കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ചാനൽവഴി 15 കോടിയുടെ സ്വർണം കടത്താൻശ്രമിച്ച കേസിൽ യു.എ.ഇ കോൺസലേറ്റിലെ മുൻ പി.ആർ.ഒ സരിത്തിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അറസ്റ്റുചെയ്തു.
കൂട്ടുപ്രതിയും യു.എ.ഇ കോൺസലേറ്റിലെ മുൻ എക്സിക്യൂട്ടീവ് സെക്രട്ടറിയുമായ സ്വപ്ന സുരേഷ് ഒളിവിലാണ്. സംസ്ഥാന സർക്കാരിന്റെ ഐ.ടി വിഭാഗത്തിലെ കരാർ ജീവനക്കാരിയായ ഇവരെ ഇന്നലെ പിരിച്ചുവിട്ടു. കെ. എസ്. ഐ. ടി. എല്ലിന് കീഴിൽ സ്പേസ് പാർക്കിന്റെ മാർക്കറ്റിംഗ് ലെയ്സൻ ഓഫീസർ ആയിരുന്നു സ്വപ്ന. ഇരുവരും ചേർന്നാണ് തട്ടിപ്പു നടത്തിയതെന്ന് കസ്റ്റംസ് അധികൃതർ വെളിപ്പെടുത്തി. എറണാകുളത്തെ അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കിയ സരിത്തിനെ റിമാൻഡ് ചെയ്തു. യു.എ.ഇ കോൺസലേറ്റിന്റെ ബന്ധം കണ്ടെത്താനായിട്ടില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. കസ്റ്റംസ് കമ്മിഷണർ ഇന്ന് മാദ്ധ്യമങ്ങളോട് കാര്യങ്ങൾ വിശദീകരിക്കും.
കസ്റ്റംസ് ആക്ടിലെ 135 സെക്ഷൻ ലംഘിച്ചുവെന്ന കുറ്റമാണ് സരിത്തിനെതിരെ പ്രാഥമികമായി ചുമത്തിയിരിക്കുന്നത്. മതിയായ രേഖകളും അനുമതിയുമില്ലാതെ വിദേശരാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതിയോ കയറ്റുമതിയോ ചെയ്യുന്നത് കസ്റ്റംസ് നിയമപ്രകാരം കുറ്റമാണ്. സാധനങ്ങളുടെമൂല്യം ഒരുകോടിയിൽ താഴെയാണെങ്കിൽ ജാമ്യംലഭിക്കും. ഇത് 15 കോടിയുടെ സ്വർണക്കടത്താണ്.
കുറ്റം സമ്മതിച്ചു
സരിത്ത് കുറ്റസമ്മതം നടത്തിയതായി കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥൻ 'കേരളകൗമുദി"യോട് വെളിപ്പെടുത്തി. ആസൂത്രകയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവരങ്ങൾ സരിത്തിൽനിന്ന് ലഭിച്ചിട്ടുണ്ട്. അവർ ഒളിവിൽ പോയതിനാൽ ചോദ്യം ചെയ്യാനായിട്ടില്ല. തെളിവുകൾ ശേഖരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. കസ്റ്റംസ്, സെൻട്രൽ എക്സൈസ്, റവന്യൂ ഇന്റലിജൻസ് എന്നിവർ എഫ്.ഐ.ആർ തയ്യാറാക്കുന്ന സാമ്പത്തികകുറ്റങ്ങൾ പരിഗണിക്കുന്ന സംസ്ഥാനത്തെ ഏകകോടതി എറണാകുളത്താണ്. അതിനാലാണ് പ്രതിയുമായി കസ്റ്റംസ് കൊച്ചിയിലെത്തിയത്.
ഉന്നതരുമായി ഉറ്റ ബന്ധം
ഒളിവിൽ പോയ കൂട്ടുപ്രതി സ്വപ്ന സുരേഷിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.ജോലി ചെയ്തിടങ്ങളിലെല്ലാം ഉന്നതരുമായി അടുത്ത ബന്ധം പുലർത്തിയ സ്വപ്നയുടെ ജീവിതം ആഢംബരവും ആഘോഷങ്ങളും നിറഞ്ഞതായിരുന്നു. പിതാവ് സുരേഷ് അബുദാബിയിലെ സുൽത്താൻ കുടുംബത്തിലെ പ്രമുഖന്റെ പേഴ്സണൽ സെക്രട്ടറിമാരിലൊരാളായിരുന്നു. മൂന്ന് സ്ഥാപനങ്ങളിൽ ജോലി ചെയ്തു. അവിടെയെല്ലാം കേസിൽ പെട്ട് പുറത്തുപോയി. അപ്പോഴെല്ലാം പ്രമുഖർ താങ്ങാനുണ്ടായിരുന്നു.
സ്വപ്ന സുരേഷ് ഐ.ടി വകുപ്പിലെ സുപ്രധാന തസ്തികയിൽ നിയമിതയായത് ഏത് സാഹചര്യത്തിലാണെന്ന് കൃത്യമായി അറിയില്ല. ഞാൻ അറിഞ്ഞുകൊണ്ടുള്ള നടപടിയല്ല.
- പിണറായി വിജയൻ, മുഖ്യമന്ത്രി