തിരുവനന്തപുരം: മൂന്നു വർഷം മുൻപ് ഷാർജ സുൽത്താൻ കേരളത്തിൽ സന്ദർശനത്തിനെത്തിയപ്പോൾ സ്വീകരിക്കാൻ മുന്നിൽ നിന്നത് സ്വപ്‌നയായിരുന്നു. യു.എ.ഇ കോൺസുലേറ്റ് കേരളത്തിൽ നടത്തുന്ന പരിപാടികളിലെല്ലാം, യു.എ.ഇയുടെ മുഖമായി വിലസിയതും സ്വപ്ന തന്നെ. കോൺസുലേറ്റിന്റെ ഇഫ്താർ സംഗമത്തിൽ മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും അടക്കമുള്ളവരെ വരവേറ്റതും സ്വപ്നയായിരുന്നു. ദുബായിലെ ജോലി പരിചയവും അറബി അടക്കം വിവിധ ഭാഷകൾ കൈകാര്യം ചെയ്യാനുള്ള മികവുമാണ് സ്വപ്നയ്ക്ക് തുണയായത്. ക്രമക്കേടുകളെത്തുടർന്നാണ് സ്വപ്നയെ കോൺസുലേറ്റ് പുറത്താക്കിയത്. കോൺസുലേറ്റിലെ ഉന്നതരുമായുള്ള സ്വാധീനം കാരണമാണ് നയതന്ത്ര ബാഗേജുകൾ എത്തുന്നതെങ്ങനെയെന്നും ദുബായിൽ ഇത് ആരാണ് കൈകാര്യം ചെയ്യുന്നതെന്നും സ്വപ്ന മനസിലാക്കിയത്. അങ്ങനെയാണ് സരിത്തുമായി ചേർന്ന് സ്വർണക്കടത്തിന് പുതിയ വഴികൾ കണ്ടെത്തിയതെന്നാണ് കസ്റ്റംസ് പറയുന്നത്. പിന്നീട് ഐ.ടി വകുപ്പിലെത്തിയപ്പോഴും ഉന്നതരുമായുള്ള ബന്ധമാണ് സ്വപ്നയെ തുണച്ചത്.
കോൺസുലേറ്റിലെ നാല് ഉദ്യോഗസ്ഥർ സ്വർണക്കടത്തിൽ ഇവരെ സഹായിച്ചതായാണ് കസ്റ്റംസിനുള്ള വിവരം. ഇവരുടെ പ്രവർത്തനവും ഇടപാടുകളും യാത്രകളും സംബന്ധിച്ച വിവരം കസ്റ്റംസ് ശേഖരിച്ചു. ഉദ്യോഗസ്ഥർക്കു നയതന്ത്റപരിരക്ഷ ഉള്ളതിനാൽ തുടർ നടപടികൾ സംബന്ധിച്ച് കസ്റ്റംസ് നിയമോപദേശം തേടി. നയതന്ത്റ പരിരക്ഷ ഉള്ളതിനാൽ യു.എ.ഇ കോൺസുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് സാധാരണ പരിശോധിക്കാറില്ലെന്ന് മനസിലാക്കിയത് ഇവരിൽ നിന്നാണ്. ദുബായിൽ ബാഗേജുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനെയും ഇവരാണ് പരിചയപ്പെടുത്തിയതെന്നാണ് വിവരം.
സ്വപ്നയുടെ തിരുവനന്തപുരം അമ്പലംമുക്കിലെ ഫ്ലാറ്റിൽ കസ്റ്റംസ് ഇന്നലെ റെയ്ഡ് നടത്തി. വൈകിട്ട് ആറിന് തുടങ്ങിയ തെരച്ചിൽ രാത്രി വൈകിയും തുടരുകയാണ്. ഫ്ലാറ്റിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധനയ്ക്കായി ശേഖരിച്ചു. അതിനിടെ, ഫേസ്ബുക്ക് പേജിൽ സ്വപ്ന പല ചോദ്യങ്ങൾക്കും മറുപടി പറയുന്നത് വിവാദമായി. ഒളിവിലിരിക്കെ ഫേസ്ബുക്ക് ഉപയോഗിച്ചിട്ടും കണ്ടെത്താനായില്ലെന്നതും ദുരൂഹതയായി. എന്നാൽ ഇത് സ്വപ്നതന്നെയാണോ ഉപയോഗിക്കുന്നതെന്ന് വ്യക്തതയില്ല. ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ സ്വപ്ന തിരുവനന്തപുരം വിട്ടുപോകാൻ ഇടയില്ലെന്നും നഗരത്തിൽ ഒളിവിലുണ്ടെന്നമാണ് കസ്റ്റംസ് പറയുന്നത്.