d

തൃശൂർ: ഇന്റർനെറ്റിലൂടെ സാമ്പത്തിക ഇടപാടുകൾക്ക് ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയ (ബിറ്റ്കോയിൻ) ഇടപാടിൽ ഒന്നരക്കോടിരൂപയുടെ നഷ്ടമുണ്ടായതിനെ തുടർന്ന് ഗുണ്ടാസംഘം വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 2 പേർ കൂടി ഉടൻ അറസ്റ്റിലാകും. ഇവർ പൊലീസിന്റെ വലയിലുണ്ട്. മലപ്പുറം ഏലംകുളം സ്വദേശിയും പാട്ട‍ുരായ്ക്കലിലെ മൊബൈൽ ഷോപ്പ് ഉടമയുമായ മുഹമ്മദ് നവാസിനെയാണ് (38) ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അശ്വിനി ജംഗ്ഷനിൽ നിന്ന് തട്ടിക്കൊണ്ട‍ുപോയത്.

നവാസിനൊപ്പം ബിറ്റ്കോയിൻ ഇടപാട് നടത്തി സാമ്പത്തിക നഷ്ടം സംഭവിച്ച താനൂർ സ്വദേശി ഷൗക്കത്ത് നൽകിയ ക്വട്ടേഷൻ പ്രകാരം ഗ‍ുണ്ടാത്തലവൻ കുരങ്ങൻ നിസാറും സംഘവുമാണ് തട്ടിക്കൊണ്ടുപോയത്. ഷൗക്കത്തും നിസാറും അടക്കം 11 പ്രതികളെ ഈസ്റ്റ് പൊലീസ് പിടികൂടി.

ക്വട്ടേഷൻ സംഘ‌ാംഗങ്ങളായ ചേർത്തല അരൂക്കുറ്റി സ്വദേശികളായ വടുതല തൗഫീഖ് മൻസിലിൽ നിസാർ (കുരങ്ങൻ നിസാർ- 39), പെരിങ്ങോട്ടുചിറയിൽ ധനീഷ് (31), കാരിക്കനേഴത്ത് ജെഫിൻ (30), കാരിക്കിനേഴത്ത് ജിതിൻ (26), കൊഴുപ്പുള്ളിത്തറ ബസ്റ്റിൻ (24), നടുവത്ത് അരൂർ വട്ടക്കേരി കായപുറത്ത് ശ്രീനാഥ് (27), എടപ്പള്ളി തോപ്പിൽപറമ്പിൽ ധിനൂപ് (31), പരപ്പനങ്ങാടി സ്വദേശികളായ പോക്കുഹാജിന്റെപുരക്കൽ ഫദൽ (36), പള്ളിച്ചന്റെപുരയ്ക്കൽ അനീസ് (27), താനൂർ ഒഴൂർ അടിപറമ്പിൽ താഹിർ (28) എന്നിവരും ക്വട്ടേഷൻ കൊടുത്ത പരിയാപുരം ചെറുവത്ത് കൊറ്റായിൽ ഷൗക്കത്ത് (45) എന്നിവരുമാണ് അറസ്റ്റിലായത്.

മൂവാറ്റുപുഴയിൽനിന്ന് വാടകയ്ക്കെടുത്ത കാറിലാണ് നവാസിനെ കൊണ്ടുപോയത്. എറണാകുളം തമ്മനത്തും അരൂക്കുറ്റിയിലും പാർപ്പിച്ച് നവാസിനെ മർദ്ദിച്ചു. നവാസിന്റെ പേരിൽ വയനാട്ടിലുള്ള നാലേക്കർ തോട്ടം ഷൗക്കത്തിന് എഴുതിനൽകാമെന്നു സമ്മതിപ്പിച്ച് മുദ്രപ്പത്രത്തിൽ എഴുതി വാങ്ങിയശേഷമാണ് വിട്ടയച്ചത്. വടക്കാഞ്ചേരിയിലേക്ക് നീങ്ങിയ തട്ടിപ്പ് സംഘം സഞ്ചരിക്കുന്ന കാറിന്റെ നമ്പർ ദൃക്സാക്ഷിയായ യാത്രക്കാരനാണ് പൊലീസിനെ അറിയിച്ചത്. എല്ലാ സ്‌റ്റേഷനുകൾക്കും റജിസ്‌ട്രേഷൻ നമ്പർ സഹിതം അറിയിപ്പു നൽകി. വടക്കാഞ്ചേരിയിൽ എത്തിയപ്പോൾ നവാസിനെ മറ്റൊരു കാറിലേക്ക് മാറ്റിയ ശേഷം ആദ്യ കാർ മുന്നോട്ടു പോയി.

രണ്ടാമത്തെ കാർ തിരികെ എറണാകുളം റൂട്ടിലേക്കും. വടക്കാഞ്ചേരി മേൽപാലത്തിനു സമീപത്തു ഹൈവേ പൊലീസ് കാർ തടഞ്ഞെങ്കിലും ഇവർ നിറുത്താതെ കുതിച്ചു. ഇതോടെ പൊലീസിന്റെ ശ്രദ്ധ മുഴുവൻ ഈ വണ്ടിയിലായി. ഈ തക്കത്തിന് രണ്ടാമത്തെ കാർ നവാസുമായി എറണാകുളം തമ്മനത്തേക്കു കുതിച്ചു. കാർ നമ്പർ അന്വേഷിച്ചപ്പോൾ മൂവാറ്റുഴയിൽ നിന്ന് ഷൗക്കത്ത് വാടകയ്‌ക്കെടുത്തതാണെന്ന് വ്യക്തമായി.

ശനിയാഴ്ച രാത്രിയോടെ നവാസിന്റെ ഫോൺ ഓൺ ആയി. തൃശൂർ ദിശയിലേക്കു നവാസ് സഞ്ചരിക്കുകയാണെന്ന് മനസിലാക്കി പൊലീസ് പാലിയേക്കരയിൽ കാത്തുനിന്നു. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഷൗക്കത്തും നിസാറുമാണ് സംഘത്തിലുളളതെന്ന് വ്യക്തമായത്. നിസാർ അടക്കം 8 പേരെ അരൂക്കുറ്റിയിൽ നിന്നും ഷൗക്കത്ത് ഉൾപ്പെടെ 3 പേരെ വാടാനപ്പിള്ളിയിൽ നിന്നും പിടികൂടി. ഷൗക്കത്തും നവാസും 2018 വരെ ബിറ്റ്‌കോയിൻ ഇടപാട് നടത്തിയിരുന്നു. നവാസിന് സാമ്പത്തിക നേട്ടമുണ്ടായപ്പോൾ ഷൗക്കത്തിന് നഷ്ടം സംഭവിച്ചു. ഒന്നരക്കോടി രൂപ ഷൗക്കത്ത് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. നവാസ് വഴങ്ങാതായപ്പോൾ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചു. നവാസിൽ നിന്ന് വാങ്ങിയ മുദ്രപ്പത്രങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു.