ആറ്റിങ്ങൽ: നഗരസഭ അതിർത്തിയിലെ പ്രധാന പാതയായ പൂവൻപാറ-വഴിയമ്പലം റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് മാസങ്ങൾ പിന്നിട്ടു. ടാറിഗും മെറ്റലും ഇളകി റോഡിലൂടെ കാൽനട യാത്രപോലും ദുസഹമായ അവസ്ഥയാണ്. വിഷയത്തിൽ നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നാണ് യാത്രക്കാർ പറയുന്നത്.
ആയിരത്തോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണിത്. നിരവധി സ്‌കൂൾ ബസുകൾ പ്രവൃത്തി ദിവസങ്ങളിൽ ഇതുവഴി കടന്നുപോകുന്നുണ്ട്. നേരത്തെ കെ.എസ്.ആർ.ടി.സി സർവീസും റോഡിലൂടെ ഉണ്ടായിരുന്നു. പിന്നീട് അത് റദ്ദ് ചെയ്യുകയായിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പൊതുവായുള്ള ആവശ്യം.
ആശ്രയം സ്വകാര്യ വാഹനങ്ങൾ
നാട്ടുകാർ പ്രധാനമായും യാത്രക്കായി ആശ്രയിക്കുന്നത് ആട്ടോറിക്ഷകളെയാണ്. റോഡ് തകർന്നതോടെ ആട്ടോറിക്ഷയിലുള്ള യാത്രയും ബുദ്ധിമുട്ടിലാണ്. രോഗികളും ഗർഭിണികളുമാണ് ഏറെ പ്രയാസപ്പെടുന്നത്. മഴപെയ്താൽ റോഡിൽ പലയിടത്തും വലിയ വെള്ളക്കെട്ടുണ്ടാകും. കുഴികളിൽ വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റുന്നതും പതിവാണ്.
റോഡിന്റെ ഇരുവശങ്ങളിലും കാടുപിടിച്ചതിനാൽ ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമാണ്. ആളുകൾ വളരെ ഭയന്നാണ് ഇതുവഴി പോകുന്നത്. നഗരസഭയുടെ വികസനം ഇതുവരെയും എത്താത്ത മേഖലയാണ് പൂവൻപാറ വഴിയമ്പലം പ്രദേശം. ഈ റോഡ് പുനഃരുദ്ധരിച്ചു സഞ്ചാരയോഗ്യമാക്കുന്നതിൽ വാർഡ് കൗൺസിലറും നഗരസഭയും ശ്രദ്ധിക്കണം.
വിജയകുമാർ, പ്രദേശവാസി