തിരുവനന്തപുരം: കവിയും ഗാനരചയിതാവും സി.പി.ഐ നേതാവുമായ പെരുമ്പുഴ ഗോപാലകൃഷ്ണൻ (85) അന്തരിച്ചു. ഇന്നലെ രാവിലെ ഇടപ്പഴഞ്ഞി സി.എസ്.എം നഗറിലെ വീടായ അമ്മുവിലായിരുന്നു അന്ത്യം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു.
പെരുമ്പുഴയിലാണ് ജനനം. കൊല്ലം എസ്.എൻ കോളേജിലെ പഠനകാലമാണ് രാഷ്ട്രീയത്തിലേക്ക് ആകർഷിച്ചത്. എം.എ പാസായശേഷം വിദ്യാഭ്യാസ വകുപ്പിൽ ജോലി നേടി. കമ്മ്യൂണിസ്റ്റുകാരനാണെന്ന കാരണത്താൽ പിരിച്ചുവിട്ടു. 1957 ൽ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ജോലിയിൽ തിരിച്ചെടുത്തു. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ റിസർച്ച് ഓഫീസറായി വിരമിച്ചു.
ജോയിന്റ് കൗൺസിലിൽ പ്രവർത്തിച്ച അദ്ദേഹം സർവീസ് സംഘടനയുടെ മാസികയായ കേരള സർവീസിന്റെ ആദ്യ പത്രാധിപരായിരുന്നു. നവയുഗം എഡിറ്റോറിയൽ ബോർഡ് അംഗമായും പ്രവർത്തിച്ചു.
ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗം, ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ്, എെപ്സോ സംസ്ഥാന ജനറൽ സെക്രട്ടറി,
ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി, കേരള ചിൽഡ്രൻസ് ഫിലിം സൊസൈറ്റി സെക്രട്ടറി, യുവകലാസാഹിതി പ്രസിഡന്റ്, ഇസ്‌ക്കഫ് അഖിലേന്ത്യാ സമാധാനസമിതി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ആറ് സിനിമകൾക്ക് ഗാനങ്ങൾ രചിച്ചു. ഉയരുന്ന മാറ്റൊലികൾ, ഞാവൽപ്പഴങ്ങൾ, മുത്തുകൾ, തുടി, വൃശ്ചികക്കാറ്റ് എന്നിവ കവിതാ സമാഹാരങ്ങൾ. റോസാപ്പൂക്കളുടെ നാട്ടിൽ, പ്രതിരൂപങ്ങളുടെ സംഗീതം, സംഗീതത്തിന്റെ രാജശില്പി, ഉറങ്ങാത്ത തംബുരു എന്നിവയാണ് മറ്റ് കൃതികൾ. ഭാര്യ: പരേതയായ സി.കെ.ലില്ലി. മക്കൾ:ബിജു, സാേജു. മരുമക്കൾ: യാസ്‌മിൻ, മേരിജോൺ.