തിരുവനന്തപുരം:സാമൂഹ്യ മാദ്ധ്യമങ്ങളിലെ കുഞ്ഞുതാരമായ ചന്ദനയുടെ രോഗനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ശ്രീചിത്രയിലെ ഡോക്ടർമാർ അറിയിച്ചു.

കുട്ടിയ്ക്ക് ജന്നി വരുന്നത് നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ട്. വെന്റിലേറ്ററിലാണെങ്കിലും എസ്.എ.ടിയിൽ നിന്നെത്തിച്ചതിനേക്കാൾ നിലമെച്ചപ്പെട്ടിട്ടുണ്ടെന്ന് ചന്ദനയെ ചികിത്സിക്കുന്ന ഡോ.. റാം ശേഖർ മേനോൻ പറഞ്ഞു. കുട്ടിയുടെ രക്ത സംക്രമണം സാധാരണയേക്കാൾ വേഗത്തിലാണ് ഇത് നിയന്ത്രിക്കാനാവുമെന്നാണ് പ്രതീക്ഷ..

ആലപ്പുഴ നൂറനാട് സ്വദേശിനിയായ കുട്ടിയെ തലച്ചോറിലെ കോശങ്ങൾ നശിച്ചുപോകുന്ന രോഗത്തെ തുടർന്ന് രണ്ടാഴ്ച മുൻപാണ് എസ്.എ.ടിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ചയോളം ഇവിടെ ചികിത്സ തുടർന്നു. നാലു ദിവസം മുമ്പാണ് ശ്രീചിത്രയിലേക്ക് മാറ്റിയത്. ഇവിടെയും സൗജന്യ ചികിത്സയാണ് . മകളുടെ രോഗാവസ്ഥയിൽ മനംനൊന്ത് പിതാവ് ബി. ചന്ദ്രബാബു ഈ മാസം ഒന്നിന് എസ്.എ.ടി ആശുപത്രി വളപ്പിൽ ജീവനൊടുക്കിയിരുന്നു. കുട്ടിയെ ശ്രീചിത്രയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നേരത്ത് ചന്ദ്രബാബു അധികൃതരെ സമീപിച്ചിരുന്നെങ്കിലും കുട്ടിയുടെ നില ഗുരുതരമായതിനാൽ ഇത് സാധിച്ചിരുന്നില്ല.