തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ് താമസിച്ചിരുന്ന ഫ്ളാറ്റിൽ ഐ ടി സെക്രട്ടറി ശിവശങ്കർ സ്ഥിരം സന്ദർശകനായിരുന്നുവെന്ന് ഫ്ളാറ്റിലെ റസിഡൻസ് അസോസിയേഷൻ ഭാരവാഹി വെളിപ്പെടുത്തി.
സ്റ്റേറ്റ് കാറിലാണ് ശിവശങ്കർ സ്ഥിരമായി ഫ്ളാറ്റിൽ എത്തിയിരുന്നതെന്ന് സ്വകാര്യ ചാനലുകളോട് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി പറഞ്ഞു. സ്വപ്ന സുരേഷ് അഞ്ചുകൊല്ലത്തോളം താമസിച്ചിരുന്നത് തിരുവനന്തപുരം മുടവൻമുഗളിലെ ഫ്ളാറ്റിലായിരുന്നു.
അസോ.ഭാരവാഹി
പറഞ്ഞത്:
'5 വർഷം സ്വപ്ന സുരേഷ് ഇവിടെ താമസിച്ചിരുന്നു. അപ്പോഴാണ് കോൺസുലേറ്റിൽ ജോലി ലഭിച്ചത്. അതോടെ ട്രാവൽ ഏജൻസി പ്രതിനിധികൾ ഫ്ളാറ്റിൽ വന്നു തുടങ്ങി. ശിവശങ്കർ എന്നയാൾ ഇവിടെ വരാറുണ്ട്. ആഴ്ചയിൽ മൂന്നു നാലു ദിവസം വന്നിരുന്നു. ഞായറാഴ്ച മൊത്തം ഈ ഫ്ളാറ്റിലായിരുന്നു. ആഹാരമെല്ലാം ഫ്ളാറ്റിലേക്കു വരുത്തും. സ്റ്റേറ്റ് കാറിലാണ് വരുന്നത്. നിത്യ സന്ദർശനമായപ്പോൾ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് അസോസിയേഷൻ തീരുമാനിച്ചു.സെക്യൂരിറ്റിയെ ഏർപ്പാടു ചെയ്തു. ഇതിന് സ്വപ്നയുടെ രണ്ടാമത്തെ ഭർത്താവ് സെക്യൂരിറ്റിയെ അടിച്ചു. പൊലീസിൽ വിവരമറിയിച്ചെങ്കിലും സർക്കിൾ ഇൻസ്പെക്ടർ കേസെടുത്തില്ല. പിന്നീട് സെക്യൂരിറ്റിയെ സ്വാധീനിച്ച് കേസ് ഒതുക്കി. ശിവശങ്കറിന്റെ വണ്ടിയിലാണ് സ്വർണക്കടത്തു കേസിൽ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ആൾ പോയിരുന്നത്.
സ്വപ്ന ഐ.ടിയിലെത്തിയത്
ക്രൈംബ്രാഞ്ച് അന്വേഷണത്തിനിടെ
തിരുവനന്തപുരം: സ്വർണക്കടത്തിൽ കസ്റ്റംസ് തിരയുന്ന സ്വപ്ന ഐ.ടി വകുപ്പിലെ ഉന്നത പദവിയിലെത്തിയത് ക്രൈംബ്രാഞ്ച് അന്വേഷണം നേരിടവെ.
എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരിയായിരിക്കെ ഒരു ഉദ്യോഗസ്ഥനെതിരേ വ്യാജ പരാതി നൽകിയ സംഭവത്തിലാണ് സ്വപ്നക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നത്. ഉദ്യോഗസ്ഥനെതിരേ വ്യാജ പരാതി നൽകിയെന്നും ആൾമാറാട്ടം നടത്തി മറ്റൊരു പരാതിക്കാരിയെ ഹാജരാക്കിയെന്നുമാണ് സ്വപ്നക്കെതിരായ ആരോപണം. ഈ കേസിൽ സ്വപ്നയെ പ്രതി ചേർക്കാനുള്ള നടപടിക്രമങ്ങൾ തുടരുന്നതിനിടെയാണ് സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടത്. വ്യാജ പരാതി നൽകിയ സംഭവത്തിൽ ഇപ്പോഴും അന്വേഷണം നടക്കുന്നതായാണ് ക്രൈം ബ്രാഞ്ച് നൽകുന്ന വിവരം.