കഴക്കൂട്ടം: കുടുംബത്തിന്റെ തണലായിരുന്ന യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചതോടെ ഭാര്യയും എട്ടും പൊട്ടും തിരിയാത്ത മൂന്നുപെൺമക്കളടങ്ങുന്ന കുടുംബത്തിന്റെ ജീവിതം പെരുവഴിയിലായി. ഞായറാഴ്ച രാത്രി ദേശീയപാതയിൽ ചെമ്പകമംഗലത്തിനടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് മരിച്ച രണ്ടുപേരിൽ ഒരാളായ 27കാരൻ വിഷ്ണുവിന്റെ മക്കളായ വൈഷ്ണവിയും(5), വൈഗയും(4), ഒൻപതുമാസം പ്രായമുള്ള വേദികയുമാണ് കഷ്ടതയിലായത്. വിഷ്ണുവിന്റെ പിതാവും അമ്മൂമ്മയും ഇവരോടൊപ്പമാണ് താമസം. മൂന്നുസെന്റ് പുരയിടത്തിൽ ഷീറ്റ് മേഞ്ഞ കുടുസു വീട്ടിലാണ് ഏഴുപേരും കഴിയുന്നത്. ഭാര്യ ചിഞ്ചുവിന് ജോലിയൊന്നുമില്ല. കാർപ്പെന്ററായ വിഷ്ണുവിന്റെ ഏകവരുമാനം കൊണ്ടാണ് അടുപ്പിൽ തീപുകഞ്ഞിരുന്നത്. കൂട്ടുകാരന്റെ ബർത്ത്ഡേയിൽ പങ്കെടുക്കാനാണ് വിഷ്ണുവും സുഹൃത്ത് സരുണും ബൈക്കിൽ പോയത്.