തിരുവനന്തപുരം: വിദേശത്ത് നിന്ന് കേരളത്തിലേക്ക് കടത്തുന്ന സ്വർണം കാര്യമായ തടസങ്ങളൊന്നും ഇല്ലാതെയാണ് ഹാൾ മാർക്കിംഗ് കേന്ദ്രങ്ങളിലും സ്വർണക്കടകളിലും എത്തുന്നത്. ജി.എസ്.ടി വകുപ്പ് പിടിക്കുന്ന മിക്ക കേസുകളും പിഴയടച്ച് രക്ഷപ്പെടും. അവർക്ക് പിഴത്തുക മാത്രം മതി. അന്വേഷണം ഭീമൻ തുകയുടെ കേസുകളിൽ മാത്രം.
നേരത്തെ 'വാറ്ര്' നികുതിയും ഇരട്ടി പിഴയും ആയിരുന്നു. ഇപ്പോൾ രണ്ടു ശതമാനം ജി. എസ്.ടിയും അത്രയും പിഴയും. കൊണ്ടുവരുന്ന ആളുടെ തിരിച്ചറിയൽ രേഖകൾ വാങ്ങി വിട്ടയയ്‌ക്കും. കോടികളുടെ സ്വർണം കടത്തുന്നവർക്ക് ഈ പിഴ നിസാരമാണ്. സ്വർണം ആഭരണങ്ങളാക്കുമ്പോൾ അതിന്റെ നികുതിയും സർക്കാരിന് നഷ്ടപ്പെടുന്നു.
കള്ളക്കടത്തു സ്വർണം കടയിൽ എത്തിക്കുന്നതുവരെയുള്ള ഏർപ്പാടുകൾക്ക് കടക്കാരൻ ഉത്തരവാദിത്വം ഏറ്രെടുക്കില്ല. വഴിയിൽ നിന്നാണ് കാരിയറിനെ പിടിക്കുന്നത്. സ്വർണം എവിടെ നിന്ന്, ആർക്കുവേണ്ടി തുടങ്ങിയ അന്വേഷണങ്ങളൊന്നും കാര്യമായി ഉണ്ടാവാറില്ല. മറ്റാരെങ്കിലും തന്നുവിട്ടു എന്നായിരിക്കും കൊണ്ടുവന്ന ആൾ പറയുക. അത് വിശ്വസിച്ച് പിഴയും വാങ്ങി പത്രത്തിൽ വാർത്തയും കൊടുത്ത് നികുതി വകുപ്പുകാർ സ്ഥലം വിടും. ഒരേ ആളെ തന്നെ പലതവണ പിടിച്ചാൽ കൂടുതൽ അന്വേഷിക്കുമെന്ന് സംസ്ഥാന ജി.എസ്.ടി ഹെഡ് ക്വാർട്ടേഴ്സിലെ ഇന്റലിജൻസ് ജോയിന്റ് കമ്മിഷണർ സുരേഷ് ബാബു പറഞ്ഞു.
കസ്റ്റംസ്, സംസ്ഥാന ജി.എസ്.ടി, ആദായ നികുതി ഉദ്യോഗസ്ഥർ രണ്ടുമാസം കൂടുമ്പോൾ ഒരുമിക്കുന്ന റീജിയണൽ ഇക്കണോമിക് ഇന്റലിജൻസ് കമ്മിറ്രിയിൽ ഇത്തരം വിവരങ്ങൾ പരസ്പരം കൈമാറും. സ്വർണം ചെറിയ ചെറിയ ഭാഗങ്ങളായി പിടിക്കുന്നതിനാൽ അക്കാര്യം കമ്മിറ്രിയിൽ എത്താറില്ല.
കേരളത്തിലെ ജുവല്ലറികളിലേക്ക് മുംബയിൽ നിന്നാണ് സ്വർണം എത്തുന്നത്.തൃശൂരിൽ നിന്നും വരാറുണ്ട്. കടകളിൽ 70 ശതമാനം സ്വർണം ഇടപാടുകൾക്കും കണക്കുകളില്ല. എന്നാൽ സ്റ്രോക്ക് കണക്ക് കിറുകൃത്യമായിരിക്കും. ഇറക്കുമതി സ്വർണത്തിന്റ കസ്റ്രംസ് ഡ്യൂട്ടിയും ഐ.ജി.എസ്.ടിയും ഇന്ത്യയിൽ നിന്നു വാങ്ങുന്നതിന്റെ ജി.എസ്.ടിയും കൂട്ടിയാൽ നിയമവിധേയമായ മൊത്തം സ്വർണത്തിന്റെ കണക്കുകിട്ടും. എന്നാൽ അതിനേക്കാളെറെ സ്വർണത്തിന്റെ കച്ചവടമാണ് യഥാർത്ഥത്തിൽ നടക്കുന്നത്.
ആത്മാർത്ഥത പൊല്ലാപ്പാവും
അനധികൃത സ്വർണം പിടിക്കാൻ ആത്മാർത്ഥത കാട്ടുന്ന ഉദ്യോഗസ്ഥർ പൊല്ലാപ്പിലാവും. രാഷ്ട്രീയക്കാരും ഉന്നതരും ഇടപെടും. 2017ൽ ജി.എസ്. ടി നടപ്പാക്കിയ ആദ്യ ആറുമാസം തിരുവനന്തപുരത്തെ കടകളിൽ നിന്ന് 18 കിലോ സ്വർണമാണ് പിടിച്ചത്. കണിയാപുരത്തെ ഒരു ചെറിയ കടയിൽ നിന്ന് കോടികളുടെ സ്വർണം പിടിച്ചപ്പോൾ മന്ത്രിമാരുൾപ്പെടെ ഇടപെട്ടു.
സ്വർണമേഖലയിലെ കള്ളപ്പണം നിയന്ത്രിക്കാൻ 2018ൽ രാജൻ ഖോബ്രഗഡെ ജി.എസ്.ടി കമ്മിഷണറായിരിക്കേ ശ്രമിച്ചിരുന്നു. സ്വർണക്കടകളിലെ ഒരു ലക്ഷത്തിലധികം രൂപയുടെ ഇടപാടുകൾ ചെക്കോ മറ്രോ വഴിയാവണമെന്നും കാഷ് പാടില്ലെന്നുമുള്ള അദ്ദേഹത്തിന്റെ നിർദ്ദേശം ഉടൻ പിൻവലിക്കേണ്ടി വന്നു.