health

ഇന്ന് ലോകം ഒന്നാകെ പടർന്ന് പിടിച്ചിരിക്കുന്ന മഹാമാരിയുടെ പിടിയിലാണ് നാം ഏവരും. ഇതിനിടയിൽ നമ്മുടെ ചുറ്റപാടുകളുടെ പരിമിതിയിൽ നിന്ന് കൊണ്ട് ജോലി ചെയ്യുവാൻ നാം നിർബന്ധിതരാകുകയാണ്. ഭൂരിഭാഗം ഓഫീസുകളും ഇന്ന് പരിസ്ഥിതി സൗഹൃദമായ അന്തരീക്ഷം ഒരുക്കുന്നവയാണ്. അതിനാൽ നമുക്ക് വളരെ ആയാസം കൂടാതെ ജോലി ചെയ്യുവാൻ സാധിച്ചിരുന്നു.

എന്നാൽ ഇന്ന് ഈ പ്രത്യേക സാഹചര്യത്തിൽ നാം വീട്ടിലെ പരിമിതികളിൽ നിന്ന് കൊണ്ട് ജോലി ചെയ്യുമ്പോൾ നമ്മുടെ കഴുത്തിനും നടുവിനും ആയാസം കാരണം ഉണ്ടാകുന്ന വേദനകളെ അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആണ് ഇവിടെ സൂചിപ്പിരിക്കുന്നത്.

ഓഫീസ് ജീവനക്കാരിൽ പ്രത്യേകിച്ച് ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന 60-75 ശതമാനം പേരും കഴുത്തിനോ, നടുവിനോ വേദന കാരണം ബുദ്ധിമുട്ടുന്നവരായിരിക്കും. ഇതിൽ നല്ലൊരു ശതമാനം ആൾക്കാർക്കും ജോലിസ്ഥലത്തെ ഇരിപ്പിടവും ഉപകരണങ്ങളും എർഗണോമിക്കലി ഡിസൈൻഡ് അല്ലാത്തത് കാരണം ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. ഇവിടെയാണ് വർക്ക് ഫ്രം ഹോം പ്രധാന വില്ലനാകുന്നത്.

ഇത്തരം ഓഫീസ് ഉപകരണങ്ങളുടെ ക്രമീകരണങ്ങളിൽ ശ്രദ്ധിക്കാതെ വരുമ്പോൾ കഴുത്ത് വേദന, നടുവേദന, കാഴ്ച്ചശക്തിക്കുറവ്, തലവേദന തുടങ്ങിയവയിലേക്ക് നാം എത്തിച്ചേരുന്നു. ദീർഘനേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നവർ ഇനി പറയുന്നവ ശ്രദ്ധിക്കേണ്ടതാണ്.

1. ശരീരത്തിന്റെ പിൻഭാഗത്ത് സപ്പോർട്ട് തരുന്ന വിധത്തിലുള്ള കസേരകൾ ഉപയോഗിക്കുക.

2. കസേരയിൽ ഇരിക്കുന്ന വ്യക്തിയുടെ ഇരുകാൽ പാദങ്ങളും നിലത്ത് പതിഞ്ഞിരിക്കാൻ ശ്രദ്ധിക്കുക. അഥവാ നിലത്ത് തൊടുന്നില്ല എങ്കിൽ ഒരു തടികട്ടയോ ഫുട്ട് റെസ്‌ടോ ഉപയോഗിക്കുക.

3. ദീർഘനേരം കസേരയിൽ ഇരിക്കുമ്പോൾ നടുവിനോട് ചേർന്ന കുഷ്യനോ, കട്ടിയുള്ള തലയണയോ വെച്ച് നട്ടെല്ല് നിവർന്നിരിക്കാൻ ശ്രദ്ധിക്കുക.

4. ഒരു മണിക്കൂർ തുടരെ ഇരുന്ന് ജോലി ചെയ്യുന്ന വ്യക്തി ഇടയ്ക്കിടയ്ക്ക് കൈക്കുഴകൾ, കാൽപാദം, കഴുത്ത് തുടങ്ങിയ ശരീരഭാഗങ്ങൾ മുന്നോട്ടും പിറകിലേക്കും വൃത്താകൃതിയിലും ചലിപ്പിക്കുകയും അല്പനേരം എഴുന്നേറ്റ് നിന്നും നടന്നും ശരീരത്തിന് ആയാസം കുറയ്ക്കാവുന്നതാണ്.

5. ലാപ്‌ടോപ്പ് മടിയിൽവെച്ച് ജോലി ചെയ്യാതിരിക്കുക. കഴുത്ത് കുനിഞ്ഞിരുന്നുള്ള ജോലി ഒഴുവാക്കുക.

6. കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ കണ്ണുകളും മോണിറ്ററും തമ്മിലുള്ള ഉയരം ഒരുപോലെ ആക്കാൻ ശ്രദ്ധിക്കുക.

7. ഫോണ്ട് സൈസ് കൂട്ടി കണ്ണിനും കഴുത്തിനും ആയാസം ഒഴിവാക്കാവുന്നതാണ്.

8. ടൈപ്പ് ചെയ്യുമ്പോൾ കൈക്കുഴകൾ ന്യൂട്രൽ പൊസിഷനിവൽ ആയിരിക്കുവാൻ ശ്രദ്ധിക്കുക. അതിനായി എക്സ്‌ടേർണൽ കീ ബോർഡും, മൗസും ഉപയോഗിക്കുക.

9. അധികസമയം ഇരുന്നുള്ള ജോലി കാരണം ടെയ്ൽ ബോണിന് ഉണ്ടാകുന്ന സമ്മർദ്ദം ഒഴിവാക്കുവാൻ ഡോനട്ട് പില്ലോ ഉപയോഗിക്കുകയോ അല്ലെങ്കിൽ ചതുരാകൃതിയിലുള്ള ഹോം കുഷ്യനിൽ മധ്യഭാഗത്തായി വൃത്താകൃതിയിൽ ഒരു കുഴിയുണ്ടാക്കി അതിൽ ഇരിക്കാവുന്നതാണ്.


എം. അജയ്ലാൽ
ചീഫ് ഫിസിയോതെറാപ്പിസ്റ്റ്
എസ്.യു.ടി ഹോസ്പിറ്റൽ, പട്ടം