്തോളം കുറവ്. അതേസമയം ജില്ലയിൽ നിന്നു കൊല്ലം, ​പത്തനംതിട്ട ജില്ലകളിലേക്ക് 315 സർവീസുകൾ നടത്തി.

എം.സി റോഡിൽ ഓർഡിനറി മരുതൂർ ജംഗ്ഷൻ വരെയാണ് സർവീസ് നടത്തിയത്.ആറ്റിങ്ങൽ -തിരുവനന്തപുരം റൂട്ടിൽ കണിയാപുരം വരെ സർവീസുകൾ നടത്തി. മലയിൻകീഴ് പേയാട് റൂട്ടിൽ കുണ്ടമൺകടവ് വരെ സർവീസ് നടത്തി. മലയിൻകീഴ് പാപ്പനംകോട് റൂട്ടിൽ പാമാംകോട് വരെയായിരുന്ന സർവീസ്.തിരുവനന്തപുരം കളിയിക്കാവിള റൂട്ടിൽ പ്രാവച്ചമ്പലം ജംഗ്ഷനിൽ എത്തി വലിയറത്തല റൂട്ടിലൂടെ തിരികെ പോകുന്ന വിധത്തിൽ സർവീസുകൾ ക്രമീകരിച്ചു.വിഴിഞ്ഞം പൂവാർ റൂട്ടിൽ ചപ്പാത്ത് വരെ മാത്രമേ സർവീസ് ഉണ്ടായിരുന്നുള്ളൂ.

പേരൂർക്കട നെടുമങ്ങാട് റൂട്ടിൽ ആറാം കല്ല് ജംഗ്ഷൻ വരെയും വിദേശ രാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തി.