d

തിരുവനന്തപുരം: പകർപ്പവകാശമുള്ള പുസ്‌തകങ്ങളുടെ വ്യാജ ഓഡിയോ ബുക്കുകളും ഇ- ബുക്കുകളും പി.ഡി.എഫും ടെലിഗ്രാമിലൂടെയും വാട്സാപ്പിലൂടെയും പ്രചരിപ്പിച്ച അഞ്ചുപേരെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ആർ. ബിജുവും സംഘവും ചേർന്ന് പിടികൂടി. തിരുവനന്തപുരം സ്വദേശികളായ അശോകൻ, ശ്രീജു, വിഷ്ണുഗോപൻ, അനീഷ് ചെട്ടിക്കുളങ്ങര സ്വദേശിയായ ബിപിൻ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നു പകർപ്പവകാശ ലംഘനത്തിനുപയോഗിച്ച മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. പകർപ്പവകാശമുള്ള എഴുത്തുകാരുടെ പല പുസ്തകങ്ങങ്ങളും ശബ്ദരൂപത്തിലാക്കി യൂട്യൂബിലൂടെയും മറ്റ് സമൂഹമാദ്ധ്യമങ്ങളിലൂടെയും വ്യാജ ഓഡിയോ ബുക്കായും ഇ-ബുക്കായും സ്‌കാൻ ചെയ്ത് പി.ഡി.എഫ് രൂപത്തിലും പ്രചരിപ്പിക്കുന്നുവെന്ന പ്രസാദകരുടെ സംഘടന നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. മാതൃഭൂമി, സാഹിത്യപ്രവർത്തക സഹകരണ സംഘം, ഡി സി ബുക്സ്, തൃശൂർ കറണ്ട് ബുക്സ്, ഒലീവ് പബ്ലിക്കേഷൻസ്, ഗ്രീൻ ബുക്സ് എന്നിവ കൂടാതെ അനവധി വിദേശ പ്രസാധകരുടെ പുസ്തകങ്ങൾ ശബ്ദരൂപത്തിലൂം ഡിജിറ്റൽ രൂപത്തിലും പകർത്തി പ്രതികൾ അനധികൃതമായി വിതരണം ചെയ്യന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകളുണ്ടാവുമെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.

പകർപ്പവകാശ നിയമത്തിലെ 63ാം വകുപ്പ് പ്രകാരം മൂന്നു വർഷം തടവും രണ്ടുലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പകർപ്പവകാശമുള്ള പുസ്തകങ്ങളുടെ വ്യാജ പതിപ്പുകൾ സമൂഹമാധ്യമങ്ങൾ ഉൾപ്പെടെ ഏതു വിധേനയും പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണ്. വ്യാജ പുസ്തകങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നിരവധി തവണ ഗ്രൂപ്പ് അഡ്മിൻമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും അവർ അവഗണിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പ്രസാധകരുടെ സംഘടന പൊലീസിനെ സമീപിച്ചത്.