തളിപ്പറമ്പ്: നിരോധിച്ച കറൻസിക്ക് പകരം പുത്തൻ നോട്ടുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് ക്വാർട്ടേഴ്സിൽ ബന്ദിയാക്കപ്പെട്ട സംഘത്തെ പൊലീസെത്തി മോചിപ്പിച്ചു. സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. ക്വാർട്ടേഴ്സിൽ നിന്ന് രണ്ടുകിലോ കഞ്ചാവും പൊലീസ് സംഘം കണ്ടെടുത്തു. സംഘത്തിലെ മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു.
പരിയാരം ഇരിങ്ങലിലെ സ്വകാര്യവ്യക്തിയുടെ ക്വാർട്ടേഴ്സിലാണ് ഉത്തരേന്ത്യൻ സംഘത്തെ തടഞ്ഞുവച്ചിരുന്നത്. കാഞ്ഞങ്ങാട് ആവിക്കര സ്വദേശി അമീർ (32) ആണ് അറസ്റ്റിലായത്. ഇരിങ്ങൽ സ്വദേശിയായ നിസാമുദ്ദീൻ, അമീർ, റിവാജ് കോരൻപീടിക, സമീർ പടന്നക്കാട് എന്നിവരും മറ്റ് അഞ്ച് പേരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. നിസാമുദ്ദീൻ ഇടപെട്ടാണ് ക്വാർട്ടേഴ്സ് തരപ്പെടുത്തിയതെന്നാണ് വിവരം.
മുംബൈ കുലാവയിലെ ഓംരാജ്(42), കല്യാണിലെ സമാധാൻ(34), ഗുജറാത്ത് അഹമ്മദബാദിലെ അഷ്വിൻ(29), എന്നിവരെയാണ് പൊലീസ് എത്തി മോചിപ്പിച്ചത്. ഈ സംഘത്തിലുണ്ടായിരുന്ന കർണ്ണാടക ബെൽഗാമിലെ സഞ്ജയ്(55), മുംബൈയിലെ സതീഷ്(47) എന്നിവരെ കണ്ടുകിട്ടിയില്ല.
അമീറിന്റെ നേതൃത്വത്തിലുള്ള സംഘം ഒരു ലക്ഷം രൂപ, രണ്ട് പവൻ സ്വർണമാല, എ.ടി.എം കാർഡ്, 16,000 രൂപ എന്നിവ തട്ടിയെടുത്ത ശേഷം കണ്ണൂരിലെത്തിച്ച് എ.ടി.എമ്മിൽ നിന്ന് 9000 രൂപയും കൈവശപ്പെടുത്തി. തുടർന്ന് ഇരിങ്ങലിലെ നിസാമിന്റെ വാടക ക്വാർട്ടേഴ്സിൽ എത്തിക്കുകയായിരുന്നു. നാട്ടുകാർ നൽകിയ വിവരമനുസരിച്ചാണ് ക്വാർട്ടേഴ്സിലേക്ക് പൊലീസ് എത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത കാർ കാഞ്ഞങ്ങാട് സ്വദേശി തൗഫീഖിന്റേതാണ്. സംഘമുപയോഗിച്ച ബുള്ളറ്റും പൾസർ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തട്ടിപ്പിനിരയായ കാഞ്ഞങ്ങാട് സ്വദേശികളാണ് നിരോധിത നോട്ടുകൾ കൈമാറാനുണ്ടെന്ന സന്ദേശം നൽകി അഞ്ചംഗസംഘത്തെ വിളിച്ചുവരുത്തിയത്. ഞായറാഴ്ച്ച വൈകുന്നേരം ഗോവ വഴി കണ്ണവത്ത് എത്തിയ ഇവരെ കാറിൽ കയറ്റിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം ക്വാർട്ടേഴ്സിൽ എത്തിക്കുകയായിരുന്നു.
അതെ സമയം ക്വാർട്ടേഴ്സിൽ നിന്ന് പിടിച്ചെടുത്ത രണ്ട് കിലോ കഞ്ചാവ് എത്തിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. നിസാമുദ്ദീനെ ചോദ്യം ചെയ്താൽ മാത്രമെ ഇക്കാര്യം വ്യക്തമാകുകയുള്ളു.
ബന്ദിയാക്കപ്പെട്ടത് വൻറാക്കറ്റിലെ അംഗങ്ങൾ
നിരോധിച്ച 500, 1000 രൂപ നോട്ടുകൾക്ക് പകരമായി പുതിയ നോട്ടുകൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന
അജ്മീർ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘമാണ് പരിയാരത്ത് കുടുങ്ങിയത്. ഗുരുജി എന്ന പേരിൽ അറിയപ്പെടുന്ന ഈ തട്ടിപ്പ് സംഘത്തിലെ തലവന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏജന്റുമാരുണ്ട്. പഴയ നോട്ടുകൾ പൂഴ്ത്തിവെച്ചിരിക്കുന്നവരെ കണ്ടെത്തി വിവരം തലവന് ഏജന്റുമാർ കൈമാറും. ഗുരുജി ഇവരെ ബന്ധപ്പെട്ട് നോട്ടുകൾ നേരിട്ട് കണ്ട് ബോദ്ധ്യപ്പെടുവാൻ ആളുകളെ അയക്കും. ഇങ്ങനെ വരുന്നവർ ആകെ നോട്ടുശേഖരത്തിന്റെ ഒരു ഭാഗവുമായി സ്ഥലംവിടും. പണം കൊണ്ടുവരുന്നയാളുടെ കൈവശം ഒറിജിനൽ നോട്ട് നൽകുമെന്നാണ് വാഗ്ദാനമെങ്കിലും പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നും ലഭിക്കാറില്ല.