തിരുവനന്തപുരം വിമാനത്താവളം വഴി ഏറ്റവും ഒടുവിൽ നടന്ന സ്വർണക്കള്ളക്കടത്ത് ഏറെ ശ്രദ്ധേയമായത് അതിനു പിന്നിലുള്ള അത്യുന്നത ബന്ധങ്ങളുടെ പേരിലാണ്. നയതന്ത്ര ചാനലിലെ സൗകര്യം ഉപയോഗപ്പെടുത്തിയതു മാത്രമല്ല വിഷയം. ഭരണസിരാകേന്ദ്രത്തിൽ വരെ നീണ്ടു ചെല്ലുന്നതാണ് അതിന്റെ കണ്ണികൾ. ഒരേസമയം അമ്പരപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്യുന്ന ഈ യാഥാർത്ഥ്യത്തിനു മുന്നിൽ സർക്കാർ തന്നെ പകച്ചുപോയതിൽ അത്ഭുതമില്ല. കോടാനുകോടി രൂപയുടെ സ്വർണമാണ് ഓരോ വർഷവും വിമാനത്താവളങ്ങൾ വഴി മാത്രം അധികൃതരുടെ കണ്ണുവെട്ടിച്ച് ഇവിടെ എത്തുന്നത്. കള്ളക്കടത്തിനു പിന്നിൽ പ്രവർത്തിക്കുന്ന സംഘങ്ങളെക്കുറിച്ചും കള്ളക്കടത്തു സ്വർണം ചെന്നുചേരുന്ന ഇടങ്ങളെക്കുറിച്ചുമൊക്കെ അറിയാത്തവരല്ല ഔദ്യോഗിക സംവിധാനങ്ങൾ.
തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ വിഭാഗം വഴി എത്തിയ പതിനഞ്ചു കോടി രൂപ വിലമതിക്കുന്ന മുപ്പതു കിലോ സ്വർണം യു.എ.ഇയുടെ ഇവിടത്തെ കോൺസുലാർ കേന്ദ്രത്തിന്റെ പേരിലായിരുന്നു. ഇതിനു മുമ്പും എട്ടോ പത്തോ തവണ ഇതുപോലുള്ള ഉരുപ്പടികൾ കോൺസുലേറ്റ് വിലാസത്തിൽ എത്തിയതായാണ് പുറത്തുവന്നിട്ടുള്ള വിവരം. ഒടുവിൽ എത്തിയ പാക്കറ്റ് ഏറ്റെടുക്കാൻ എത്തിയവർ സമർപ്പിച്ച രേഖകളിൽ കസ്റ്റംസ് അധികൃതർ കണ്ടെത്തിയ പിഴവാണ് കള്ളക്കടത്തു വെളിപ്പെടാനും സാധനം ഏറ്റുവാങ്ങാനെത്തിയവർ കുടുങ്ങാനും നിമിത്തമായത്. കോൺസുലേറ്റിൽ മുമ്പ് പി.ആർ.ഒ ആയിരുന്ന സരിത്ത് എന്ന യുവാവിനെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂട്ടുപ്രതിയെന്നു കസ്റ്റംസ് കരുതുന്ന സ്വപ്ന സുരേഷ് എന്ന വനിത ഇപ്പോൾ ഒളിവിലാണത്രെ. ഇവർക്ക് സർക്കാരിന്റെ ഉന്നത തലങ്ങളിലുള്ള പിടിപാടും രഹസ്യബന്ധങ്ങളുമാണ് ഈ സ്വർണക്കടത്തു കേസിന് മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത വാർത്താപ്രാധാന്യം നൽകുന്നത്.
മുഖ്യമന്ത്രിക്കു കീഴിലുള്ള ഐ.ടി വകുപ്പിലെ ഓപ്പറേഷൻ മാനേജർ തസ്തികയിൽ ഉദ്യോഗം നോക്കിയിരുന്ന സ്വപ്ന സുരേഷ് ഉന്നതതലത്തിലുള്ള സ്വാധീനം ഉപയോഗിച്ചാണ് ഇതുപോലുള്ള അനധികൃത ഇടപാടുകൾ നടത്തിവന്നതെന്നാണ് പുറത്തു വന്നുകൊണ്ടിരിക്കുന്ന വിവരം. ഐ.ടി വകുപ്പിലെത്തുന്നതിനു മുൻപ് വിമാനത്താവളത്തിലും അതിനുശേഷം യു.എ.ഇ കോൺസുലേറ്റിലും ഇവർ ഉദ്യോഗം വഹിച്ചിരുന്നു. സെക്രട്ടേറിയറ്റിൽ ഐ.ടി സെക്രട്ടറിയുമായുള്ള ഇവരുടെ അടുപ്പത്തെക്കുറിച്ചുള്ള കഥകളും സ്വർണക്കടത്തു സംഭവത്തിനു മേമ്പൊടിയായി ഒപ്പമുണ്ട്. സർക്കാരിലെ മറ്റു ചില ഉന്നതരുമായും കള്ളക്കടത്തു സംഘത്തിനു അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ചിട്ടുള്ള സൂചനകൾ. അങ്ങേയറ്റം ഗുരുതരമായ ആരോപണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
അറസ്റ്റിലായ സരിത്തിനും ഒളിവിൽ പോയ സ്വപ്ന സുരേഷിനും തങ്ങളുടെ കള്ളക്കടത്തു ഇടപാടുകൾക്കു ഒത്താശ നൽകിക്കൊണ്ടിരുന്നത് സർക്കാരിലെ ഉന്നതരാണെന്ന ആരോപണത്തിൽ തെല്ലെങ്കിലും കഴമ്പുണ്ടെങ്കിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ ഒട്ടും സമയം കളയാതെ സത്യം കണ്ടെത്താൻ ഇറങ്ങിയേ മതിയാവൂ. സ്വർണക്കടത്തു സംഘവുമായി ബന്ധമുള്ള ഉന്നതരെക്കുറിച്ച് അറസ്റ്റിലായ സരിത്ത് വെളിപ്പെടുത്തിയതായി വാർത്ത വന്നിട്ടുണ്ട്. ഇത്തരക്കാർ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തുന്ന കാര്യങ്ങൾ നെല്ലും പതിരും നിറഞ്ഞതാകുമെന്നറിയാം. അതിലെ സത്യവും വസ്തുതകളും തിരഞ്ഞു കണ്ടെത്തി ഈ ശൃംഖലയിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും വെളിച്ചത്തു കൊണ്ടുവരാൻ കഴിയണം. പ്രത്യേകിച്ചും കള്ളക്കടത്തുകാർക്കു സംരക്ഷണവും ഒത്താശയും നൽകിയ ഉദ്യോഗസ്ഥ മാന്യന്മാരുടെ പൊയ്മുഖങ്ങൾ അഴിഞ്ഞുവീഴുന്നതു കാണാൻ ജനങ്ങൾക്കുമുണ്ട് എന്തെന്നില്ലാത്ത കൗതുകം.
ഭാരിച്ച ശമ്പളവും മറ്റ് നാനാവിധ സുഖസൗകര്യങ്ങളും പറ്റുന്ന സർക്കാരിലെ ഉന്നതന്മാർ ഇതുപോലുള്ള കള്ളക്കടത്തുകാരുടെ പിണിയാളുകളായി മാറുന്നതു രാജ്യസുരക്ഷയ്ക്കുതന്നെ ഭീഷണിയാണെന്ന കാര്യം വിസ്മരിച്ചുകൂടാ. അതുകൊണ്ട് ഈ സ്വർണക്കടത്തിലുൾപ്പെട്ടവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനൊപ്പം തന്നെ ഇവർക്കുവേണ്ടി വിടുപണി ചെയ്ത ഭരണവർഗ മേലാളന്മാരെ കണ്ടെത്തി അർഹമായ ശിക്ഷ നൽകാൻ സർക്കാരും നടപടി കൈക്കൊള്ളേണ്ടത് ആവശ്യമാണ്.
സ്വർണം കടത്താൻ യു.എ.ഇ കോൺസുലേറ്റിനെ മറയാക്കിയത് വലിയ കുറ്റകൃത്യം തന്നെയാണ്. പിടിക്കപ്പെടുകയില്ലെന്ന അതിരുകവിഞ്ഞ വിശ്വാസമാണ് ഈ വളയമില്ലാ ചാട്ടത്തിന് ഗൂഢസംഘത്തെ പ്രേരിപ്പിച്ചിരിക്കുക. എന്നാൽ പലനാൾ കട്ടാൽ ഒരുനാൾ പിടിക്കപ്പെടുമെന്ന പഴമൊഴി അന്വർത്ഥമാകുകയാണ് ഇവിടെ. കള്ളക്കടത്തു പോലുള്ള രാജ്യദ്റോഹ ഇടപാടുകൾക്കു പിന്നിൽ എപ്പോഴും ഉന്നത ബന്ധങ്ങൾ സഹായകമാകാറുണ്ട്. ഈ സംഭവത്തിൽ പ്രത്യക്ഷത്തിൽ ഉൾപ്പെട്ട രണ്ടുപേരും കോൺസുലേറ്റിലെ മുൻ ജീവനക്കാരാണെന്നുള്ളത് ശ്രദ്ധേയമാണ്. അവരിൽ വനിതയുടെ നിറസാന്നിദ്ധ്യവും അവർക്ക് ഉന്നതങ്ങളിലുള്ള പിടിപാടും കാര്യങ്ങൾ എളുപ്പമാക്കാൻ ഏറെ സഹായിച്ചിരിക്കണം.
സ്വർണം കടത്തിന്റെ അഖിലേന്ത്യാ തലസ്ഥാനമെന്നാണ് കേരളം അറിയപ്പെടുന്നത്. ഈ കൊവിഡ് കാലത്തുപോലും ഗൾഫിൽ നിന്ന് സ്ഥിരമായി ഇവിടെ സ്വർണം വന്നിറങ്ങുന്നുണ്ട്. ചാർട്ടേഡ് വിമാനം വഴി പോലും കള്ളക്കടത്തു സ്വർണം എത്തുന്നുണ്ട്. കഴിഞ്ഞ ദിവസവും കോഴിക്കോട് വിമാനത്താവളത്തിൽ കള്ളക്കടത്തു സ്വർണം പിടികൂടിയിരുന്നു. യു.എ.ഇ കോൺസുലേറ്റിന്റെ മറവിൽ നടന്ന സ്വർണ കടത്ത് വലിയ കുറ്റകൃത്യമെന്നതു കൂടാതെ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പ്രതിച്ഛായയെക്കൂടി കളങ്കപ്പെടുത്തിയ സംഭവമായി വേണം കാണാൻ. നാലുലക്ഷത്തോളം മലയാളികൾക്കു ജീവിതഭദ്രത ഒരുക്കുന്ന, സംസ്ഥാന സർക്കാരുമായി ഊഷ്മള ബന്ധം കാത്തുസൂക്ഷിക്കുന്ന ഗൾഫ് രാജ്യമാണ് യു.എ.ഇ.
തിരുവനന്തപുരത്ത് അവർ കോൺസുലേറ്റ് ഓഫീസ് തുറന്നതുതന്നെ മലയാളികളുടെ സൗകര്യത്തിനു വേണ്ടിയാണ്. എന്തിനും പോന്ന ചില കുബുദ്ധികൾ കോൺസുലേറ്റിന്റെ പേരുപയോഗിച്ച് സ്വർണക്കടത്തിൽ ഏർപ്പെട്ടുവെന്ന വാർത്ത മലയാളികൾക്കാകമാനം നാണക്കേടുണ്ടാക്കുന്നതാണ്.
സ്വർണക്കടത്ത് അഭംഗുരം തുടരുന്നതിന്റെ കാരണം കൂടി അറിയേണ്ടതുണ്ട്. അന്താരാഷ്ട്ര വിപണിയിലും ഇവിടെയുമുള്ള വിലയിലെ അന്തരമാണ് സ്വർണക്കടത്തിനു പിന്നിലെ മുഖ്യ പ്രേരകശക്തി. സ്വർണത്തിന് കേന്ദ്രം ചുമത്തുന്ന വർദ്ധിച്ച തീരുവ കള്ളക്കടത്തുകാർക്കുള്ള പ്രോത്സാഹനം കൂടിയാണ്. സ്വർണ ഇറക്കുമതിക്ക് പതിനഞ്ചു ശതമാനത്തോളമാണ് തീരുവ നൽകേണ്ടിവരുന്നത്. മുൻപ് തീരുവ അഞ്ചുശതമാനമായി കുറച്ചപ്പോൾ കള്ളക്കടത്ത് ഏതാണ്ട് നിലച്ചതായിരുന്നു. ഒരർത്ഥത്തിൽ സർക്കാരിന്റെ കാലോചിതമല്ലാത്ത നികുതി നയമാണ് കള്ളക്കടത്തു സംഘങ്ങൾക്ക് തഴച്ചുവളരാനുള്ള അന്തരീക്ഷമൊരുക്കുന്നത്.