മുടപുരം: നെൽപ്പാടത്തേക്ക് കാർഷിക യന്ത്രങ്ങളെത്തിക്കാൻ ഉപകാരപ്പെടുന്ന മുടപുരം ഏലാറോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഏലായോട് ചേർന്ന് കിടക്കുന്ന മുക്കോണി തോടിന്റെ വശത്ത് കൂടി നെൽപ്പാടത്തിനരികിലൂടെ കടന്ന് പോകുന്ന ഈ പാത വർഷങ്ങളായി പുല്ല് പിടിച്ചും ചെറുമരങ്ങൾ വളർന്നും പൊട്ടി പൊളിഞ്ഞും കിടക്കുകയാണ്. കാൽനടയായോ ഇരുചക്ര വാഹനത്തിലോ ഇതു വഴി സഞ്ചരിക്കാനാകാത്ത അവസ്ഥയാണ് ഇപ്പോൾ. കൃഷിക്കായി ട്രാക്ടർ, ട്രില്ലർ, കൊയ്ത്ത് യന്ത്രം തുടങ്ങിയവ കൊണ്ട് വന്ന് നെൽപ്പാടത്ത് ഇറക്കേണ്ടതുണ്ട്. വിത്തും വളവും കീടനാശിനിയും മറ്റും കൊണ്ടുവരുന്നതിനും കൊയ്തെടുത്ത നെല്ല് തിരികെ കൊണ്ടുപോകുന്നതിനും വലിയ വാഹനങ്ങൾ ഇവിടെ വരേണ്ടതും ആവശ്യമാണ്. മുക്കോണി തോടിന്റെ മറുവശത്ത് ടാർ ചെയ്ത റോഡ് ഉണ്ടെങ്കിലും യന്ത്രങ്ങൾ ഇക്കരെ വയലിലെത്തിക്കാൻ കർഷകർക്ക് വലിയ പ്രയാസമാണ്. റോഡ് നിർമ്മിക്കുന്നതിനായി 1964 ൽ സർക്കാർ പൊന്നുംവില നൽകി ഭൂമി ഏറ്റെടുത്ത് മണ്ണടിച്ച് വീതി കൂട്ടിയെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടായില്ല. മുടപുരം - മുട്ടപ്പലം റോഡിലെ മുടപുരം കലുങ്കിൽ നിന്ന് ആരംഭിക്കുന്ന ആ പാതയുടെ ആദ്യഭാഗത്ത് കഷ്ടിച്ച് നടക്കാൻ കഴിയുമെങ്കിലും പിന്നീടുള്ള ഭാഗം തകർന്ന് കാട് പിടിച്ച് കിടക്കുകയാണ്. മുടപുരം കലുങ്ക് മുതൽ തെങ്ങുംവിള ക്ഷേത്രം - കാവിന്റെമൂല റോഡിലെ ക്ഷേത്രത്തിനടുത്തുള്ള പാലം വരെയുള്ള ഭാഗമാണ് ഗതാഗതയോഗ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നത്. ഇപ്പോൾ കൃഷി വ്യാപകമായതോടെ സർക്കാരോ പ്രാദേശിക ഭരണകൂടമോ ഇത് ചെയ്യണമെന്നാണ് ആവശ്യം.
-------------------------------------------------------------------------------------------------------------------------------------------------
നെൽകൃഷി പൂർണതോതിൽ
സുഭിക്ഷ കേരളം പദ്ധതിപ്രകാരം മുടപുരം പാടശേഖരസമിതിയുടെ മേൽനോട്ടത്തിൽ ഈ നെൽപ്പാടം തരിശിടാതെ 11 ഹെക്ടറിൽ പൂർണമായി കൃഷി ചെയ്തിരിക്കുകയാണ് കർഷകർ. ഇതിൽ മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രം പബ്ലിക് ട്രസ്റ്റ് സ്വന്തം ഏലായിലും കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയും മുട്ടപ്പലം യൂണിറ്റ് കമ്മിറ്റിയും നിരവധി കർഷകരും പാട്ടത്തിനെടുത്തും കൃഷി ചെയ്തിട്ടുണ്ട്.
പ്രധാന ആവശ്യങ്ങൾ
പുൽക്കാട് വൃത്തിയാക്കണം
റോഡ് പുനരുദ്ധരിച്ച് ടാർ ചെയ്യണം
യന്ത്രങ്ങളിറക്കാൻ റാമ്പ് നിർമ്മിക്കണം
സൈഡ് വാൾ കെട്ടണം
ഏലാറോഡ് - 1 കി.മീ
നെൽകൃഷി 11 ഹെക്ടറിൽ
നെൽകൃഷി സുഗമമായും ലാഭകരമായും നടത്തുന്നതിന് യന്ത്രങ്ങളുടെ സഹായം അനിവാര്യമാണ്. അവ എത്തിക്കുന്നതിനായി മുടപുരം ഏലാറോഡ് പുതുക്കി പണിത് റാമ്പുകൾ നിർമ്മിക്കണമെന്ന് ജനപ്രതിനിധികളോട് അഭ്യർത്ഥിക്കുകയാണ്.
- പി.കെ. ഉദയഭാനു, പ്രസിഡന്റ്,
മുടപുരം പാടശേഖര സമിതി