തിരുവനന്തപുരം: നഗരത്തിൽ ഇന്നലെ പൊലീസ് നടത്തിയ കർശനപരിശോധനയിൽ ലോക്ക് ഡൗൺ ലംഘിച്ച 207 പേർക്കെതിരെ കേസെടുത്തു. ട്രിപ്പിൾ ലോക്ക് ഡൗൺ ലംഘിച്ച് അനാവശ്യമായി നിരത്തിലിറങ്ങിയ 95 ഇരുചക്രവാഹനങ്ങളും 10 ഓട്ടോറിക്ഷകളും 6 കാറുകളുമടക്കം 111 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങി സഞ്ചരിച്ച 98 പേർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചു. നഗരത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളിലും പൊലീസ് പിക്കറ്റ് പോസ്റ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ ഇടറോഡുകളിൽ പൊലീസ് ബൈക്ക്പട്രോളിംഗും ഡ്രോൺ നിരീക്ഷണവും നടത്തുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ. ദിവ്യ വി.ഗോപിനാഥ് പറഞ്ഞു.