നെയ്യാറ്റിൻകര: കൊവിഡും ലോക്ക് ഡൗണും മലയാളികളിൽ ഉണ്ടാക്കിയ മാറ്റത്തിനനുസരിച്ച് ജീവിത സാഹചര്യങ്ങൾ ക്രമീകരിക്കാൻ തയ്യാറെടുക്കുകയാണ് ഗ്രാമവാസികൾ. പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതി മുന്നിൽക്കണ്ട് ആഹാരത്തിന് ആവശ്യമായവയെല്ലാം വീട്ടുവളപ്പിൽ തന്നെ കൃഷി ചെയ്യേണ്ടിവരും. പഴവും പച്ചക്കറിയും മുട്ടയും മത്സ്യവുമൊക്കെ ഇത്തരത്തിൽ അടുക്കളവളപ്പിൽ തന്നെ കൃഷി ചെയ്യാനുള്ള പരിശീലനത്തിലാണ് ഏറെപ്പേരും. ലോക്ക് ഡൗണായതോടെ ഇവയുടെ വരവു കുറഞ്ഞതും ഇത്തരം കൃഷിയിലേക്ക് പോകാൻ ആളുകളെ പ്രേരിപ്പിച്ചു. ലോക്ക് ഡൗൺ കാലത്ത് ഏറെ പ്രചാരം നേടിയ മത്സ്യക്കൃഷിക്ക് സുഭിക്ഷകേരളം പദ്ധതിയിലും പ്രാധാന്യം നൽകിയിട്ടുണ്ട്. സാധാരണ വീട്ടാവശ്യങ്ങൾക്കായി മത്സ്യം വളർത്തുന്നതിന് ചെറുകുളങ്ങൾ സജ്ജീകരിക്കുന്നതാണ് നല്ലത്. അഞ്ചടി വീതിയും പത്തടി നീളവുമുള്ള കുളമാണെങ്കിൽ മൂന്നര അടി വെള്ളം ലഭിക്കത്തക്കവിധം താഴ്ച മതി. എത്ര വലിയ കുളമാണെങ്കിലും താഴ്ച അഞ്ചടിയിൽ കൂടുതലാകാനും പാടില്ല. മത്സ്യങ്ങൾക്ക് ആഴം ആവശ്യമില്ല. ആഴം കൂടുന്തോറും വെള്ളത്തിലെ മർദ്ദം ഉയരും. ഒപ്പം താപനില താഴും. ഇതു രണ്ടും മത്സ്യങ്ങളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. കുഴി ഭംഗിയായി നിർമ്മിച്ച ശേഷം നല്ല ടാർപ്പോളിൻ വിരിച്ചാൽ വെള്ളം ചോരാതെ നിലനിൽക്കും. മികച്ച വിതരണകേന്ദ്രങ്ങളിൽനിന്നു മാത്രം കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുക. തിലാപ്പിയകൃഷി ഇന്നു വളരെ വ്യാപകമാണ്. മികച്ച തീറ്റ പരിവർത്തനശേഷിയും വളർച്ചാനിരക്കുമാണ് ഇവയുടെ പ്രത്യേകത. കേരളത്തിൽ നാലു മാസംകൊണ്ട് ശരാശരി 500 ഗ്രാം വരെ തൂക്കം വയ്ക്കാൻ ഈ ഇനം തിലാപ്പിയകൾക്ക് സാധിക്കും. ശ്രദ്ധയോടെ പരിചരിച്ചാൽ മത്സ്യക്കൃഷിയിലൂടെ ആദായമുണ്ടാക്കാൻ സാധിക്കും.
വെള്ളത്തിനും വേണം ശ്രദ്ധ
മത്സ്യം വളർത്തുന്ന ജലത്തിന്റെ പി.എച്ച് കൃത്യമായിരിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. വെള്ളം തീരെ മോശമെന്നു ശ്രദ്ധയിൽപ്പെട്ടാലോ ഓക്‌സിജന്റെ അളവ് കുറവാണെങ്കിലോ മൂന്നിൽ രണ്ടു ഭാഗം മാറ്റി നിറയ്ക്കാം. വെള്ളം നിറയ്ക്കുമ്പോൾ ശക്തിയിൽ കുത്തിച്ചാടാതിരിക്കാൻ ശ്രദ്ധിക്കണം. കിണർ വെള്ളമാണ് ഏറെ ഉത്തമം. മത്സ്യങ്ങൾക്ക് നേരിട്ട് സൂര്യപ്രകാശത്തിന്റെ ആവശ്യമില്ലെങ്കിലും ജലാശയത്തിൽ സൂര്യപ്രകാശം പതിക്കുന്നത് വളർച്ചയ്ക്ക് നല്ലതാണ്. മത്സ്യങ്ങൾക്ക് വളരാൻ പ്ലവങ്ങൾ നിറഞ്ഞ പച്ച നിറത്തിലുള്ള വെള്ളമാണ് വേണ്ടത്. പുതിയ വെള്ളം നിറച്ച് അല്പം പച്ചച്ചാണകം കലക്കിയൊഴിച്ചാൽ പ്ലവങ്ങളുടെ വളർച്ച കൂട്ടാം.